എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം

എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി പ്രാക്ടിക്കല്‍ പരീക്ഷയെ സമീപിക്കേണ്ട വിധമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പ്രകാരം സോഫ്റ്റ്‌വെയറില്‍ പ്രത്യക്ഷപ്പെടുന്ന 14 പ്രാക്ടിക്കല്‍ ചോദ്യങ്ങളെ താഴെ നല്‍കിയിരിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  
പത്താം ക്ലാസ് ഐ.സി.ടി. പാഠപുസ്തകത്തില്‍ ആകെ ഒമ്പത് അധ്യായങ്ങളാണല്ലോ ഉള്ളത്. ഇതില്‍ നിലവില്‍ നമ്മുടെ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് പ്രായോഗിക പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍(ചില അധ്യായങ്ങളിലെ ) നിന്നുള്ളവയെ ഈ വര്‍ഷം ഇതുവരെ നടന്ന പ്രാക്ടിക്കല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാ:- നെറ്റ്‌വര്‍ക്കിംഗ്( വിവരങ്ങള്‍ പങ്കുവെക്കാം), drupal gardens(നമുക്കൊരു വെബ്‌സൈറ്റ്), കമ്പ്യൂട്ടര്‍ എന്ന യന്ത്രം എന്ന അധ്യായത്തിലെ Sysinfo ഒഴികെയുള്ള ഭാഗം.

പരീക്ഷക്കുള്ള ആകെ സമയം തൊണ്ണൂറ് മിനിട്ടാണെന്നറിയാമല്ലോ? മുന്‍വര്‍ഷങ്ങളില്‍ തിയറി പരീക്ഷാ സമയത്ത് വിദ്യാര്‍ഥിക്ക് ലഭ്യമായിരുന്ന സൗകര്യങ്ങള്‍ സോഫ്റ്റ്‌വെയറിലെ തിയറി പരീക്ഷാസമയത്തും ലഭിക്കുന്നുണ്ട്. തിയറി പരീക്ഷയുടെ സമയം അവസാനിപ്പിക്കും വരെ ഉത്തരങ്ങള്‍ ‌മാറ്റി എഴുതാനുള്ള സൗകര്യം, ഏത് മുന്‍ഗണനാ ക്രമത്തിലും തിയറി ചോദ്യത്തിന് ഉത്തരം എഴുതാനുള്ള സൗകര്യം എന്നിവ സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. പേന കൊണ്ട് എഴുതാനെടുക്കുന്ന സമയം സോഫ്റ്റ്‌വെയറിലെ ഉത്തരങ്ങളില്‍ ടിക് മാര്‍ക്ക് ചെയ്യുമ്പോള്‍ വേണ്ടതില്ല എന്നത് കൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തിയാല്‍ അവ എഴുതാനെടുക്കുന്ന സമയം നിമിഷങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുരുങ്ങിയത് പത്തുമിനിട്ടെങ്കിലും സമയമെടുത്ത് എല്ലാ ചോദ്യങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുക. (അധികമായ സമാശ്വാസ സമയം ഉള്‍പ്പെടെയാണ് ആകെ പരീക്ഷാസമയം എന്ന ധാരണ ഉണ്ടാവുന്നത് നന്ന് ). തുടര്‍ന്ന് ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ക്ക് നേരെ ടിക് മാര്‍ക്ക് നല്‍കാം. തിയറി പരീക്ഷ അവസാനിപ്പിക്കാനുള്ള ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് (Warning Message) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മാര്‍ക്കു ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഈ മെസ്സേജില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 

