ഓണാശംസകളും ചില ചിന്തകളും


അങ്ങനെ മലയാളിയുടെ സ്വന്തം ഉത്സവമായി പരക്കെ ആഘോഷിക്കപ്പെടുന്ന ഓണം വന്നെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്ന അജ്ഞാത കര്‍ത്തൃകമായ ഏതോ സിദ്ധാന്തത്തിന്റെ ആവേശത്തില്‍ പ്രകൃതി പോലും താന്‍ കാത്തുവെച്ച ഐശ്വര്യസമ്പാദ്യം മനുഷ്യനായി നേദിക്കുന്ന കാലമാണീ ഓണമാസം. കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും നമ്മുടെ കാതുകളിലേക്കെത്തിയിട്ടുള്ളത്. നവീനയുഗത്തില്‍ ആന്റിമാരുടെ എണ്ണമേറിയതിനാലും മുത്തശ്ശിമാരുടെ വംശം മരുന്നിനു പോലുമില്ലാത്ത വിധം അന്യം നിന്നു പോയതിനാലും ഓണത്തെക്കുറിച്ചുള്ള കഥകളെപ്പറ്റിയൊന്നും കുട്ടികള്‍ക്ക് കേള്‍ക്കാനിട വന്നിട്ടുണ്ടാകണമെന്നില്ല. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം തന്റെ പ്രജകളെക്കാണാന്‍ ആണ്ടിലൊരു ദിനം വാമനന്‍ അദ്ദേഹത്തിന് നല്‍കിയെന്നാണ് ഓണത്തിനു പിന്നിലെ പുരാവൃത്തമായി പറഞ്ഞു പോരുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാള്‍ തെരഞ്ഞെടുത്ത മഹാബലി മുറതെറ്റാതെ ആണ്ടു തോറും എത്തുന്നുവെന്നാണ് കാവ്യഭാവനയും. അങ്ങനെ കേരളസങ്കല്പത്തിന്റെ ആരംഭദശകളിലെങ്ങോ മൊട്ടിട്ട ഓണവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ പിന്നിട്ട് ഇന്നു നമ്മുടെ സ്വീകരണമുറിയിലെ കൊച്ചു സ്ക്രീനിലൊതുങ്ങി നില്‍ക്കുന്നു.

കാലാണ്ടിന്റെ ഇടവേള കഴിഞ്ഞ് ഇടവ, മിഥുന, കര്‍ക്കിടകങ്ങളിലെ കാറ്റിനും മഴയ്ക്കുമൊടുകില്‍ വൈദേശികവണികരെത്തുന്ന ചിങ്ങമാസം ദക്ഷിണഭാരതത്തിലേക്ക് സമ്പത്തൊഴുക്കുന്ന കാലമായിരുന്നെന്നാണ് ചരിത്രരേഖകളിലെ പരാമര്‍ശം. അരിയും പൂവുമെറിഞ്ഞായിരുന്നത്രേ കച്ചവടത്തിനെത്തിയിരുന്ന നാവികവണികരെ നമ്മുടെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം പൊന്ന് നല്‍കുന്ന ഈ കച്ചവടമാണ് ചിങ്ങമാസത്തതിന് പൊന്നിന്‍ തിളക്കം നല്‍കിയതെന്ന് ഒരു കൂട്ടം ചരിത്രകുതുകികള്‍ പറയുന്നു. അതല്ല, കൊയ്ത്തു നെല്ലിന്റെ പൊന്നിന്‍ പ്രഭയാണ് ചിങ്ങമാസത്തിന് ഇത്തരമൊരു മുന്‍പേര് നല്‍കിയതെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.

മലയാളിയെന്നതില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെ കാലമാണ് ഓണം. പെയ്തു തകര്‍ത്ത ഇടവപ്പാതി കര്‍ക്കിടകത്തോടെ തോറ്റു മടങ്ങുമ്പോള്‍ അവന് സന്തോഷമായിരുന്നു. വറുതിയുടെ ചൂടില്‍ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന നാളുകളെ താല്ക്കാലികമായിട്ടെങ്കിലും വിസ്മൃതിയിലേക്കാഴ്ത്താന്‍ പോന്ന സന്തോഷമാണ് ഓണനാളുകള്‍ അവന് സമ്മാനിച്ചത്. കമ്പോളവല്‍ക്കരിക്കപ്പെട്ടെങ്കിലും ഇന്നും ബഹുഭൂരിപക്ഷത്തിനും ഓണം സന്തോഷത്തിന്റെ നാളുകള്‍ തന്നെ. പ്രത്യേകിച്ചും, ഓണം കുട്ടികളുടേതല്ലേ? പൂവിളികളും പൂവട്ടികളുമായി നടന്നിരുന്ന കാലം ഏറെക്കുറെ അന്യമായിത്തുടങ്ങിയെങ്കിലും ഇന്നും ഓണാഘോഷങ്ങളില്‍ സന്തോഷിക്കുന്നത് കുട്ടികള്‍ തന്നെ. എത്രയേറെ ദുഃഖങ്ങള്‍ നമുക്കുണ്ടായാലും കുട്ടികളുടെ സന്തോഷം ആരാണാഗ്രഹിക്കാത്തത് ? അതുകൊണ്ട് ഈ ഓണവും നമുക്ക് ആഘോഷിക്കാം. ഇടയ്ക്കിടെ ഇങ്ങനെയുള്ള കൊച്ചുകൊച്ചാഘോഷങ്ങളല്ലേ ജീവിതസദ്യയില്‍ തൊടുകറികളാകുക!

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍!!!!!!!

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ഓര്‍മ്മ. Bookmark the permalink.

71 Responses to ഓണാശംസകളും ചില ചിന്തകളും

 1. എല്ലാവര്‍ക്കും ഓണാശംസകള്‍

 2. JOHN P A says:

  ഓണാശംസകള്‍.പ്രായം കടന്നുപോയാലും പൊലിമസശിക്കാത്തതാണ് ഓണസ്മരണകള്‍. അതെന്നും വര്‍ണ്ണാഭമായി നിലനില്‍ക്കട്ടെ. എല്ലാ ഗണിതാദ്ധ്യാപകര്‍ക്കും ,മാന്യസന്ദര്‍ശകര്‍ക്കും ഏന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍

 3. bhama says:

  എല്ലാവര്‍ക്കും ഓണാശംസകള്‍

 4. ഗൃഹാതുരത്വമുണര്‍ത്തുന്ന കാലമാണ് ഓണക്കാലം. അത്തം മുതല്‍ പത്തു നാള്‍ പൂക്കളമൊരുക്കി ഓണമാഘോഷിച്ച കുട്ടിക്കാലം നെഞ്ചിലുണര്‍ത്തുന്ന നഷ്ടബോധം ചെറുതല്ല. സുഖമുള്ള ആ ഓര്‍മ്മകള്‍ മനസ്സിന്റെ അകക്കണ്ണിലെവിടെയോ ഇപ്പോഴും പൂവിളികളുണര്‍ത്തി തുമ്പിതുള്ളുന്നത് കാണാം.

  ഏവര്‍ക്കും എന്റേയും കുടുംബത്തിന്റേയും സന്തോഷപ്രദമായ ഓണാശംസകള്‍ !

 5. എല്ലാ ബൂലോക നിവാസികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

 6. All celebrations generates new energy. This lead society to a vibrant future.wish u a happy ONAM

 7. Babu Jacob says:

  എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും , മനസ്സില്‍ എന്നോടു വിദ്വേഷമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
  *** ഓണാശംസകള്‍ ***.
  “ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും

  ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും

  മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും

  മണവും മമതയും ഇത്തിരി കൊന്നപൂവും “

  .

 8. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

 9. കൃത്രിമമായ ലഹരികളൊഴിഞ്ഞുനില്‍ക്കുന്ന നന്മയുടെ, സാഹോദര്യത്തിന്റെ,സ്നേഹത്തിന്റെ കെടാവിളക്കാകട്ടെ ഇത്തവണത്തെ ഓണം. ഏവര്‍ക്കും ഗീതയുടേയും കുടുംബത്തിന്റേയും ഓണാശംസകള്‍.

 10. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
  നിസാര്‍
  ഷഹന നിസാര്‍
  ഹനീന്‍
  ഹാദിഖ് നിസാര്‍
  ഹിബ

 11. Swapna John says:

  ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആഘോഷമായ ഓണത്തിന് ഞങ്ങളുടെ എല്ലാവിധ ആശംസകളും.

 12. ഹരിത says:

  മാത്സ് ബ്ലോഗിലെ എല്ലാ അംഗങ്ങള്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍

  @ ജനാര്‍ദ്ദനന്‍ സര്‍
  അമ്മുവിനും വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍

  @ അഞ്ജന ചേച്ചി
  ചേച്ചിക്കും വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍

  @ ജയശങ്കര്‍ സര്‍
  വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍

  @ കൃഷ്ണന്‍ സര്‍
  സാറിനും വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍

  @ ഹരി സര്‍ ,നിസാര്‍ സര്‍ ,ജോണ്‍ സര്‍ ,ഭാമ ടീച്ചര്‍ ,ഷെമി ടീച്ചര്‍ , വിജയന്‍ സര്‍ ,നിധിന്‍ സര്‍ ,ഫിലിപ്പ് സര്‍,അസീസ്‌ സര്‍ ,രാമനുണ്ണി മാസ്റ്റര്‍എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍

  @ ബാബു സര്‍ , ഹോംസ് സര്‍ ,ഗീത ടീച്ചര്‍ ,
  ടീന ടീച്ചര്‍,എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍

  എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്മ നിറഞ്ഞ ഓണാശംസകള്‍

 13. ഹരിത says:

  @ സി.എ.ഹൈസ്കൂള്‍ (കുഴല്‍മന്ദം)

  എല്ലാ അധ്യാപകര്‍ക്കും വിസ്മയയുടെ ഓണാശംസകള്‍.
  ചെന്താമരാക്ഷന്‍ സര്‍,പ്രസാദ്‌ സര്‍,സുകുമാരന്‍ മാസ്റ്റര്‍,ഗീത ടീച്ചര്‍,ശിവദാസന്‍ മാസ്റ്റര്‍ സ്കൂളിലെ മറ്റു അധ്യാപകര്‍ എല്ലാവര്ക്കും വിസ്മയയുടെ ഓണാശംസകള്‍.

