ഒരു രക്ഷകര്‍ത്താവിന്റെ സങ്കടഹര്‍ജി Grievance Letter to Education Minister

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി
ശ്രീ അബ്ദുറബ്ബ് അവര്‍കള്‍ക്ക്

സര്‍,
2013 മാര്‍ച്ച് 11 മുതല്‍എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുകയാണ്. മുന്‍ കാലങ്ങളിലെ ആവര്‍ത്തനം എന്ന രീതിയില്‍ പരീക്ഷാ നിര്‍ദ്ദേശങ്ങളും ടൈംടേബിളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി – കുട്ടികള്‍ക്കുള്ള പരീക്ഷാ സമയത്തിലെ മാറ്റം [ഉച്ചക്ക് 1.30 മുതല്‍ 3.30/4.30 വരെ എന്നത് രാവിലെ 9.30 മുതല്‍….. ] ഈ നിവേദനത്തിലൂടെ ഒരിക്കല്‍ക്കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഇത്തരമൊരു തീരുമാനമെടുത്തത് അങ്ങ് വിദ്യാഭ്യാസമന്ത്രിയാകുന്നതിനും വളരെ മുമ്പേ മുതലാണെന്നുമറിയാം. എങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഏറെ ഉയര്‍ച്ചയുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളെന്ന നിലയിലാണ് അങ്ങേയ്ക്ക് മുന്നിലേക്ക് ഏറെ പ്രതീക്ഷകളോടെ ഈ ആവശ്യം വീണ്ടും മുന്നോട്ട് വെക്കുന്നത്. കുട്ടിക്ക് ഗുണപരമാകുന്ന തീരുമാനമെടുക്കാന്‍ ഇനിയും വൈകിയിട്ടില്ല എന്ന വിശ്വാസത്തോടെ.

സര്‍,
1.
കേരളത്തില്‍ മാത്രമല്ല, സമീപസംസ്ഥാനങ്ങളിലും 2013 ലെ എസ്.എസ്.എല്‍.സി പരീക്ഷ [ചെറിയ മാറ്റങ്ങളോടെ] നടക്കുകയാണ്`. അവരുടെ സര്‍ക്കാരുകള്‍ തയ്യാറാക്കിയടൈം ടേബിളുകള്‍ ശ്രദ്ധിച്ചാല്‍, കേരളമൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പരീക്ഷക്കായി നിശ്ചയിച്ചിരിക്കുന്ന സമയം രാവിലെ ആണ്`. കുട്ടികള്‍ക്കുള്ള പരീക്ഷകള്‍ ലോകമെമ്പാടും ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലാണ്`.

ഇതു സൂചിപ്പിക്കുന്നത്, പരീക്ഷയെഴുതാന്‍ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നാണല്ലോ. അപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കേണ്ടതല്ലേ? ഇന്ത്യയിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കുന്ന ഈ സൗകര്യം നമ്മുടെ 5 ലക്ഷം കുട്ടികള്‍ക്ക് നല്‍കാന്‍ നാമല്ലാതെ വേറേ ആരുണ്ട്?

2.
സര്‍,
എന്തൊക്കെ പറഞ്ഞാലും പരീക്ഷകളൊക്കെത്തന്നെ നമ്മുടെ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും Tension ഉണ്ടാക്കുന്നുണ്ട്. നന്നായി എഴുതാന്‍ കഴിയണേ എന്ന നിറഞ്ഞ പ്രാര്‍ഥനയും കൂടിയാണത്.അവര്‍തന്നെയാണ്` നന്നായി വിജയിക്കുന്നവരും. എല്ലാം നന്നായി പഠിച്ച കുട്ടിക്ക് അത് എത്രയും വേഗം എഴുതാന്‍ കഴിഞ്ഞാല്‍ ഉള്ള സമാധാനം ആര്‍ക്കാണറിയാത്തത്? അത് ദിവസത്തില്‍ നീട്ടിവെക്കാതെ രാവിലെത്തന്നെ ചെയ്യാന്‍ കഴിഞ്ഞല്‍ എത്ര സുഖം കുട്ടിക്കുണ്ട്? കുട്ടിയെ ഉച്ചവരെ മുള്‍മുനയില്‍ നിര്‍ത്താതെ രാവിലെ തന്നെ പരീക്ഷ നടത്തുന്നതല്ലേ ഏറ്റവും സൗകര്യപ്രദം?