തിയറി പരീക്ഷക്ക് നാമെടുത്ത സമയത്തിന് ആനുപാതികമായി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്യാനുള്ള സമയത്തില്‍ വ്യത്യാസം വരുമെന്ന് അറിയാമല്ലോ ? എഴ് പ്രാക്ടിക്കല്‍ ചോദ്യങ്ങളുള്ളത് കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ആരംഭിക്കേണ്ടതുണ്ട്. ഓരോ ചോദ്യങ്ങളുടെ ഉത്തരവും പരമാവധി 8 മിനുട്ടിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണം. എല്ലാവരും എല്ലാ ചോദ്യങ്ങള്‍ക്കും ഈ സമയ നിഷ്ഠ തന്നെ പാലിക്കണമെന്നത് നിര്‍ബന്ധമില്ല . പത്ത് മിനിട്ടില്‍ കൂടുതല്‍ ഒരു ചോദ്യത്തിന് സമയം ചെലവഴിച്ചാല്‍ അത് തുടര്‍ന്നു വരുന്ന ചോദ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. ഓരോ ഉത്തരം ചെയ്ത് തീരുമ്പോഴും അവയുടെ ഉല്പന്നം അവരവരുടെ ഫോള്‍ഡറുകളില്‍ സേവ് ചെയ്യുകയും ഇന്‍വിജിലേറ്ററെ കാണിക്കുകയും വേണം.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാവശ്യമായ റിസോഴ്സുകള്‍ Home ഫോള്‍ഡറില്‍ ലഭ്യമാണ്. ഇതില്‍ നമുക്കൊരു വെബ്‌സൈറ്റ്, വിവര വിശകലനത്തിന്റെ പുതുരീതികള്‍ , എന്റെ വിഭവ ഭൂപടം, വരകള്‍ക്ക് ജീവന്‍ പകരാം എന്നീ പാഠഭാഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ റിസോഴ്സുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയത് തന്നെ (സോഫ്റ്റ്‌വെയറില്‍ ഉള്ള പോലെ – മറ്റൊരാള്‍ മാറ്റം വരുത്താത്തത്.) ലഭിക്കേണ്ടതുണ്ട്. ഉദാഹരണമായി ഒരു വിദ്യാര്‍ഥി ഉത്തരം ചെയ്യുമ്പോള്‍ സേവ് ചെയ്ത് മാറ്റം വന്ന ക്യൂജിസ് പ്രോജക്ട് ഫയല്‍ തൊട്ടടുത്തു വരുന്ന വിദ്യാര്‍ഥിക്ക് ലഭിക്കരുത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഓരോ പ്രാവശ്യവും പരീക്ഷ റണ്‍ ചെയ്യുമ്പോഴും Exam_documents എന്ന ഫോള്‍ഡറിലെ എല്ലാ contents കളും പുതുതായി ലോഡ് ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. അപ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫ്രഷ് ആയ റിസോഴ‌്സുകളാണ് ലഭിക്കുക. എന്നാല്‍ മോഡല്‍ പരീക്ഷയില്‍ ഇത് പ്രവര്‍ത്തിച്ചില്ല എന്നാണ് മാത്സ്ബ്ലോഗിലെ കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ഓപ്പണ്‍ഓഫീസുമായി ബന്ധപ്പെട്ട റിസോഴ്സില്‍ ടെംപ്ലേറ്റ് ഫയലുകളുണ്ടാവും ( ott, ots etc.) മെയില്‍ മെര്‍ജ് ചെയ്യാനുള്ള ചോദ്യത്തിന് ഈ ടെംപ്ലേറ്റ് ഫയല്‍ തുറന്ന ഉടനെ സേവ് ചെയ്യണം. എന്നാലേ ഇത് ഉപയോഗിച്ച് മെയില്‍ മെര്‍ജ് ചെയ്യാന്‍ സാധിക്കൂ.
മോഡല്‍ പരീക്ഷയിലെ ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ വിശകലനം 