 14. മലയാളികള്‍ക്ക് സ്നേഹപൂര്‍വ്വം
  ഓണാശംസകളോടെ

  സോമലത

 15. jayanEvoor says:

  കൊള്ളാം, നല്ല എഴുത്ത്!

  ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

  എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
  http://www.jayandamodaran.blogspot.com/

 16. ഒരു കാര്‍ഷികോത്സവമാണെന്ന്‌ വരുന്നു. കാര്‍ഷികോത്സവം ആഘോഷിക്കേണ്ടത്‌ കൃഷിക്കാരാണ്‌. എന്നാല്‍, ‘കേരള സാംസ്‌കാരികത്തനിമ’യുടെ കാലത്ത്‌ കൃഷിവേല ചെയ്‌തിരുന്ന പുലയനും ചെറുമനുമൊന്നും ഓണം ആഘോഷിച്ചിരുന്നില്ല. ഓണം ഉണ്ടിരുന്നത്‌ തമ്പ്രാക്കളായിരുന്നു. കൃഷിക്കാര്‍ക്ക്‌ ലഭിച്ചിരുന്നത്‌, നിലത്ത്‌ കുഴിച്ച കുഴിയില്‍ വിളമ്പിയിരുന്ന ‘കരിക്കാടി’യായിരുന്നു. മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഭരണ സമ്പ്രദായത്തിന്‌ ‘കേരളത്തനിമ’യുമായി യാതൊരു ബന്ധവുമില്ല എന്നു ചുരുക്കം.ഓണവുമായി ബന്ധപ്പെട്ട ബ്രാഹ്മണ മത വിശ്വാസം ശരിയാണെങ്കില്‍ ആ വിശ്വാസം കേരളത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഓണം ആഘോഷിക്കുന്നില്ല. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി എന്നു പറയുന്നത്‌ വലിയൊരു നുണയാണെന്ന്‌ ബ്രാഹ്മണ മത വിശ്വാസം തന്നെ തെളിവ്‌ നല്‍കുന്നുണ്ട്‌.തുടര്‌ന്നു വായിക്കുക

 17. sahani says:

  ഹൃദ്യമായ ഓണാശംസകള്‍. സാര്‍ത്ഥകമായ ഇടപെടലുകളിലൂടെ അദ്ധ്യാപകസമൂഹത്തിന് വഴിവിളക്കായി മൂന്നോട്ടുപോകാന്‍ ഈ കൂട്ടായ്​മയ്​ക്ക് കഴിയട്ടെ.

 18. സ്വതന്ത്രചിന്തകന്‍,

  നിലത്ത്‌ കുഴിച്ച കുഴിയില്‍ വിളമ്പിയിരുന്ന ‘കരിക്കാടി’ വിളമ്പാന്‍ തുടങ്ങിയതൊക്കെ എന്നാണ് സഹോദരാ? അത് കേരളമുണ്ടായ കാലത്തൊന്നും തുടങ്ങിയതല്ലല്ലോ? സംഘകാലഘട്ടത്തിലേ ‘ഇന്ദ്രവിഴാ’ എന്ന പേരില്‍ ഓണാഘോഷങ്ങള്‍ നടന്നിരുന്നു. എന്തെങ്കിലും ഇതുപോലുള്ള ആഘോഷങ്ങളെപ്പറ്റി പറയുമ്പോള്‍ ആവേശപ്പെട്ടിട്ട് കാര്യമില്ല. അതിന് ബ്രാഹ്മണന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയൊക്കെ മനുഷ്യനെ തരം തിരിക്കാതെ. എന്താണ് ഇവരൊക്കെ തമ്മില്‍ ജനിതകഘടനയിലുള്ള വ്യത്യാസം? ഇന്ന് അങ്ങനെയൊരു തരം തിരിവ് നമ്മുടെ നാട്ടിലുണ്ടോ?

  മുഴുപ്പട്ടിണിക്കാരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായ ഒരു വര്‍ഗത്തിന് പണ്ട് കൊയ്ത്തുകഴിയുമ്പോഴെങ്കിലും വൈക്കോലുമായി വീട്ടില്‍പ്പോകാനും അതില്‍ നിന്നും ഉതിര്‍ന്നു വീഴാതെ കിടക്കുന്ന നെന്മണികള്‍ പെറുക്കിയെടുക്കാനും അതുവഴി കുട്ടികളുടെ പട്ടിണി മാറ്റാനും കഴിയുമായിരുന്നു. ആ നിലക്ക് മുഴുപ്പട്ടിണിക്കാര്‍ക്ക് കൊയ്ത്തുകാലം കഴിയുമ്പോഴുള്ള ഈ ഓണം ഒരു ആഘോഷമായിരുന്നിരിക്കില്ലേ? അതിനവന്‍ കൈകൊട്ടുക മാത്രമായിരിക്കില്ല. തുള്ളിച്ചാടല്‍ പോലും നടത്തിയിട്ടുണ്ടാകും. ദുഃഖം മാത്രമുള്ള ജനത ചില ആഘോഷങ്ങളിലെങ്കിലും പങ്കെടുത്തോട്ടെ.

 19. ഇതൊരു തര്‍ക്കമാക്കി മാറ്റാന്‍ ഞാനില്ല. നമ്മുടേയെല്ലാം ചുറ്റുമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ഓണം ആഘോഷിക്കുന്നത് കാണുന്നില്ലേ? ഇന്നു രാത്രി എന്റെ വീട്ടില്‍ അറേഞ്ചു ചെയ്തിരിക്കുന്ന ഓണസദ്യ കഴിക്കാന്‍ വിവിധ മതക്കാരായ അയല്‍വീട്ടുകാരെത്തും. അതില്‍ കൃസ്ത്യനും മുസ്ലീമും ദളിതുമെല്ലാമുണ്ട്. ഇത്തരമൊരു കൂട്ടായ്മയ്ക്ക് അവസരമുണ്ടെന്നിരിക്കേ ഞാനെന്തിന് ഓണത്തെ തള്ളിപ്പറയണം? എനിക്ക് വേണ്ടത് ജാതീയമായ പിന്തുണയേക്കാളുപരി മാനുഷികമായ ബന്ധങ്ങളാണ്. അതു കൊണ്ടു തന്നെ ജാതി നോക്കാതെ ഞാന്‍ ആഘോഷങ്ങളെ പിന്തുണക്കുന്നു.

  തര്‍ക്കിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ല. എല്ലാവരേയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് എന്റെ വീട്ടുകാര്‍. ഞാനും അവരോടൊപ്പം കൂടട്ടേ.

  സ്വതന്ത്രചിന്തകന് ഓണാശംസകള്‍.

  സഹാനി സാര്‍,

  ഓണാശംസകള്‍.
  mathsekm@gmail.com ലേക്ക് ഒരു മെയില്‍ അയക്കാമോ? കുറേ നാളുകളായി സാറിനെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കുന്നു.

 20. നന്നായി

  ഓണാശംസകള്‍.

 21. BRC Edapal says:

  ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു..

 22. ഈ നാട്ടില്‍ മാത്രം ആഘോഷിക്കപ്പെടുന്ന ഓണത്തിനെ സംബന്ധിച്ച കെട്ടുകഥയിലെ സംബന്ധാസംബന്ധങ്ങള്‍ തിരിച്ചറിയാന്‍ കൂടി ശ്രമിക്കാതെ പൊള്ളയായ ആഘോഷങ്ങളിലേക്ക് മടങ്ങി വെറുതെ ഓണസദ്യയുണ്ട് മയങ്ങുന്നത് മറ്റുള്ളവര്‍ക്ക് സാധാരണമാണെങ്കിലും സമൂഹത്തോട് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട അദ്ധ്യാപക സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ സദ്യയക്കു ശേഷമെങ്കിലും ഹരിമാഷ് ഒരു ചര്‍ച്ചയ്ക്കു തയ്യാറാകണം.

 23. ravi says:

  കുറുമ്പന്‍ വിക്ക് (അക്ഷരത്തെറ്റ്) മനഃപൂര്‍വം വരുത്തുകയാണല്ലേ ?

 24. Manmohan says:

  കഥ കെട്ടു കഥയോ ഉള്ള കഥയോ ആകട്ടെ. ഓണാഘോഷം കൊണ്ട് ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ? സൌകര്യമുള്ളവര്‍ അത് ആഘോഷിച്ചാല്‍ പോരേ. ആഘോഷിക്കാത്തവര്‍ ആഘോഷിക്കണവരുടെ മെക്കിട്ടു കേറണതെന്തിന്? മാഷുമ്മാര് സദ്യയുണ്ണാതെ പഠിപ്പിക്കണമെന്നാണോ കറുമ്പന്‍ പറയണത്? ഇതാണ് കുറുമ്പ്. ഓണം പൊള്ള, വിഷു പൊള്ള, റംസാന്‍ പൊള്ള, കൃസ്തുമസ് പൊള്ള എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചാലത്തെ കാര്യമെന്തായിരിക്കും. സദ്യയുണ്ണാനും കൈവേണ്ട മാഷേ?