3.
സര്‍,
മാര്‍ച്ച് മാസത്തെ കാലാവസ്ഥയെക്കുറിച്ച് പറയാനില്ലല്ലോ. സവിശേഷമായും മഴകുറഞ്ഞ ഇക്കൊല്ലം. ഇപ്പോള്‍ത്തന്നെ ഉച്ചക്ക് 39-40 ഡിഗ്രിയാണ്`. അത്യു‌‌ഷ്ണം. ഹ്യുമിഡിറ്റി 65%-89% വരെയാണ്. കുട്ടിയും അധ്യാപകരും വിയര്‍ത്ത് കുളിക്കുകയണ്. നമ്മുടെ ക്ളാസ് മുറികളില്‍ 20% ത്തില്പോലും ഫാനില്ല. ഉള്ളതിലാകട്ടെ ഉച്ചനേരത്ത് പലപ്പോഴും കറണ്ടുമില്ല. നമുക്കറിയാമിത്. ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് പരീക്ഷ 11 മണിയോടെ [അവിടത്തെ സമയം] തുടങ്ങും. ക്ളാസ്‌‌ മുറികള്‍ വളരെ സുഖകരവുമാണ്. നമ്മുടെ കുട്ടികളെ സഹായിക്കാന്‍ നമ്മളല്ലാതെ വേറെ ആരുണ്ട്?

4.
സര്‍,
നമ്മുടെ സ്കൂളുകളില്‍ അദ്ധ്യാപകര്‍ സ്നേഹപൂര്‍വമാണെങ്കിലും പരീക്ഷാദിവസങ്ങളില്‍ കുട്ടികളെ പരിപാലിക്കുന്നത് സഹതാപം തോന്നിപ്പിക്കുന്നതാണ്`. പരീക്ഷ ഉച്ചക്കാണെങ്കിലും കുട്ടികളെ രാവിലെ 9 മണിക്കേ സ്കൂളിലെത്തിക്കുന്നു. [സാധാരണ ദിവസങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ ഉണ്ടെങ്കിലും പരീക്ഷാ ദിവസങ്ങളില്‍ മിക്കയിടത്തും ഇല്ല. ] പിന്നെ പരിക്ഷക്കൊരുക്കലാണ്`. സദുദ്ദേശ്യത്തോടെയാണെങ്കിലും ഇത് കുട്ടികളിലേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ആര് പരിഗണിക്കാന്‍? തുടര്‍ന്ന് ഭക്ഷണം… നല്ല വാക്കുകള്‍… പരീക്ഷക്കയക്കല്‍… ഒക്കെയുണ്ട്. ഈ പരിപാടികള്‍ ഒരുക്കേണ്ടിവരുന്നത് ‘പരീക്ഷ ഉച്ചവരെ ഇല്ല’ എന്നതുകൊണ്ട് മാത്രമാണ്. പരീക്ഷകഴിഞ്ഞാല്‍ ഈ സ്നേഹാദരങ്ങളൊന്നുമില്ല. എല്ലാവരും വീട്ടിലേക്ക് ഓട്ടമാണ്.പരീക്ഷക്കു മുന്പുള്ള അവസ്ഥയല്ല പരീക്ഷക്ക് ശേഷം. അപ്പോള്‍ കൃത്രിമമായ ഈ അവസ്ഥ ഉണ്ടാക്കേണ്ടിവരുന്നത് പരീക്ഷാസമയം അശാസ്ത്രീയമാകുന്നതുകൊണ്ടാണോ? നാമല്ലാതെ ഇത് പരിശോധിക്കാന്‍ വേറേ ആരുണ്ട് സര്‍?

5.
സര്‍,
പരീക്ഷയുടെ Tension ഓരോ കുട്ടിയിലും ഓരോ തരത്തിലാണ്`. Tension ഒന്നും ഇല്ലാത്ത ഭാഗ്യവാന്മാരുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും അങ്ങനെയല്ല. പരീക്ഷക്ക് മുന്‍പ്, ഭക്ഷണം പോലും ഇറങ്ങാത്തവരുണ്ട്. [അവര്‍ക്കും സ്കൂളില്‍ ബിരിയാണിയും പൊറോട്ടയും ഉണ്ട്.] പെണ്‍കുട്ടികള്‍ മാസമുറപോലുള്ള വിഷമതകളില്‍ പെടുന്നു. അതുകൊണ്ടുതന്നെ ഓരോ സ്കൂളിലും ഒരുപാടു കുട്ടികള്‍ ഉച്ചയാവുമ്പോഴേക്ക് തളരുന്നു. ഛര്‍ദ്ദി, തളര്‍ച്ച… പരീക്ഷാഹാളില്‍ തലകറങ്ങി വീഴല്‍… ഒക്കെ സാധാരണമാണ്`. എന്നാല്‍ പരീക്ഷ രാവിലെയാണെങ്കില്‍ ഇതില്‍ പലതും ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കില്‍ നമ്മുടെ കുട്ടികളുടെ സംരക്ഷണം നാമല്ലാതെ ആരേറ്റെടുക്കും ?