ഒന്നാമത്തെ അധ്യായമായ മിഴിവാര്‍ന്ന ചിത്രലോകം എന്ന ഭാഗത്തില്‍ നിന്നും ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ലോഗോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് വന്നത്. ഇതില്‍ പാഠപുസ്തകത്തിലെ പേജ് 9 ല്‍ പരിചയപ്പെടുന്ന പ്രധാന ടൂളുകളുടെ പ്രയോഗസാധ്യതയാണ് വിലയിരുത്തുന്നത്. Create Rectangles and squares Tool , Fill and Stroke, Gradient Tool , Text Tool എന്നിവയുടെ ഉപയോഗം വിദ്യാര്‍ഥികള്‍ ശരിക്ക് മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിന് അനായാസം ഉത്തരം ചെയ്യാം. അമീബയെ വരക്കല്‍, ഗേറ്റ് (കമാനം)നിര്‍മ്മാണം, ത്രിമാന രൂപങ്ങള്‍, പൂവ് വരക്കല്‍ എന്നിവയും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളും വാര്‍ഷികപ്പരീക്ഷക്കായി പരിശീലിക്കേണ്ടതാണ്. Gradient ടൂള്‍ , ക്ലോണ്‍, ഡ്യൂപ്ലിക്കേറ്റ് , ഗ്രൂപ്പിംഗ് എന്നീ സങ്കേതങ്ങളുടെ പ്രയോഗവും പരീക്ഷയ്ക്ക് പ്രതീക്ഷിക്കാം , Export as PNG, Save in SVG എന്നിവ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയറില്‍ മലയാളത്തില്‍ Text എഴുതുമ്പോള്‍ ഫോണ്ട് rachana സെലക്ട് ചെയ്യണമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ക്സ്കേപിലെ ക്യാന്‍വാസിന് (പേജ്) പുറത്തുള്ള പശ്ചാത്തലത്തില്‍ ചിത്രം വരക്കുകയാണെങ്കില്‍ Save ചെയ്യുന്നതിന് മുമ്പ് File → Document Properties → Resize page to content → Resize page to drawing or selection എന്നതില്‍ ക്ലിക്ക് ചെയ്ത് നാം വരച്ച ചിത്രം പേജില്‍ തന്നെ വരുത്തേണ്ടതാണ്. ഓരോ ചോദ്യങ്ങളുടെയും Scoring Indicators സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. അധ്യാപകരുടെ സഹായത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നത് നന്നായിരിക്കും. 

മൂന്നാമത്തെ അധ്യായമായ എന്റെ വിഭവ ഭൂപടം – ഈ വിഭാഗത്തില്‍ നിന്നും നല്കിയിരിക്കുന്ന ക്യൂജിസ് പ്രോജക്ടിലെ വിവരങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന ക്യൂജിസ് മാപ്പിലെ ഒരു പ്രത്യേക ലെയറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ attribute ടേബിള്‍ വഴി പ്രദര്‍ശിപ്പിക്കാനുള്ള ചോദ്യം മാതൃകയായി നല്‍കുന്നു. 

“ക്യൂജിസ് സോഫ്റ്റ്‌വെയര്‍ തുറന്ന് Home/Exam_documents/QGIS എന്ന ഫോള്‍ഡറിലെ Examproject എന്ന ഭൂപടം open ചെയ്ത് Rail ലെയറിനെ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുക. തുടര്‍ന്ന് ഭൂപടത്തില്‍ രേഖപ്പെടുത്തിയ എല്ലാ വീടുകളുടെയും വിവരങ്ങള്‍ അടങ്ങിയ attribute table പ്രദര്‍ശിപ്പിക്കുക. ഈ പട്ടികയുടെ സ്ക്രീന്‍ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി Home ലെ Exam10 ഫോള്‍ഡറില്‍ സേവ് ചെയ്യുക. (സ്ക്രീന്‍ഷോട്ട് ലഭിക്കാനായി കീബോര്‍ഡിലെ PrtSc കീ അമര്‍ത്തുക)” 

ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.