 25. ഓണക്കളിയും ഓണപ്പാട്ടുകളുമെല്ലാം എങ്ങും കാണാനേയില്ല. അവശേഷിക്കുന്നത് ഓണസദ്യ മാത്രം. അതും ഇല്ലാതാക്കല്ലേ. പാഠപുസ്തകത്തില്‍ ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ അധ്യാപകര്‍ പഠിപ്പിക്കാന്‍ പാടില്ലേ. ഓണത്തെക്കുറിച്ചുള്ള കത്ത്, സംഭാഷണം, ചരിത്രം മുതലായ വിവിധ ആക്ടിവിറ്റികളുള്ള ഒരു ചോദ്യപേപ്പര്‍ വന്നാലെന്ത് ചെയ്യും? കുട്ടികള്‍ പരീക്ഷ ബഹിഷ്ക്കരിക്കണോ? പാഠപുസ്തകത്തിലിതേപ്പറ്റിയെന്തു വിഷയങ്ങളുള്ള കാലം അധ്യാപകര്‍ക്ക് ഇതേപ്പറ്റിയൊക്കെ പറയാതെ വയ്യ.

 26. JAYAN says:

  മാത്സ് ബ്ലോഗിലെ എല്ലാ സന്ദര്സകര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍
  ജയന്‍
  നിഷ
  ആര്‍ദ്ര (പൊന്നു )
  ആദര്‍ശ് (പൊന്നുട്ടന്‍ )

 27. നിങ്ങള്‍ പേടിക്കേണ്ട!
  എല്ലാ ഓണത്തിനും വിഷുവിനും വരും, കറുമ്പനും, സ്വതന്ത്രചിന്തകനും സത്യാന്വേഷിയും…മറ്റും മറ്റും!
  മലയാളികള്‍ എവിടെയൊക്കെ കൈമെയ് മറന്ന് ആഘോഷിക്കുന്നുവോ, ഇവറ്റകള്‍ക്ക് സഹിക്കില്ല.
  ആധുനിക ബുദ്ധിജീവികളാണിവര്‍! ചെവികൊടുക്കാതെ വിട്ടേക്ക്.
  ഊശാന്‍ താടിയും ബുജിസഞ്ചിയുമായി നടക്കുന്ന ഇക്കൂട്ടരുടെ നേരമ്പോക്കാണിത്.

 28. ഓണത്തെക്കുറിച്ചെഴുതിയത് അത്ര വലിയ പാതകമായെന്നൊന്നും എനിക്കു തോന്നുന്നില്ല. എല്ലാ വിശേഷദിവസങ്ങളിലും നമ്മുടെ ബ്ലോഗിലിതു പതിവുള്ളതാണല്ലോ. പക്ഷെ അപ്പോഴെല്ലാം ഊണു കഴിഞ്ഞു (ഊണു കഴിക്കാതെ തരമില്ലല്ലോ) ഞാന്‍ അയ്യപ്പന്‍കാവുകാരിയെയും കൂട്ടി വീട്ടിലേക്കു പോവുമ്പോഴായിരിക്കും ഇവിടെ കറുമ്പന്റേതു പോലുള്ള കമന്റുകള്‍ വരിക. അതുകൊണ്ടുതന്നെ അതിനൊന്നും ലൈവായി മറുപടിയെഴുതാന്‍ പറ്റാറില്ല. ഇതു പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് തിരുവോണത്തിന് വരേണ്ട പോസ്റ്റ് ഒരു ദിവസം നേരത്തേയാക്കിയത്.

  കറുമ്പന് എന്റെ വിശ്വാസം അന്ധവിശ്വാസമാണെന്ന് വിശ്വസിക്കാം. ഞാന്‍ തിരിച്ചും വിശ്വസിച്ചോളാം. അതിനുള്ള അവകാശം അംബേദ്ക്കറെഴുതി തയ്യാറാക്കിയ ഇന്‍ഡ്യാ മഹാരാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങളും സമുചിതമായി കൊണ്ടാടാനുള്ള ഞങ്ങളുടെ തീരുമാനം പുനരാലോചനയ്ക്കു വിധേയമാക്കേണ്ടതില്ലല്ലോ.

  സോമലത ടീച്ചറുടെ വരികള്‍ വായിച്ചല്ലോ. പാഠപുസ്തകങ്ങളില്‍ ഇതേപ്പറ്റിയൊക്കെ പരാമര്‍ശങ്ങളുള്ളിടത്തോളം കാലം കേരളത്തിലെ സമ്പ്രദായങ്ങളെപ്പറ്റി പറയുക ഞങ്ങളുടെ കര്‍ത്തവ്യമാണ്. അതേപ്പറ്റി പറയാതിരിക്കുന്നതാണ് തെറ്റെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 29. @ഹോംസ്:
  ഓണം ഒരു ഹൈന്ദവാഘോഷമാണെന്നും ഒരു രാജ്യത്തിന്റെ ദേശീയോത്സവമാക്കിയത് വര്‍ഗീയതയാണെന്നുമുള്ള വിമര്‍ശനമുന്നയിക്കുന്നവരില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ള പ്രശസ്തരുമുണ്ട്.വസ്തുതകളും ചരിത്രയാഥാര്‍ഥ്യങ്ങളും വച്ചാണ് അവരെല്ലാം തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കുന്നത്. അതില്‍ ഇത്ര അസഹിഷ്ണുത തോന്നുന്നത് മൃദുഹിന്ദുത്വബോധത്തിന്റെ പ്രശ്നമാണ്.
  @ഹരി:
  “ബ്രാഹ്മണന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയൊക്കെ തരം തിരിവ് നമ്മുടെ നാട്ടിലുണ്ടോ?”എന്ന് അദ്ഭുതം കൂറുന്ന താങ്കള്‍ , ജാതിയില്ലാത്ത ഇക്കാലത്തും സോമലത, ഇപ്പോഴും ഷേണായി ആയി പരസ്യമായി രംഗത്തുവരുന്നത് എന്തേ എന്നു് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 30. Sankaran mash says:

  സോമലത ടീച്ചറേ,

  ടീച്ചര്‍ക്ക് വല്ല സ്വതന്ത്രചിന്തക എന്നോ മറ്റോ പേര് വെച്ചാല്‍പ്പോരായിരുന്നോ? എങ്കില്‍ സ്വതന്ത്രചിന്തകനെപ്പോലെ ധൈര്യമായി എന്തും വിളിച്ചു പറയാമായിരുന്നില്ലേ.

  എന്തു പറഞ്ഞാലും വരും മൃദുഹിന്ദുത്വതേങ്ങാക്കൊല. ഇവിടെ ആര്‍ക്കാണ് ചിന്തകാ, പ്രീണനമില്ലാത്തത്? നിങ്ങള്‍ നടത്തുന്നതും ഒരു തരം പ്രീണനമല്ലേ? അല്ലാത്ത നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴെങ്ങാന്‍ നിങ്ങളെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? അന്നേരമെന്താ നിങ്ങളുടെ ചിന്ത ചിതലരിക്കുമോ?

 31. Sankaran mash says:

  കറുമ്പന്‍,

  “ഇവിടെ പൊതിഞ്ഞുവെച്ചിരിക്കുന്ന ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടപ്പെടരുതെന്നും അവ കുട്ടികള്‍ അറിയാന്‍ പാടില്ലെന്നു വിചാരിക്കുന്നതു കൊണ്ടാണോ ? “

  എന്താണ് ഇവിടെ പൊതിഞ്ഞു വെച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍? ആരെങ്കിലും പൊതിഞ്ഞു വെച്ചാല്‍ പുറത്തു വരാത്ത ഒന്നാണോ യാഥാര്‍ത്ഥ്യം? മനസ്സിലെ കോംപ്ലെക്സാണ് നിങ്ങളെത്തന്നെ കറുമ്പന്‍ എന്ന് വിളിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. മനസ്സ് കഴുകി വൃത്തിയാക്കുക. ആദ്യം.

 32. revima says:

  മാത് സ് ബ്ളോഗിലുടെ കടന്നു പോകുന്ന എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും ഓണാശംസകള്‍.

 33. sankaranmash says:

  എല്ലാ മാന്യസന്ദര്‍ശകര്‍ക്കും ഏന്റെയും കുടുംബത്തിന്റെയും!!!!!ഓണാശംസകള്‍!!!!!!!

 34. മാത്‍സ് ബ്ലോഗിന് ജാതി-സമുദായ വേര്‍തിരിവുകളില്ല. ഈ ബ്ലോഗ് ടീമിലുള്ള 16 പേരില്‍ വിവിധ മതവിശ്വാസികളും വിശ്വാസങ്ങളില്ലാത്തവരുമുണ്ട്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടക്കം ദിവസം ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ഒരു ബ്ലോഗാണിത്. അതു കൊണ്ടു തന്നെ ജാതി-മത-വര്‍ഗിയ പരാമര്‍ശമുള്ള കമന്റുകള്‍ നമുക്കു വേണ്ട. അത് ആരുടേതായാലും ഡിലീറ്റ് ചെയ്യും.

  കമന്റ് ഇടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. സംഘട്ടനങ്ങള്‍ അറിവ് പകരാനായിരിക്കണം. സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകരുത്.