6.
സര്‍,
അഭിമാനിക്കാവുന്ന, മാതൃകാപരമായ ഒരു വിദ്യാഭ്യാസപദ്ധതി നമുക്കുണ്ട്. ശിശുകേന്ദ്രീകൃതമാണ് ഇത്. കുട്ടിയുടെ അവകാശങ്ങളില്‍ ഉന്നി നില്‍ക്കുന്നതാണത്. പക്ഷെ, പഠനം പോലെ പരീക്ഷകള്‍ ഇപ്പൊഴും ശിശുകേന്ദ്രീകൃതമായിട്ടില്ല. അതിനുള്ള ചര്‍ച്ചകള്‍ നമ്മുടെ വിദ്യാഭ്യാസവൃത്തങ്ങളില്‍ സജീവമാണ്. ശിശു സൗഹൃദപരമായ ഒരന്തരീക്ഷം പരീക്ഷാഹാളിലില്ല. കുട്ടികളെ സഹായിക്കാനല്ല മറിച്ച് അവരെ ശിക്ഷിക്കനാണ് വെമ്പല്‍. പണ്ടു മുതലേ തുടര്‍ന്ന് പോരുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുവെന്നു മാത്രം. ‘എല്ലാവരും തഞ്ചം കിട്ടിയാല്‍ കോപ്പിയടിക്കും ,ശ്രദ്ധിക്കണം ‘ എന്ന മട്ടിലാണ് ഇന്‍വിജിലേഷന്‍. കുട്ടിക്ക് ഭയമുണ്ടാക്കുന്ന പരിസ്ഥിതിയാണ്`. അതോടൊപ്പം ഈ ഉച്ചച്ചൂടില്‍ പൊരിയുന്ന കുട്ടിയെ ‘നമ്മുടെ കുട്ടി’ യെന്ന് മനസ്സിലാക്കാന്‍ നാമല്ലാതെ വേറെ ആരുണ്ട്?

7.
സര്‍,
ഏതൊരാളിന്റേയും ശാരീരികവും മാനസികവുമായ സുസ്ഥിതി അയാളേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ മികവിന്ന് അത്യാവാശ്യമാണെന്ന് എന്ന സാധാരണ ശാസ്ത്രപാഠം നമുക്കുമറിയാത്തതല്ല . പരീക്ഷാ Tension കുട്ടിക്ക് ചെറുതല്ല. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം തകരാറിലാണ്. തകരാറിലായ പ്രഭാതഭക്ഷണത്തിന്നു പുറത്ത് ഉച്ചഭക്ഷണം കഴിക്കേണ്ടിവരുന്നു. കുട്ടിയുടെ Metabolism ഇത് തകരാറിലാക്കുന്നു. ദഹിക്കാത്ത ഭക്ഷണം വയറില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. വയറിലെ അസ്വസ്ഥത Tension വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിക്കുന്ന Tension , Metabolism വീണ്ടും തകര്‍ക്കുന്നു. ഉച്ചയൂണുകൂടികഴിയുന്നതോടെ ശാരീരികമായി ഇങ്ങനെ പ്രതിസന്ധിയിലാകുന്ന നമ്മുടെ കുട്ടിയെ പരീക്ഷക്കിരുത്തി, ‘നന്നായി വിജയിച്ചില്ല ‘ എന്നു കുറ്റപ്പെടുത്തുന്നത് എത്ര അശാസ്ത്രീയമാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ നാമല്ലാതെ വേറേയാരുണ്ട്?

8.
സര്‍,
ഏതൊരാളുടേയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവാര്‍ന്നരീതിയില്‍ നടക്കുന്നത് പ്രഭാതസമയങ്ങളില്ലാണല്ലോ. കുട്ടിയെ നേരത്തെ എഴുന്നേല്പ്പിച്ച് വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്ന് അമ്മയെ സഹായിക്കുന്ന ശാസ്ത്രം ഇതാണ്`. അറിഞ്ഞോ അറിയാതെയോ ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. Brain Cells ന്റെ ഏറ്റവും ഊര്‍ജ്വസ്വലമായ അവസ്ഥ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളും ഏറ്റവും മന്ദതകൈവരിക്കുന്ന സമയം നട്ടുച്ചയുമാണ്. അന്തരീക്ഷതാപം പീക്ക് അവസ്ഥയില്‍ എത്തുന്ന നട്ടുച്ച. മാനസികവും ശാരീരികവുമായ ഏറ്റവും തളര്‍ച്ച ഉണ്ടാക്കുന്ന നട്ടുച്ച. അതും മാര്‍ച്ച് മാസത്തിലെ നട്ടുച്ച. ഇതൊക്കെ ഏതു സാധാരണക്കാരനും അറിയാം. പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുന്ന ഈ സമയത്തെ ചെയ്തികളെ നമ്മുടെ കാരണവന്‍മാര്‍ വ്യവഹരിക്കുന്നത് എങ്ങിനെയാണെന്ന് അറിയാമല്ലോ?. അതൊന്നും വെറുതെയല്ല. നട്ടപ്രാന്തിലേക്ക് നമ്മുടെ കുട്ടികളെ തള്ളിവിടുന്നത് തടയാന്‍ നാമല്ലാതെ വേറെ ആരുണ്ട്?