 • Application → Science → Quantum GIS തുറക്കുക.
 • File → Open Project സെലക്ട് ചെയ്യുക. 
 • Home/Exam_documents/QGIS എന്ന ക്രമത്തില്‍ തുറന്ന് (നിര്‍ദ്ദേശിക്കപ്പെട്ട) Examproject.qgs എന്ന ഭൂപടം സെലക്ട് ചെയ്ത് open ക്ലിക്ക് ചെയ്യുക. 
 • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും Rail ലെയറില്‍ ‘ചെക്ക്’ മാര്‍ക്ക് ഇടുക. ( ഇപ്പോള്‍ Rail ലെയര്‍ ഭൂപടത്തില്‍ ദൃശ്യമായിട്ടുണ്ടാവും. 
 • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും House ലെയര്‍ സെലക്ട് ചെയ്ത് Right Click → Open attribute table സെലക്ട് ചെയ്യുക. (ഈ ഭൂപടത്തിലെ എല്ലാ വീടുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് House എന്ന ലെയറിലാണല്ലോ?) 
 • ഇപ്പോള്‍ attribute table തുറന്ന് വന്നിട്ടുണ്ടാവും. ശേഷം കീബോര്‍ഡിലെ PrtSc കീ അമര്‍ത്തി ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുക. 
 • സ്ക്രീന്‍ ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക. 
 • ഈ ചോദ്യത്തിന്റെ Scoring Indicators ഉം സ്കോറും താഴെ നല്‍കുന്നു.

 • Opens the Map in QGIS                 1 
 • Checks the layer box “Rail”           ½ 
 • Selects the Layer “House”             1 
 • Opens attribute table of “House”   1 
 • Saves in correct location              ½ 
 •                 Total                                 4

  Attribute ടേബിളിനെ പ്രദര്‍ശിപ്പിക്കുന്നത് കൂടാതെ, നല്‍കിയിരിക്കുന്ന പ്രോജക്ടില്‍ പുതിയ ലെയര്‍ നിര്‍മ്മിക്കുന്നത് , നിലവിലുള്ള ഒരു ലെയറില്‍ പുതിയൊരു വിവരം കൂട്ടിച്ചേര്‍ക്കുന്നത് ( House ലെയറില്‍ പുതിയൊരാളുടെ വീട് കൂടി ഉള്‍പ്പെടുത്തുക, etc.), Identify Features Tool ന്റെ ഉപയോഗം, ആവൃത്തി വിശകലനം(ബഫറിംഗ്), തയ്യാറാക്കിയ ഭൂപടം പ്രിന്റ് ചെയ്യാനൊരുക്കല്‍ ( New Print Compozer വഴി) , ഭൂപടം png, jpg , pdf ഫോര്‍മാറ്റിലേക്ക് എക്സ്‌പോര്‍ട്ട് ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

  കമ്പ്യൂട്ടര്‍ ഭാഷ എന്ന നാലാം അധ്യായത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും നല്‍കിയിരിക്കുന്ന പൈതണ്‍ കോഡുകളിലെ തെറ്റുകള്‍ തിരുത്തി ശരിയായ പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ളവയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം idle ഉപയോഗിച്ചോ gedit Text എഡിറ്റര്‍ ഉപയോഗിച്ചോ തയ്യാറാക്കാവുന്നതാണ്. മറ്റു ഉത്തരങ്ങളെ പോലെ തന്നെ ഇവ ഹോമിലെ Exam10 എന്ന ഫോള്‍ഡറില്‍ തന്നെ സേവ് ചെയ്യണമെന്നത് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. ഈ അധ്യായത്തില്‍ നിന്നും wxglade ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഇത്‌ വരെ നടന്ന മൂന്ന് പരീക്ഷകള്‍ക്കും ചോദിച്ചിട്ടില്ല. gedit Text എഡിറ്റര്‍ ഉപയോഗിച്ച് പ്രോഗ്രാം തയ്യാറാക്കുകയാണെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള രീതി അവലംബിക്കാം.

  • പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
  • തുടര്‍ന്ന് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനായി ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. 

        python filename.py

  ( 999995_6.py എന്ന ഫയല്‍ നാമമുള്ള പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള കോഡാണ് നല്‍കേണ്ടത്.)

  python 999995_6.py

  ഒരു ചോദ്യമാതൃക:

  ” അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പൈതണ്‍ പ്രോഗ്രാം തെറ്റായി നല്‍കിയിരിക്കുന്നു.

  പ്രോഗ്രാമിലെ തെറ്റുകള്‍ തിരുത്തി ടൈപ്പ് ചെയ്ത് ശേഷം രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. “

  ഒരു പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഒരു നിശ്ചിത തവണ ആവര്‍ത്തിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് for, while എന്നീ നിര്‍ദ്ദേശങ്ങള്‍ പൈതണില്‍ ഉപയോഗിക്കുന്നത്. ഇതില്‍ while നിര്‍ദ്ദേശത്തിന്റെ പ്രയോഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  നല്‍കിയിരിക്കുന്ന കോഡ് പ്രവര്‍ത്തിപ്പിച്ചു നോക്കിയാല്‍ ഒന്നു മുതല്‍ 50 (1,2,3,4,….) വരെയുള്ള സംഖ്യകളാണ് പ്രിന്റ് ചെയ്യുന്നത്. നമുക്കിവിടെ പ്രിന്റ് ചെയ്യേണ്ടത് അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങളാണ്. അതായത് 5 , 10, 15, 20……. എന്നിങ്ങനെ . ചോദ്യത്തിലെ കോഡില്‍ തുടക്കവില 1 ഉം ഇന്‍ക്രിമെന്റ് 1ഉം പരമാവധി വില 50 ( a<=50) ഉം ആണ്. ഈ പ്രോഗ്രാമിലെ തുടക്കവിലയിലും ഇന്‍ക്രിമെന്റിലും മാറ്റം വരുത്തിയാല്‍ ചോദ്യത്തില്‍ പറഞ്ഞ രീതിയിലേക്ക് പ്രോഗ്രാമിനെ മാറ്റി എഴുതാം. (അതായത് 1 , 2, 3, 4, …. ന് പകരം 5, 10, 15, 20…. എന്ന് വരണം.) തുടക്ക വില 1 ന് പകരം അഞ്ചും ( a=1 ന് പകരം a=5 ) ഇന്‍ക്രിമെന്റ് 1 ന് പകരം 5 ഉം നല്‍കണം( a=a+1 ന് പകരം a=a+5). ഇങ്ങനെ മാറ്റി എഴുതിയാല്‍ പ്രോഗ്രാം താഴെ പറയുന്ന രീതിയിലാവുന്നു.

  ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.

  IDLE ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം.

  • Applications → Programming→ IDLE തുറക്കുക. 
  • File → New Window സെലക്ട് ചെയ്യുക. 
  • തുറന്നു വരുന്ന വിന്‍ഡോയില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.)
  • File → Save സെലക്ട് ചെയ്യുക. 
  • Exam10 ഫോള്‍ഡര്‍ തുറന്ന് ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
  • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)

  gedit Text എഡിറ്റര്‍ ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം

  • Applications → Accessories→gedit Text എഡിറ്റര്‍ തുറക്കുക. 
  • ടെസ്റ്റ് എഡിറ്ററില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.) 
  • File → Save സെലക്ട് ചെയ്യുക. 
  • Exam10 ഫോള്‍ഡര്‍ തുറന്ന് .py എന്ന് എക്സറ്റന്‍ഷനോടെ ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
  • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
  • തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

   python filename.py

  ഈ ഉത്തരത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.

  1. Types the program in proper syntax        1 
  2. Changes a=1 to a=5 (Line 1)                  1 
  3. Changes a=a+1 to a=a+5 (Line 4)          1 
  4. Saves the program in correct location      ½
  5. Correct Output                                        ½ 

                  Total                                  4

  നേരത്തെ തയ്യാറാക്കി (gedit text editor or idle) സേവ് ചെയ്ത് വെച്ചിരിക്കുന്ന  പൈതണ്‍ പ്രോഗ്രാമുകളെ IDLE ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. അതിനായി താഴെയുള്ള പ്രവര്‍ത്തന ക്രമമാണ് പാലിക്കേണ്ടത്.