 35. shemi says:

  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

 36. സാമ്പ്രദായിക ആഘോഷങ്ങളെ ആചരിക്കാനും എതിര്‍ക്കാനും സ്വാതന്ത്ര്യമുള്ള നാടാണിത്.ആഘോഷത്തിനു പിന്നിലുള്ള ഐതീഹ്യങ്ങള്‍ യഥാര്ത്യമാണോ അല്ലേ എന്നുള്ളതല്ല.മലയാളിയുടെ ആഘോഷമാണ് ഓണം ennu ബഹുസ്വര സമൂഹം അറിഞ്ഞോ അല്ലാതെയോ അത് ആഘോഷിക്കുന്നു.ഓണം ഹിന്ദു വിന്റെതാണ് മാത്രമാണ്, അല്ല സവര്‍ണനു മാത്രമാണ് എന്ന നിലപാടിന് മലയാളിക്കിടയില്‍ വലിയ സ്ഥാനമില്ലെന്നത് എതിര്‍ക്കപ്പെടുന്നവര്‍ മനസ്സിലാക്കണം.കേരളം സവര്‍ണ അജണ്ടയില്‍ തളക്കപ്പെട്ടു എന്നാണോ ഇതിനര്‍ത്ഥം !!!.

  ഏതൊരു ആഘോഷത്തോടും യോജിക്കുന്നത് പോലെ തന്നെ അതിനെ എതിര്‍ക്കാനും അവരുടെ വാദഗതികള്‍ അവതരിപ്പിക്കാനും ഉള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് എന്നാല്‍ ആഘോഷിക്കപെടുന്നവന്റെ മെക്കിട്ടു കയറലായി ഇത് മാറാന്‍ പാടില്ല എന്നത് പോലെ എതിര്‍ക്കുന്നവനെ ജാതീയമായി അധിക്ഷേപിക്കാനുള്ള ശ്രമം ‘തമ്പ്രാക്കനിസം’ ആയോ എന്നും പരിശോധിക്കേണ്ടതുണ്ട്.വാലന്‍ന്റൈന്‍ ഡേ ആഘോഷിക്കുന്ന കുട്ടിയെ എതിര്‍ക്കുന്നവര്‍ ഓണം ആച്ചരിക്കപെടാതതിനെ എതിര്‍ക്കുന്നു !!.ഒന്നമാതെതിനു നാം കാണുന്ന ന്യായീകരണം രണ്ടാമതെതിനു നാം അംഗീകരിച്ചു കൊടുത്തുകൂടെ.
  ഒഴുക്കിനെതിരെ നീങ്ങുന്നവര്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍.
  സംവാദം നടക്കട്ടെ എന്ന പൊട്ടന്റെ അഭിപ്രായത്തോടെ

  ഏവര്‍ക്കും എന്‍റെ ഓണാശംസകള്‍

 37. @ഹരി:
  ഇന്നു രാത്രി എന്റെ വീട്ടില്‍ അറേഞ്ചു ചെയ്തിരിക്കുന്ന ഓണസദ്യ കഴിക്കാന്‍ വിവിധ മതക്കാരായ അയല്‍വീട്ടുകാരെത്തും. അതില്‍ കൃസ്ത്യനും മുസ്ലീമും ദളിതുമെല്ലാമുണ്ട്.
  ഇത്തരമൊരു ഓണസദ്യ ഏപ്പോഴെങ്കിലും നിസാര്‍ സാറുമാരും ജോണ്‍ മാഷുമാരും അറേഞ്ചു ചെയ്തിട്ടുണ്ടോ, ചെയ്യാറുണ്ടോ എന്നൊന്ന് അന്വേഷിക്കൂ. ഇല്ലെങ്കില്‍ അതില്‍ എല്ലാ ഉത്തരവുമുണ്ട്.

 38. JOHN P A says:

  പ്രീയ സത്യന്വേഷി
  ഞാന്‍ ഓണസദ്യ ഒരുക്കിയിട്ടില്ല.എല്ലാ ഓണത്തിനും ഞാന്‍ ഇത്തരമൊരു സദ്യയില്‍ പങ്കുകൊള്ളുന്നു. ഇന്ന് കുടുംബസമേതം പോകും. ഭാര്യയുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ .ജാതിയും മതവുമൊന്നു ഇന്നുവരെ എന്നെ ഒന്നില്‍ നിന്നും വിലക്കിയിട്ടില്ല. ഞാന്‍ കൃസ്തീയബിംബങ്ങളുടെ തടവുകാരനുമല്ല.

 39. O–Rumayude
  N–Naamayude
  A–Ghoshangalude
  M–Alayaleyude
  Onam Varavayi
  HAPPY ONAM!

 40. Manzoor says:

  ഓണാഘോഷം മലയാളിയുടേതാണെന്ന് പറയാന്‍ എനിക്കു മടിയില്ല. ഗള്‍ഫില്‍ ജോലി ചെയ്ത കാലമത്രയും ഓണം ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്. റൂമില്‍ ഓണക്കളിയൊക്കെ നടത്തി. ഇതൊക്കെ ഒരു രസമല്ലേ. എല്ലാവരും കൂടി പായസമുണ്ടാക്കിയതൊന്നും മറക്കാന്‍ പറ്റില്ല. അതുപ്പോലെ എന്റെ കുട്ടി അയല്‍പ്പക്കത്ത് പൂക്കളമിടാന്‍ പോകുന്നത് ഞാന്‍ തടയാറില്ല.

 41. “ഇത്തരമൊരു ഓണസദ്യ ഏപ്പോഴെങ്കിലും നിസാര്‍ സാറുമാരും ജോണ്‍ മാഷുമാരും അറേഞ്ചു ചെയ്തിട്ടുണ്ടോ,”
  കഴിഞ്ഞ ഓണവും ഇത്തവണത്തെ ഓണവും പകല്‍ ഭക്ഷണം കഴിക്കാനും ഒരുക്കാനും സാധിക്കാത്ത റമദാന്‍ മാസത്തിലായിപ്പോയി! മൂന്നുവര്‍ഷം മുമ്പുവരെ തീര്‍ച്ചയായും ഓണത്തിന് തൂശനിലയില്‍ സദ്യ വിളമ്പി ആഘോഷിച്ചതോര്‍ക്കുന്നു. എന്തുചെയ്യാം, അടുത്ത ഓണവും മിക്കവാറും പുണ്യമാസത്തിലായിരിക്കും. അതിനടുത്ത ഓണത്തിന് എന്റെ വീട്ടില്‍ സദ്യ ഒരുക്കാം. സത്യാന്വേഷി തീര്‍ച്ചയായും വരണം. നമ്മള്‍ തമ്മില്‍ ഒരു പന്ത്രണ്ട് കിലോമീറ്റര്‍ അകലമല്ലേയുള്ളൂ..!അല്ലെങ്കില്‍ നമ്മുടെ ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ചിരുന്ന് എവിടെയെങ്കിലും ആഘോഷിക്കാം. എന്തുപറയുന്നു?

 42. ഈ ബ്ലോഗില്‍ ദിവസവും കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. ഇന്നുവരെ, സത്യമായും, ഹരി,നിസാര്‍,ജോണ്‍ സാറന്മാര്‍ വ്യത്യസ്ത ജാതിമതക്കാരാണെന്ന് ചിന്തിച്ചിട്ടേയില്ല! സോമലത ഷേണായിയിലെ ഷേണായിയേയോ, ഗീതാസുധിയിലെ സുധിയേയോ ജാതിസ്കാന്‍ ചെയ്യുന്ന മനോഭാവത്തിന് എന്തോ കുഴപ്പമില്ലേ പ്രിയ സത്യാന്വേഷീ? ങാ, ചിലപ്പോള്‍ എന്റെ വിവരക്കുരവായിരിക്കും.
  എന്തായാലും ചര്‍ച്ചകള്‍ സജീവമാക്കാന്‍ സത്യാന്വേഷി നീണ്ട ഇടവേളക്കുശേഷം എത്തിയതില്‍ സന്തോഷം.ഒരോണത്തിന് മാത്​സ് കുടുംബാംഗങ്ങളുടെ സംഗമമെന്ന ആശയം നന്ന്. എന്നേയും ക്ഷണിക്കണേ..

 43. @ വി.കെ.നിസാര്‍ സാര്‍
  അടുത്ത വര്‍ഷം ഓണവും റമദാനും ഒരുമിച്ച് വരുമെന്ന സന്ദേഹം വേണ്ട
  2011ല്‍ റമദാന്‍ ആരംഭിക്കുന്ന ദിവസം ആഗസ്ത് 1
  അവസാനിക്കുന്നത് ആഗസ്ത് 29
  പെരുന്നാള്‍ ആഗസ്ത് 30

  ഓണം 2011 സപ്തമ്പര്‍ 8,9
  എന്തായാലും സദ്യ ഉണ്ണാം

 44. ഒരാളോട് ഞാന്‍ സംസാരിക്കുന്നത് ജാതി നോക്കിയല്ല. ആരോടും ജാതിയുടെ പേരില്‍ അകല്‍ച്ചയും ഇല്ല.

  കൂട്ടുകാരൊരുമിച്ച് ഓണപ്പൂക്കളുമിടുമ്പോഴും ക്രിസ്തുമസ് കരോളിനു പോകുമ്പോഴും നോമ്പുതുറകളില്‍ പങ്കെടുക്കുമ്പോഴും ഞങ്ങള്‍ക്കിടയില്‍ ജാതി ഒരു ഘടകമായിരുന്നില്ല. ആ ശീലം ഇന്നും അഭംഗുരം തുടരുന്നു.