9.
സര്‍,
പിന്നെ, സര്‍വോപരി ആര്‍ക്കുവേണ്ടിയാണ്` പരീക്ഷ. കുട്ടിക്കുവേണ്ടിയോ നടത്തിപ്പുകാര്‍ക്കുവേണ്ടിയോ? കുട്ടിക്കു വേണ്ടിയാണെങ്കില്‍ കുട്ടിയോടു ചോദിച്ചു നോക്കാം. ‘നട്ടുച്ചക്ക് വേണം പരീക്ഷ ‘ എന്നൊരു കുട്ടിയും ആവശ്യപ്പെടില്ല. നടത്തിപ്പുകാര്‍ക്ക് നട്ടുച്ചയാണ് നല്ലത്. അവര്‍ക്ക് ദിവസത്തിന്റെ ആദ്യമണിക്കൂറുകളിലെ ഉഷാറായ സമയം ഓടിനടന്ന് പരീക്ഷാപേപ്പറുകള്‍ എത്തിക്കാനുമൊക്കെ സുഖമണ്. കണക്കുകളും കാര്യങ്ങളുമൊക്കെ കൃത്യമാക്കിവെക്കാം. വെയിലാവുമ്പോഴേക്ക് വിശ്രമിക്കയും ആവം. പക്ഷെ, പരീക്ഷ നടത്തിപ്പുകാര്‍ക്കല്ലല്ലോ. കുട്ടിയുടെ അഭിപ്രായത്തിന്നല്ലേ , ആവശ്യത്തിനല്ലേ പ്രാധാന്യം? അതല്ലേ ജനാധിപത്യം. അതോ കുട്ടിയുടെ ജനാധിപത്യം നടത്തിപ്പുകാര്‍ തീരുമാനിക്കും എന്നാണോ? പരീക്ഷാപേപ്പറിന്റെ security വിഷയം ചെറുതല്ല. എന്നാല്‍ അതിന്ന് ഇന്നത്തെപോലെയുള്ള സംവിധാനങ്ങള്‍ അവസാന സംവിധാനങ്ങളല്ലല്ലോ. ആലോചിച്ച് കൂടുതല്‍ നല്ല രീതികളിലേക്ക് മാറ്റാം. മാറ്റാന്‍ കഴിയും. പകരം സംവിധാനം ഉണ്ടാക്കാന്‍ കഴിയാതിരിക്കാന്‍ നമ്മുടെ അധികാരികള്‍ അത്ര മോശക്കാരൊന്നും അല്ലല്ലോ. പിന്നെ, എസ്.എസ്.എല്‍.സി പരീക്ഷയേക്കാളും പ്രാധാന്യം ഏറെയുയര്‍ന്ന ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്ക്കൂളില്‍ സൂക്ഷിക്കുന്നില്ലേ? കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ധര്‍മ്മബോധം നമുക്കുണ്ടല്ലോ. അത് പ്രായോഗികമാക്കി , പ്രവര്‍ത്തനക്ഷമമാക്കി നമ്മുടെ കുട്ടികള്‍ക്കുവേണ്ടി പരീക്ഷനടത്താന്‍ നാമല്ലാതെ വേറെയാരെയാണ് നാം കാത്തിരിക്കുന്നത്?

10.
സര്‍,
ഉച്ചപ്പരീക്ഷയുടെ തകരാറുകള്‍ നേരില്‍ കാണുന്ന, സാധാരണക്കാരായ, കുട്ടികളെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ ബ്ളോഗിന്റെ പ്രവര്‍ത്തകരെന്ന് ഞങ്ങള്‍ക്കറിയാം. വളരെ വിനയപൂ‌‌വം അങ്ങയുടെ പരിഗണനക്കായി ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍, ആയിരക്കണക്കിന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ്, അനുകൂലമായ തീരുമാനമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ്` ഈ പോസ്റ്റ് വായിച്ചുതീര്‍ക്കുക. ആവേശപൂര്‍വം താഴെ comments പോസ്റ്റ് ചെയ്ത് , മുകളില്‍ സൂചിപ്പിച്ച സംഗതികളെ കൂടുതല്‍ സമഗ്രമാക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന പ്രാഥമികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അദ്ധ്യാപക സമൂഹവും പ്രതിജ്ഞാബദ്ധമാണല്ലോ.

About hariekd

It is a movement from kerala High school teachers.
This entry was posted in ചര്‍ച്ച, പ്രതികരണം. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s