  • Applications → Programming→ IDLE തുറക്കുക. 
  • File → Open വഴി നേരത്തെ തയ്യാറാക്കി സേവ് ചെയ്ത പൈതണ്‍ ഫയല്‍ തുറക്കുക. 
  • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)

  range, ലഘു ഫങ്ഷനുകളുടെ നിര്‍മ്മാണം , സ്ട്രിങ്ങുകളുടെ ഉപയോഗം ( ഒരു കൂട്ടത്തില്‍ നിന്ന് ഒരു പ്രത്യേക വിഭാഗത്തെ കണ്ടെത്തല്‍, സ്ട്രിങ്ങ് പിരമിഡ് , സ്ട്രിങ്ങുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കല്‍ etc) എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളും വാര്‍ഷികപ്പരീക്ഷക്ക് ഈ അധ്യായത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

  ആറാമത്തെ അധ്യായമായ ‘വരകള്‍ക്ക് ജീവന്‍ പകരാം’ – ല്‍ നിന്നും രണ്ട് രീതിയിലുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന റ്റുപീ പ്രോജക്ട് ഫയലില്‍ ആവശ്യമായ മാറ്റം വരുത്തി നിര്‍ദ്ദേശിച്ചിരിക്കുന്ന അനിമേഷന്‍ തയ്യാറാക്കുക, പുതിയ പ്രോജക്ട് ഫയല്‍ തുറന്ന് അതില്‍ ലളിതമായ ചിത്രം വരച്ച് അവക്ക് അനിമേഷന്‍ നല്‍കുക എന്നിവയാണ‌വ. ഇതിലെ ചോദ്യങ്ങള്‍ ഒന്ന് രണ്ടാവര്‍ത്തി വായിച്ച് മനസ്സിലാക്കിയാല്‍ വളരെ പെട്ടെന്ന് ഉത്തരം ചെയ്യാന്‍ സാധിക്കുന്നതാണ്.

  അനിമേഷന്‍ തയ്യാറാക്കുന്നതിനുള്ള ചോദ്യങ്ങള്‍ക്ക് രണ്ട് തരം റിസോഴ്സുകളാണ് നല്‍കിയിരിക്കുന്നത്. Exam_documents ല്‍ boy.tup , bus.tup, butterfly.tup, football.tup, sky.tup എന്നിങ്ങനെ അഞ്ച് റ്റുപീ പ്രോജക്ട് ഫയലുകളും Images10 ല്‍ bus.png , plane.png, sky.png, scene.png എന്നിങ്ങനെ നാല് ചിത്ര ഫയലുകളുമാണവ. ഇവയില്‍ പ്രോജക്ട് ഫയലുകള്‍ ( .tup എക്സ്റ്റന്‍ഷനിലുള്ളവ) ചിത്രങ്ങളല്ലാത്തതിനാല്‍ അവ Insert → Bitmap വഴി റ്റുപീ സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. മുന്‍കൂട്ടി റ്റുപീസോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ അപൂര്‍ണ്ണമായ ഫയലുകളാണ് ഇവിടെ റിസോഴ്സുകളായി തന്നിരിക്കുന്നത്. അവ റ്റുപീയില്‍ തുറന്ന് ആവശ്യമായ മാറ്റം വരുത്തി അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. Save project As or Export ചെയ്യുക.