  മാത്‍സ് ബ്ലോഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആഘോഷദിനങ്ങളിലെ ആശയസംഘട്ടനം രൂക്ഷമായി കാണാറുണ്ട്. അതു ശീലമായതില്‍പ്പിന്നെ, ഓരോ ആഘോഷം വരുമ്പോഴും സത്യാന്വേഷി, നിസ്സഹായന്‍, കറുമ്പന്‍, ചാര്‍വാകന്‍ തുടങ്ങിയ ഗ്രൂപ്പിനെ പ്രതീക്ഷിക്കാന്‍ തുടങ്ങി. ഇതു നമ്മുടെ വായനക്കാര്‍ക്കുമറിയാം. സത്യത്തില്‍ ഓരോരുത്തരേയും അവരരവരുടെ വഴിക്കു വിട്ടാല്‍ ഒഴിവാക്കാവുന്ന പ്രശ്നമല്ലേയുള്ളു.

 45. ഓണം ആഘോഷിക്കുന്നവര്‍ ആഘോഷിച്ചാല്‍ മതി. അല്ലാത്തവര്‍ ആഘോഷിക്കേണ്ട. സ്വാതന്ത്ര്യദിനം ആഘോഷിക്കാത്തവര്‍ രാജ്യത്തില്ലേ? എന്നു വെച്ച് ബാക്കിയുള്ളവര്‍ക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പാടില്ലേ? രാമരാജ്യം വരണമെന്നു പറഞ്ഞതിനാല്‍ ഒരു മഹാത്മാവിനെ മതതീവ്രവാദിയാണെന്നു പറഞ്ഞു നടക്കുന്നത് ഇതേ പരിഷകളാണ്. പട്ടിയൊട്ട് തിന്നുകേമില്ല, പശൂനെയെൊട്ട് തീറ്റിക്കുകയുമില്ല.

  കള്ളജന്തുക്കള്‍. ആങ്ങള ചത്താലും കുഴപ്പമില്ല, നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതിയെന്ന ചിന്തയുമായിട്ടു നടക്കുന്ന വിഷവിത്തുക്കള്‍. ഇവനെയൊക്കെ രാജ്യദ്രോഹികളുടെ ലിസ്റ്റിലാണ് ‍പെടുത്തേണ്ടത്.

 46. Babu Jacob says:

  .

  ചില കമന്റു കളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതികരണം .

  ഓണം ആഘോഷിക്കാന്‍ 400 കിലോമീറ്റെര്‍ അകലെ സ്വന്തം നാട്ടില്‍ എത്തിയവനാണ് ഞാന്‍.
  ഓണാഘോഷങ്ങള്‍ ചാതുര്‍ വര്‍ണ്യത്തിന്റെ ബാക്കി പത്രമാണെന്ന് പറയാന്‍ മാത്രം “ഓണം കേറാമൂലകളായി ” മാറിയ മനസ്സുകളോട് ഒരപേക്ഷ .
  സംഘര്‍ഷ ഭരിതമായ ഈ ജീവിത യാത്രക്കിടയില്‍ ഞങ്ങള്‍ (നമ്മള്‍ ) ഒരല്‍പം ആഹ്ലാദിച്ചുകൊള്ളട്ടെ.
  നാടും വീടും വിട്ടു മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവാസിയുടെ , മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരത്വം കൂടിയാണ് .
  ഇത് തല്ലി കെടുത്തരുത്.

  ഹോംസ് സാര്‍ പറഞ്ഞതുപോലെ ഓണത്തിനും വിഷുവിനുമെല്ലാം ഇവര്‍ വരും, വര്‍ഗ്ഗീയതയുടെ വിഷം ചീറ്റാന്‍ .

  മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കു തന്നെ എല്ലാ സമൂഹത്തിലും പല വിഭാഗങ്ങളുണ്ടായിരുന്നു .
  അതിന്റെ അടിസ്ഥാനം പലപ്പോഴും വംശീയമോ , ധനമോ , വര്ണമോ , വഗ്ഗമോ ഒക്കെ ആയിരുന്നു .
  നമ്മുടെ സമൂഹത്തില്‍ അത് വര്ഗ്ഗപരമായിരുന്നു .
  അതിന്റെ ചരിത്രം അസീറിയയില്‍ നിന്നുള്ള കുടിയേറ്റവും , ആര്യ ദ്രാവിഡ സംഘര്‍ഷത്തിലും തുടങ്ങുന്നു .

  വര്‍ഗ്ഗപരമായ അടിച്ചമര്ത്തലുകളില്‍ നിന്നും സമൂഹം സ്വതന്ത്രമായിട്ട് കാലമെത്രയായി ?

  ഇന്ന് രണ്ടു വിഭാഗങ്ങളെ ഉള്ളു.
  അധികാരം ഉള്ളവനും , ഇല്ലാത്തവനും .
  അധികാരമുള്ളവന്‍ ഇല്ലാത്തവന്റെ മേല്‍ അധീശത്വം പുലര്‍ത്തുന്നു .
  അധികാര വര്ഗ്ഗത്തിലേക്ക് അടിസ്ഥാന വര്‍ഗ്ഗം എത്തിയപ്പോള്‍ അവര്‍ സവര്‍ണരും , അധികാരമില്ലാത്ത ഉപരി വര്‍ഗ്ഗം അവര്‍ണരുമായി തീര്‍ന്നു എന്നതല്ലേ സത്യം .

  “കറുത്ത മക്കളെ ചുട്ടുതിന്നില്ലേ ” എന്ന് മൈക്കിന്റെ സ്ടാന്റില്‍ പിടിച്ചു നില തെറ്റാതെ നിലവിളിച്ചവര്‍ അധികാര വര്‍ഗ്ഗത്തിന്റെ ഭാഗമായപ്പോള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണി പറയാന്‍ ഒരു കയ്യിലെ ഒരു വിരല്‍ പോലും ആവശ്യമില്ല .

  ആരാണ് നിങ്ങളുടെ യഥാര്‍ഥ ശത്രു ?
  സവര്‍ണനോ ? അതോ അവര്‍ണനോ ?
  രണ്ടുമല്ല .
  നിങ്ങള്‍ തന്നെയാണെന്ന യാധാര്ധ്യം തിരിച്ചറിയണം .

  ഏതായാലും മൃദു , തീവ്ര ഹിന്ദുത്വത്തിന്റെ ജാലകപ്പഴുതുകളിലൂടെ ഓണാഘോഷത്തെ വീക്ഷിക്കാനും , വര്‍ഗീയതയുടെ വിഷ വിത്തുകള്‍ ഞങ്ങളുടെ കുട്ടികളില്‍ പാകി ഭാവി സമൂഹത്തിലേയ്ക്ക് ഒരു സത്യാന്വേഷിയെയോ , കറുംബനെയോ വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ അധ്യാപകര്‍ ഒരുക്കമല്ല .

  ഒന്ന് ഉപദേശിക്കാനുള്ള സ്വാതന്ത്ര്യം എടുത്തുകൊള്ളട്ടെ ?
  DNA test നടത്തി ബ്രാഹ്മണ രക്തമാണോ , ശൂദ്ര രക്തമാണോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ വീട്ടില്‍ സ്വന്തം കുട്ടിയുടെ ജന്മദിനം ആഘോഷിക്കൂ എന്ന് വാശി പിടിക്കരുത് .

  ഓണാശംസകള്‍

  .

 47. Swapna John says:

  ഞങ്ങളും ഓണം ആഘോഷിക്കാറുണ്ട്. ഇന്നലെ സണ്‍ഡേ ക്ലാസിലെ കുട്ടികളും കാറ്റിസം ടീച്ചേഴ്സും ചേര്‍ന്ന് പള്ളിയില്‍ പൂക്കളമിടുന്ന കാഴ്ചയും കണ്ടു. ഉച്ചയ്ക്ക് വീട്ടിലെല്ലാവരും കൂടി എന്റെ വീട്ടിലേക്കു പോകും. ഓണം എല്ലാവരുടേതുമാണ്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.

 48. Babu Jacob says:

  @ നിസാര്‍ സാര്‍ ,
  “നമ്മുടെ ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ചിരുന്ന് എവിടെയെങ്കിലും ആഘോഷിക്കാം” .

  നല്ല ആശയം . സ്വാഗതം ചെയ്യുന്നു .

  ബ്ലോഗ്‌ കുടുംബാംഗങ്ങളുടെ , കുടുംബാംഗങ്ങള്‍ കൂടി വേണം .

  ഒരു പരിചയപ്പെടലിന്റെ വേദികൂടി ആകട്ടെ ആ അവസരം .

  മധ്യ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ആയാല്‍ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സൗകര്യം ആകും .

  .

 49. ഓണം വേണോ വേണ്ടേ എന്നതല്ല പ്രശ്നം…
  അടിമുടി സവര്‍ണ ഹൈന്ദവ ബിംബങ്ങളാല്‍ സമ്പന്നമായ ഒരാഘോഷം,എത്ര കാലം മുംബായിരുന്നാലും കേരള ദേശീയത എന്ന നിലയില്‍ അവതരിക്കപ്പെട്ടതും സ്ഥാനം പിടിച്ചതും കൃത്യമായ അജണ്ടയോടെ തന്നെയാണ്. പില്‍ക്കാലത്ത്‌ സര്‍ക്കാരുകളും മാധ്യമങ്ങളും ചാനലുകളും സിനിമാക്കാരും പൂ കച്ചവടക്കാരും ഒടുവില്‍ ബാറുകാരും ചേര്‍ന്ന് അതിനെ അരക്കിട്ടുറപ്പിച്ചു എന്നതല്ലേ സത്യം…
  ഓണം ആഘോഷിക്കാത്ത മറ്റു നാനാജാതി മതസ്ഥരായ ജനങ്ങളുള്ള ഈ നാടിന്റെ ദേശീയ ഉത്സവം എന്ന തരത്തില്‍ മാത്സ് ബ്ലോഗ്‌ ഇതിനെ അവതരിപ്പിച്ചതാണ് തെറ്റ്… ശ്രീരാമനും രാമായണവുമാണ് ഇന്ത്യന്‍ ദേശീയത എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ…?
  ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജീവിക്കുന്നയാളാണ് ഞാന്‍. ഇവിടെ ഒരു കടകള്‍ക്ക് മുമ്പിലും മുലിം വീടുകള്‍ക്ക് മുമ്പിലും പൂക്കളം ഞാന്‍ കാണുന്നില്ല… മനസ്സില്‍ പൂക്കളമിട്ട് ഓണസദ്യ ഒരുക്കി നോമ്പ് തുറക്കാന്‍ തയ്യാറെടുക്കുകയായിരിക്കും എല്ലാവരും എന്ന് പ്രത്യാശിക്കട്ടെ…
  സിലബസ്സിലുള്ളത് പഠിപ്പിക്കണ്ടേ…?എന്ന് ചോദിക്കുന്നവരോട്…
  ആ സിലബസ്സും തയ്യാറാക്കിയത് നമ്മള്‍ തന്നെയാണെന്ന് മറക്കരുത്… സാമൂഹ്യ ബാധ്യതയുള്ള ഒരു ടീച്ചര്‍ സിലബസ്സിന് പുറത്ത് കടക്കില്ലെന്ന് വാശി പിടിക്കുകയുമരുത്… കാരണം ഗണിതത്തെ സിലബസ്സില്‍ പൂട്ടിയിടാനൊക്കില്ലല്ലോ..?ഇഷ്ടമുള്ളവര്‍ ആഘോഷിക്കട്ടെ നിങ്ങള്‍ക്കെന്താ എന്ന ചോദ്യത്തിനു മറുപടിയില്ല…
  ഓണം ഏല്ലാവര്‍ക്കും സന്തോഷം തരുന്നു…
  അവധി കിട്ടുന്നു…
  ബോണസ്സ് കിട്ടുന്നു…
  ഓണം ആഘോഷിക്കുന്ന ഏല്ലാവര്‍ക്കും ഓണാശംസകള്‍…

 50. മനോഹരം!

  Happy Onam to All!

 51. “ഓണം ആഘോഷിക്കാത്ത മറ്റു നാനാജാതി മതസ്ഥരായ ജനങ്ങളുള്ള ഈ നാടിന്റെ ദേശീയ ഉത്സവം എന്ന തരത്തില്‍ മാത്സ് ബ്ലോഗ്‌ ഇതിനെ അവതരിപ്പിച്ചതാണ് തെറ്റ്…”
  അല്ലേ…ഓണം ദേശീയോത്സവമല്ലേ..?
  കേരളത്തിന്റെ ദേശീയോത്സവമേതെന്ന ചോദ്യത്തിന് sabeerazhicode എന്ന അധ്യാപകന്‍(?)എന്താണ് പഠിപ്പിക്കുകയെന്നും ആ ചോദ്യത്തിന് ഓണം എന്ന് ഉത്തരമെഴുതുന്ന കുട്ടിക്ക് മാര്‍ക്ക് കൊടുക്കുമോയെന്നുമാണ് ഇനി അറിയാനുള്ളത്..!

 52. Joker says:

  ശ്ശെടാ,

  ഇതെന്തൊരു കഷ്ടം. ഓണം എന്ന ഹൈന്ദവാഘോഷം , സര്‍ക്കാര്‍ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കൊണ്ടാടുന്നു. ഐതിഹ്യം എന്ന് പറയുമെങ്കിലും ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച് കഥക്ക് ഒട്ടേറേ പ്രാധ്യാന്യമുണ്ട്. വാമനന്‍ മഹാ വ്വിഷ്ണുവിന്റെ അവതാരമാണ്. ബലി എന്ന അസുര മഹര്‍ഷി ‘ഭാരത’ ത്തില്‍ ജീവിച്ചിരുന്നു താനും. സത്യം പറഞ്ഞാല്‍ ഓണം 100% ശതമാനം ഹൈന്ദവമാണ്. കാരണം മുസ്ലിംഗളും, ക്യസ്ത്യാനികളും, ഹൈന്ദവ ഇതര മതക്കാരും. ഓണം ആഘോഷിക്കുന്നില്ല. അവര്‍ അത്തപൂക്കളം ഇടാട്റില്ല, ഉത്രാട പാച്ചില്‍ നടത്താറില്ല, ഓണ ദിവസം സദ്യ ഒരുക്കുന്നില്ല. പക്ഷെ എന്നിട്ടും ഒരു കൂട്ടം ഹൈന്ദവ സുഹ്യത്തുക്കള്‍ക്ക് തങ്ങളുടെ ആഘോഷം ജനകീയ വല്‍ക്കരിക്കണം എന്ന് നിര്‍ബന്ധം തന്നെ. ചെറുപ്പത്തില്‍ വീട്ടില്‍ ഞാന്‍ പൂക്കളം ഇടുമായിരുന്നു. കാരണം എന്റെ അധ്യാപകര്‍ ഓണം ദേശീയ ഉത്സവം ആണെന്ന് പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തതായിരുന്നു കാരണം. പക്ഷെ പിന്നീട് കാര്യം മനസ്സിലായി. ഹിന്ദുക്കളില്‍ സവര്‍ണരൊഴികെ മറ്റാര്രും ഓണം ആഘോഷിച്ചിരുന്നില്ല.ഇപ്പോള്‍ അവര്‍ണരും ആഘോഷിച്ചു തുടങ്ങി എന്ന് മാത്രം. ഇടത് പക്ഷത്തിനുള്ളില്‍ ഹൈന്ദവത കുത്തി തിരിയാന്‍ അതുണ്ടായ കാലം തുടങ്ങിയതാണ്. അവര്‍ ഓണം കൊയ്ത് ഉല്‍ സവമാണെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ വിലാസത്തില്‍ ഹൈന്ദവാഘോഷം പൊടി പൊടിക്കുന്നു എന്ന് മാത്രം.

  പിന്നെ , ഓണം ഹൈന്ദവരെ സംബന്ധിച്ചേടത്തോളം ആഘോഷം തന്ന്നെയാണ്. അവര്‍ പൂക്കളം ഇടുന്നു.പുതു വസ്ത്രം ധരിക്കുന്നു, സദ്യയുണ്ടാക്കുന്നു. ഞാന്‍ എന്റെ അയല്പക്കങ്ങളില്‍ ഓണത്തിന് സദ്യക്ക് പോകാറുണ്ട്. നോമ്പാകുമ്പോള്‍ എന്റെ അയല്‍ വീട്ടിലെ ഭാര്‍ഗവി ചേച്ചി വൈകിട്ട് സദ്യ വിഭവങ്ങള്‍ നോമ്പ് തുറകാന്‍ നേരം കൊണ്ട്റ്റു വരും. ഞങ്ങള്‍ അത് കഴിക്കാറ്രുമുണ്ട്.

  ഓണം അത് ഹൈന്ദവാഘോഷമാണെന്ന് പറഞ്ഞ് ഉളുപ്പോടെ ആഘോഷിക്കാന്‍ ഓണം ദേശീയാഘോഷകമ്മറ്റിക്കാര്‍ തയ്യാറാകണം. കാരണം ബക്രീദും,, ഈദു, ക്രിസ്തുമസ്സും ഒക്കെ ആഘോഷങ്ങള്‍ തന്നെയാണ്.അല്ലാതെ ഇത് ദേശീയാഘോഒഷവും മറ്റുള്ളവയൊക്കെ ‘മറ്റ്’ ആഘോഷമാവുകയും ചെയ്യുമ്പോള്‍ ഈ കള്ളി പുറത്ത് ചാടും.

  മുസ്ലിമ്മും, ക്യസ്ത്യാനിയും എല്ലാം എന്ന് പൂക്കളമിടാനും , റംസാനായാലും നോമ്പ് ഒഴിവാക്കി ഓണ സദ്യ ഊണ്ടാക്കുവാനും തുടങ്ങുന്ന കാലാം വരെ ഓണം ഹൈന്ദവാഘോഷം തന്നെയാണ്.അത് വരെ ദയവായി ആരും ദേശീയാഘോഷം ആക്കേണ്ടതില്ല. ഓണം ഹൈന്ദവ ആഘോഷമായത് കൊണ്ട് പൊതുവെ ഒരു പ്രശ്നവും ഉള്ളതായി തോന്നുന്നുമില്ല. ആര്‍ക്കെങ്കിലും ഇനി അതില്‍ എന്തെങ്കിലും കോമ്പ്ലക്സ് തോന്നുനു വെങ്കില്‍ തല്‍കാലം ‘കൊയ്തുത്സവം’ ആക്കിഅങ്ങോട്ട് അഘോഷിച്ചോളൂ. പക്ഷെ തല്‍ക്കാലം.സത്യം വിളീച്ചു പറയുന്നവന്റെ മേക്കിട്ട് കയറേണ്ട.

  എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും “ഹ്യദയം നിറഞ്ഞ ഓണാശംസകള്‍”

  ഇനിയും വാമനന് മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയും, അവകാ‍ശവും അപഹരിക്കാന്‍ വരാതിരിക്കട്ടെ. ബലിമാരെ പോലെ അടിമത്വം ആഘോഷിക്കുന്ന ഒരു ഭരണാധികാരിയെ നമുക്ക് ലഭിക്കാതിരിക്കട്ടെ.