    പ്രോജക്ട് ഫയലുകളെ സോഫ്റ്റ്‌വെയറിലെ File → Open Project മെനു വഴിയാണ് റ്റുപീയില്‍ തുറക്കേണ്ടത്. Images10 ല്‍ നല്‍കിയിരിക്കുന്ന ചിത്ര ഫയലുകളെയാണ് Insert → Bitmap വഴി സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്. ഈ വ്യത്യാസം തിരിച്ചറിഞ്ഞാല്‍ വളരെ വേഗത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

  ഒരു ചോദ്യമാതൃക:
  “റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി” – ഇതിന്റെ അനിമേഷന്‍ Home ലെ Exam_documents ല്‍ നല്‍കിയിരിക്കുന്ന boy.tup എന്ന ഫയല്‍ Tupi സോഫ്റ്റ്‌വെയറില്‍ തുറന്ന് തയ്യാറാക്കുക. Home ലെ Images10 ല്‍ നിന്നും അനുയോജ്യമായ ചിത്രം പശ്ചാത്തലമായി ഉള്‍പ്പെടുത്തുക. തയ്യാറാക്കിയ അനിമേഷന്‍ Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.

  ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം നോക്കാം

  ഇവിടെ വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഉല്പന്നമാണ് “റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി” എന്ന അനിമേഷന്‍. ഈ അനിമേഷന്‍ തയ്യാറാക്കാന്‍ ഏതെല്ലാം ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വരും എന്ന് ആദ്യമേ ആലോചിക്കണം. ഇവിടെ പശ്ചാത്തലത്തില്‍ റോഡും , അതിലൂടെ നടന്നു നീങ്ങുന്ന കുട്ടിയും – ഇതിന് കറഞ്ഞപക്ഷം രണ്ട് ചിത്രങ്ങളെങ്കിലും വേണം. ഇതിനാവശ്യമായ രണ്ട് ചിത്രങ്ങളും റിസോഴ്സുകളായി രണ്ട് രീതിയില്‍ തന്നിട്ടുണ്ട്. Exam_documents ലെ boy.tup എന്ന പ്രോജക്ട് ഫയലാണ് ഒന്ന്. FPS മൂന്ന് ആയി ക്രമീകരിച്ച അഞ്ച് ഫ്രെയിം ഉള്ള ഒരു റ്റുപീ പ്രോജക്ട് ഫയലാണിത്. ഇതില്‍ കുട്ടിയടെ ചിത്രവും ഉള്‍ക്കൊള്ളുന്നുണ്ട്. പശ്ചാത്തലമായി ഉള്‍പ്പെടുത്തേണ്ട റോഡിന്റെ ചിത്രം Images10 ല്‍ ലഭ്യമാണ് (scene.png ). ( റിസോഴ്സുകള്‍ നല്‍കാത്ത ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം വരച്ചുണ്ടാക്കണം.)

  ഉത്തരം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം.

  • Applications →Graphics →Tupi:2D Magic തുറക്കുക. 
  • File → Open project സെലക്ട് ചെയ്യുക. 
  • Home ലെ Exam_documents തുറന്ന് boy.tup എന്ന ഫയല്‍ സെലക്ട് ചെയ്ത് open ചെയ്യുക.

  ഈ പ്രോജക്ട് ഫയലില്‍ ആകെ അഞ്ച് ഫ്രെയിമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് ഫ്രെയിമിലും ചിത്രങ്ങളും ക്രമീകരിച്ചിട്ടുമുണ്ട്. 1 , 3, 5 എന്നീ ഫ്രെയിമില്‍ കുട്ടിയുടെ ഒരു സ്റ്റെപ്പും 2, 4 ഫ്രെയിമില്‍ മറ്റൊരു സ്റ്റെപ്പുമാണുള്ളത്. അഞ്ച് ഫ്രെയിമിലും ചിത്രം ഒരേ സ്ഥാനത്താണ്. അതിനാല്‍ അനിമേഷനായി രണ്ടാമത്തെ ഫ്രെയിം മുതല്‍ ചിത്രത്തിന്റെ സ്ഥാനം ക്രമമായി മുന്നോട്ട് മാറ്റി വെക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനം. അതിനു മുമ്പായി ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലം ക്രമീകരിക്കണം.