  എന്‍.ബി : ക്യസ്തുമസ്സിനും, ഈദിനും, ബക്രീദിനും ഓരോ പോസ്റ്റ് ഈ ബ്ലോഗിലുണ്ടാകും എന്ന് കരുതുന്നു. ദേശീയമല്ലെങ്കീലും പത്തമ്പത് ലക്ഷം ചുള്ളന്‍സ് ആഘോഷിക്കുന്നതാണ് അതും.

 53. manoj kumar says:

  രാവിലെ തന്നെ പറമ്പുകളില്‍ ഓടി നടന്ന് പൂക്കള്‍ പറിച്ച്, പൂക്കളമൊരുക്കി, പുത്തന്‍ ഉടുപ്പുകളിട്ട്.ഉച്ചക്ക് സദ്യയുംകഴിഞ്ഞ് , ഓണക്കളികളില്‍ ഏര്‍പ്പെട്ടതുമെല്ലാം. എന്നും മനസ്സില്‍ നനുത്ത ഓര്‍മകളാണ്. എല്ലാവര്‍ക്കും ഓണാശംസള്‍.

  ഓണം ഹിന്ദുക്കളുടെതാണോ, മുസ്ലിംഗളുടേതാണോ എന്ന തര്‍ക്കത്തില്‍ കാര്യമുണ്ടോ എന്നറ്രിയില്ല. ഹിന്ദുക്കളാണ് ഓണം ഒരു ആഘോഷം എന്നരീതിയില്പൂര്‍ണമായി ആഘോഷിക്കുന്നത് എന്നാണ് തോന്നുന്നത്. ദേശീയാഘോഷം എന്നൊക്കെയുള്ളത് ഒരു പ്രയോഗം മാത്രമാണെന്ന് തോന്നുന്നു.

 54. ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജീവിക്കുന്നയാളാണ് ഞാന്‍. ഇവിടെ ഒരു കടകള്‍ക്ക് മുമ്പിലും മുലിം വീടുകള്‍ക്ക് മുമ്പിലും പൂക്കളം ഞാന്‍ കാണുന്നില്ല…
  നന്ദി സബീര്‍ അഴീക്കോട്. അധ്യാപകരുടെയിടയില്‍ ഒരാളെങ്കിലും ഉണ്ടല്ലോ സത്യം മനസ്സിലാക്കാനും അതു വിളിച്ചു പറയാനും.
  ഞാന്‍ ഓണസദ്യ ഒരുക്കിയിട്ടില്ല.എല്ലാ ഓണത്തിനും ഞാന്‍ ഇത്തരമൊരു സദ്യയില്‍ പങ്കുകൊള്ളുന്നു. ഇന്ന് കുടുംബസമേതം പോകും. ഭാര്യയുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍
  ഇത്ര പ്രചണ്ഡമായ പ്രചാരണമുണ്ടായിട്ടും ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ ഓണസദ്യ ഉണ്ടാക്കണമെന്നു തോന്നാത്ത,ഓണസദ്യ ഉണ്ണാനായി ‘ഭാര്യയുടെ ഒരു കൂട്ടുകാരിയുടെയും വീട്ടില്‍'(അത് ഒരു ഹിന്ദുഭവനമാണെന്നു പറയാതെതന്നെ അറിയാം) പോകേണ്ടിവരുന്ന ഓണത്തോടുള്ള അകല്‍ച്ച അഥവാ ഓണം സ്വന്തമല്ലെന്ന തോന്നല്‍ -അതേക്കുറിച്ചാണ് സത്യാന്വേഷി പറഞ്ഞത്. അക്കാര്യം മനസ്സിലാക്കാനുള്ള പലരുടെയും വൈമുഖ്യം വാസ്തവത്തില്‍ സത്യസന്ധതയില്ലായ്മയുടെ ലക്‌ഷണമാണെന്ന് ഖേദത്തോടെ പറയട്ടെ.
  എന്റെ വീടിനു സമീപത്തുള്ള ക്രിസ്ത്യന്‍,മുസ്ലിം ഭവനങ്ങളില്‍ എല്ലാക്കൊല്ലവും ഓണത്തിന് എന്റെ അമ്മ പായസമുണ്ടാക്കിക്കൊടുക്കാറുണ്ട്. ഇന്നും കൊടുത്തു. അവര്‍ ആരും അഥവാ നിസാര്‍ സാറിനെപ്പോലെ സദ്യവട്ടമൊക്കെയൊരുക്കിയാലും ഒരൊറ്റ ഹിന്ദുവിനേയും അതില്‍ പങ്കുകൊള്ളാന്‍ ക്ഷണിക്കാനാവില്ല.

 55. സത്യാന്വഷി ഈ ബ്ലോഗില്‍ ഉണ്ടാക്കിയിട്ടുള്ള “കുഴപ്പ”ങ്ങള്‍ക്ക് കണക്കില്ല. ദയവായി ക്ഷമിക്കുക. ഈ പോസ്റ്റില്‍ കമന്റിടരുതെന്ന് പലപ്പോഴും തീരുമാനിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും ചില വിഷയങ്ങളില്‍ സമാനരായ മറ്റു ചിലര്‍ വരുന്നതു കാണുമ്പോള്‍ അടങ്ങിയിരിക്കാനാവുന്നില്ല. അങ്ങനെ വന്നു പോയതാണ്. ആശയപരമായ ചര്‍ച്ചകളെ ഇതിന്റെ സംഘാടകര്‍ ഇത്ര ഭയക്കുന്നതുകൊണ്ടു പറയുകയാണ്.

 56. ഓണം എല്ലാവരും ആഘോഷിക്കട്ടെയെന്ന്. ഈ പരിഷ്കൃത സമൂഹത്തിലും ഓരോ ആഘോഷത്തേയും ഹിന്ദുവിന്റേത്, മുസ്ലീമിന്റേത്, ക്രിസ്ത്യാനിയുടേത് എന്ന തരത്തില്‍ കാണപ്പെടുന്നത് ഒരു തരം വര്‍ഗീയഭ്രാന്താണ്. അങ്ങനെ ചേരിതിരിഞ്ഞുള്ള ആഘോഷം നാടിനെ തമ്മിലടിപ്പിക്കാനേ ഉപകരിക്കൂ. ഇങ്ങനെയുള്ളവരാണ് നാട്ടില്‍ വര്‍ഗീയ വിഷവിത്ത് വിതക്കുന്നത്. കുട്ടികള്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തൊന്നും ഇവരാരും ചര്‍ച്ചയ്ക്ക് വന്ന് കണ്ടിട്ടില്ല. ഇതല്ലാതെ മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ഇവരുടെ വാക്കുകളെ ചെവിക്കൊള്ളേണ്ടതില്ല. വെറും മതഭ്രാന്തന്മാരുടെ വാക്കുകളായി കണ്ടു തള്ളിക്കളയുക.

  എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍.

 57. sabeerazhikode ഒരു മാഷാണെന്ന് കമന്റിലെങ്ങും പറയുന്നില്ല. സത്യാന്വേഷി പറയുന്നു sabeerazhikode മാഷാണെന്ന്.
  അതെങ്ങനെ സത്യാന്വേഷീ, ഒരു യോജിപ്പില്ലല്ലോ.

  “എന്നിരുന്നാലും ചില വിഷയങ്ങളില്‍ സമാനരായ മറ്റു ചിലര്‍ വരുന്നതു കാണുമ്പോള്‍ അടങ്ങിയിരിക്കാനാവുന്നില്ല”

  സമാനചിന്താഗതിക്കാരെയൊക്കെ മെയിലയച്ചു വരുത്തിയല്ലേ. ഉത്സവം കലക്കല്‍ എന്തു സുഖമുള്ള ഏര്‍പ്പാടാണ്.

  ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
  ചോര തന്നെ കൊതുകിന്ന് കൌതുകം

  “എല്ലാക്കൊല്ലവും ഓണത്തിന് എന്റെ അമ്മ പായസമുണ്ടാക്കിക്കൊടുക്കാറുണ്ട്. ഇന്നും കൊടുത്തു. “

  അതെന്തിനാണ്? ഈ റംസാന്‍ നോമ്പുകാലത്ത് ഉമ്മ പായസമുണ്ടാക്കിക്കൊടുത്തു അല്ലേ? വിശ്വസിച്ചു. വിശ്വസിച്ചു.

  വായനക്കാരേ ഇവരുടെ ലക്ഷ്യമെന്താണ്?

 58. Manmohan says:

  തര്‍ക്കം തീര്‍ക്കാന്‍ ഒരു സിമ്പിള്‍ ഫോര്‍മുല.

  കേരളത്തെ മൂന്നാക്കി വെട്ടി മുറിക്കാം.

  ഹിന്ദു കേരളം,
  മുസ്ലീം കേരളം,
  ക്രൈസ്തവ കേരളം

  എന്നിട്ട് നമുക്ക് ഓരോന്നും ആഘോഷിക്കാം. മുസ്ലീം കേരളത്തിലോ, ക്രൈസ്തവ കേരളത്തിലോ ഓണം ആഘോഷിച്ചാല്‍ അപ്പോള്‍ യുദ്ധം. ബോംബെറിയണം. കുറേയാടുകളെ കൊല്ലാം. അതുപോലെ ക്രിസ്തുമസ് ക്രൈസ്തവ കേരളത്തിന് മാത്രം. റംസാന്‍ മുസ്ലീം കേരളത്തിന് മാത്രം.