  • പശ്ചാത്തലം ക്രമീകരിക്കാനായി Background Mode സെലക്ട് ചെയ്യുക. 
  • തുടര്‍ന്ന് Insert → Bitmap സെലക്ട് ചെയ്യുക. 
  • Home ലെ Images10 ല്‍ നിന്നും scene.png സെലക്ട് ചെയ്ത് open ചെയ്യുക. 
  • തുടര്‍ന്ന് Frames Mode സെലക്ട് ചെയ്ത് പ്രധാന ജാലകത്തില്‍ തിരിച്ചെത്തുക. 
  • ഇനി ലെയര്‍ ബോക്സില്‍ നിന്നും രണ്ടാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. ( രണ്ടാമത്തെ ഫ്രെയിമില്‍ ക്ലിക്കു ചെയ്യുക.) 
  • ശേഷം ടൂള്‍ ബോക്സില്‍ നിന്നും Object Selection (O) Tool സെലക്ട് ചെയ്യുക. 
  • ക്യാന്‍വാസിലെ ചിത്രത്തിനു മുകളിലൂടെ ഡ്രാഗ് ചെയ്ത് ചിത്രം സെലക്ട് ചെയ്യുക. 
  • കീ ബോര്‍ഡിലെ Left ആരോ കീ ഉപയോഗിച്ച് ചിത്രത്തെ നിലവിലുള്ള സ്ഥാനത്ത് നിന്നും അല്പം മുമ്പോട്ട് നീക്കി വെക്കുക. 
  • തുടര്‍ന്ന് ലെയര്‍ ബോക്സില്‍ നിന്നും മൂന്നാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. 
  • രണ്ടാമത്തെ ചിത്രം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തിന് അല്പം മുമ്പോട്ടായി മൂന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ മാറ്റി സ്ഥാപിക്കുക. 
  • ഇങ്ങനെ ബാക്കി നാല് ഫ്രെയിമിലും ക്ലിക്ക് ചെയ്ത് അവയിലെ ചിത്രത്തിലെ സ്ഥാനം തൊട്ടു പിന്നിലെ ചിത്രത്തിന്റെ സ്ഥാനത്തില്‍ നിന്നും മാറ്റി വെക്കുക. 
  • എല്ലാ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനം മാറ്റി വെച്ചതിന് ശേഷം Player മെനു സെലക്ട് ചെയ്ത് അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. 
  • File → Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.

  ഈ ചോദ്യത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.

  1. Opens Tupi                           ½ 
  2. Opens required file                ½ 
  3.  Inserts background Image     1 
  4.  Makes movements for object  1 
  5. Saves in the correct location   1 

                         Total                     4

  തയ്യാറാക്കുന്ന അനിമേഷന്‍ പ്രോജക്ട് ഫയലായി (.aup) സേവ് ചെയ്യുന്നതിന് പകരം വീഡിയോ ഫയലാക്കി (avi ഫോര്‍മാറ്റിലേക്ക്) എക്സ്‌പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങളും വാര്‍ഷിക പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതാണ്.

  (എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യമാതൃകകളെ വിശകലനം ചെയ്തിട്ടില്ല. നമ്മുടെ അധ്യാപക സുഹൃത്തുക്കളാരെങ്കിലും ആ ജോലി ഏറ്റെടുത്ത് അവ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമെന്ന് കരുതട്ടെ..)

  ഈ പോസ്റ്റിന്റെ പി.ഡി.എഫിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  About hariekd

  It is a movement from kerala High school teachers.
  This entry was posted in മികവ്, ലേഖനം, ശാസ്ത്രം, സാങ്കേതികം, ICT X, SSLC New, SSLC Revision, Ubuntu. Bookmark the permalink.

  Leave a Reply

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out /  Change )

  Google photo

  You are commenting using your Google account. Log Out /  Change )

  Twitter picture

  You are commenting using your Twitter account. Log Out /  Change )

  Facebook photo

  You are commenting using your Facebook account. Log Out /  Change )

  Connecting to %s