  എങ്ങനെയുണ്ട്. വാട്ടാനൈഡിയ സേര്‍ജി?

  വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്.

 59. കമന്റുകള്‍ പലതും അതിരു വിടുന്നു എന്ന് തോന്നുന്നതു കൊണ്ടു തന്നെ മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നു. ചര്‍ച്ചകളില്‍ ജാതി-മത-വര്‍ണ ഭേദങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കുമല്ലോ.

 60. ഹരിതയ്ക്കും ഗായത്രിക്കും വിസ്മയക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

 61. Praveena says:

  പണ്ടൊക്കെ ഓണത്തല്ലിന് കലാമൂല്യവും കായികപ്രാധാന്യവും ഉണ്ടായിരുന്നു. ഇതായിരിക്കാം സെബര്‍യുഗത്തിലെ ഓണത്തല്ല്. ഗാന്ധിയേക്കാള്‍ വലിയ സത്യാന്വേഷണം നല്ലതാണ്. പക്ഷേ അത് സമൂഹത്തിന് ഗുണകരമായിരിക്കണം.പണ്ടൊരിക്കല്‍ ബാബുസാര്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കുന്നു. പ്രതികരിക്കുന്നത് നമ്മുടെ സംസ്ക്കാരത്തിനുപറ്റിയതായിട്ടല്ല,സദസിന്റെ സംസ്ക്കാരത്തെ പരിഗണിച്ചാവണം.

 62. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

 63. ഓണം എനിക്ക് എന്താണ് എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഓണം കച്ചവട വല്‍ക്കരണത്തിന് വിധേയമാകുന്ന കാലത്ത് ഓണം ഉള്ളവന്റെ മാത്രം എന്ന അവസ്ഥയിലേക്ക് കടക്കുകയാണ്. ഒരു നേരത്തെ റേഷനരി വാങ്ങാന്‍ നിവൃത്തിയില്ലാതെ കാളി മൂപ്പത്തി വഴിവക്കില്‍ കുന്തിച്ചിരിക്കുമ്പോള്‍ ഓണം നമ്മിലേക്ക്‌ ഇറങ്ങാന്‍ മടിക്കുന്നു. ഓലക്കുടയുമായി ഓണത്തപ്പന്‍ അറച്ചു നില്‍ക്കുന്നു. കാളി മൂപ്പത്തിക്ക് വയസ് എണ്‍പത്തി ആറ്, റേഷന്‍ കാര്‍ഡില്‍ അങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരുവേള അതിലും എത്രയോ ഉണ്ടാവും. വയസ് എന്നത് ആരുടെയോ തലയില്‍ രൂപം കൊണ്ട ഒരക്കം എന്നതിനപ്പുറം ഒന്നുമില്ലാതിരുന്ന കാലത്ത് നിന്നും യാത്ര തിരിച്ച കാളി മൂപ്പത്തി ആധുനിക കാലത്തും വയസിന്റെ ബലമില്ലാതെ ചന്തയില്‍ ചീര വിറ്റാണ് കഴിയുന്നത്‌. മക്കള്‍ എട്ട്, മരുമക്കളും പേരക്കുട്ടികളുമായി റേഷന്‍ കാര്‍ഡില്‍ യൂനിറ്റ് ഇരുപത്തൊമ്പത് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു . വയസ്സ് കാലത്ത് ഒരിടത്ത് ഒതുങ്ങി കൂടെണ്ടതിനു പകരം, കാളി മൂപ്പത്തി അങ്ങാടിയില്‍ ചീര വിറ്റു കിട്ടുന്നതില്‍ നിന്നും മക്കളെ, മരുമക്കളെ കൂടി പുലര്‍ത്തുന്നു. കാളി മൂപ്പത്തിക്ക് കൊള്ളാവുന്ന ഉടുപ്പില്ല. മുഷിഞ്ഞ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകളുമായി ഇന്നലെയും കാളി മൂപ്പത്തി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. മന്ത്രി, മുട്ടയും പാലും കോഴി കാലും നുണയാന്‍ പറയുന്ന കാലത്ത് കാളി മൂപ്പത്തി നമ്മിലേക്ക്‌ ചില ചോദ്യങ്ങള്‍ നിശബ്ദം എറിയുന്നുണ്ട്. ഈ ലോകത്ത് കാളി മൂപ്പത്തിയെ പോലുള്ളവര്‍ വേണോ എന്ന്… അരക്ക് കൈ കുത്തി കാളി മൂപ്പത്തി പതുക്കെ എണീറ്റ്‌ നടക്കാന്‍ ആയുകയാണ്. ആരെങ്കിലും എന്തെങ്കിലും കൊടുത്തിട്ട് വേണം ഈ തിരുവോണ നാളില്‍ കറിക്ക് വാങ്ങാന്‍. കാളി മൂപ്പത്തി ഒരു ദുരന്തമാണ്. ഓണം ഉള്ളവന്റെത് തന്നെ. അവിടെ കാളി മൂപ്പത്തിക്ക് പ്രത്യേക വേഷമില്ല.

  കച്ചവടക്കാര്‍, മുനിസിപ്പാലിറ്റിയുടെ മാലിന്ന്യ കൊട്ടയില്‍ തള്ളിയ കേടായ പച്ചക്കറികളില്‍ നിന്നും നല്ലത് തിരഞ്ഞെടുക്കുന്ന, ഒക്കത്ത് ഒരു രണ്ടുവയസ്സുകാരിയെയും പേറി, മുഷിഞ്ഞ ചേല ചുറ്റിയ, മറ്റൊരു പ്രജയേയും കണ്ടു ഈ ഉത്രാട നാളില്‍.. ഈ കാഴ്ചകള്‍ക്കിടയില്‍ എങ്ങിനെ ഓണമുണ്ണാനാകും ..

  പതിനാലു ടണ്‍ പൂക്കളുപയോഗിച്ച് ആറു ആറുലക്ഷം രൂപ ചിലവാക്കിയുള്ള പൂക്കളത്തിന്റെ നിറപ്പൊലിമയില്‍, 158 കോടിയുടെ മദ്യം കുടിച്ചു തീര്‍ത്തുള്ള മലയാളിയുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍, കാണാത്ത, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന കുറെ കാഴ്ചകളില്‍ ഒരെണ്ണം, ചുട്ട മാംസവും കഞ്ഞിയും കൊണ്ട് ഓണമാഘോഷിക്കേണ്ടി വന്ന കുറെ ആദിവാസികളുടെതായിരുന്നു…
  ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് അന്നും, ഇന്നും, എന്നും കഞ്ഞി കുമ്പിളില്‍ത്തന്നെ…

 64. ഹരിത says:

  “പല നദികള്‍ പല സ്ഥലത്ത് നിന്ന് ഉത്ഭവിച്ചു അവസാനം സമുദ്രത്തില്‍ എത്തുന്നത്‌ പോലെ എല്ലാ മതങ്ങളും തരുന്ന ഉപദേശം പരസ്പരം സ്നേഹിക്കുക,പരസ്പര വിശ്വാസം ഉണ്ടാക്കി മുന്നേറുക എന്നതാണ് “

  സ്വാമി വിവേകാനന്ദന്‍

 65. റംസാനില്‍ നോമ്പും പിടിച്ചു പൂക്കളവുമിട്ടു. ഒടുവില്‍ അതു പോസ്റ്റുമാക്കി. http://vikrithi.blogspot.com/

  കുറേ വര്‍ഷങ്ങളായി എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ പൂക്കളത്തിനായി മുന്നില്‍ നില്‍ക്കാറുണ്ട്. ഒരു കലാരൂപം എന്ന നിലയില്‍ ഞാനതിനെ കാണുന്നു.

  എന്നാല്‍ ഓണാഘോഷത്തില്‍ പൂക്കളത്തിന്റെ അനുബന്ധ ഘടകങ്ങള്‍ പലതും ഹൈന്ദവ ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്നു തോന്നിയിട്ടുണ്ട്. പൂജയും ഇലവിരിക്കലും തൃക്കാക്കരയപ്പനും വിളക്കുമൊക്കെ….. കൊയ്ത്തുത്സവത്തില്‍ മതം കയറ്റിയതാണോ, അതോ മതാഘോഷത്തെ ജനകീയവല്‍ക്കരിച്ചതാണോ?

  കൃത്യമായി ഒന്നും ആഘോഷിക്കുന്ന ശീലമില്ലാത്തതിനാല്‍ ഓണവും പെരുന്നാളുമൊന്നും എപ്പോഴും ആഘോഷിക്കാറില്ല. പുത്തനുടുപ്പുകള്‍ വാങ്ങിയിരുന്ന കാലമാണ് ഓണക്കാലമെങ്കില്‍ അതു സ്കൂള്‍ തുറപ്പിനായിരുന്നു. കൂട്ടുകാരുടെ വീട്ടില്‍ നിന്നും ഓണഭക്ഷണം കഴിക്കാറുണ്ട്. മിക്കവാറും അതു ചതയത്തിനായിരിക്കും എന്നുമാത്രം.

  ഒരു കഥ പറയാം. കേരളത്തില്‍ പണ്ട് മമ്മാലി എന്നൊരു രാജാവുണ്ടായിരുന്നു. …………………………………………………………………………………………….ഒടുവില്‍ ഈ മമ്മാലി ചുരുങ്ങിച്ചുരുങിയാണ് മാവേലിയുണ്ടായതു.

  ഓടൊ: ഭൂരിപക്ഷവും സന്തോഷത്തോടെ പങ്കെടുക്കുന്നതാണ് ദേശീയോത്സവമെങ്കില്‍ ‘ഹര്‍ത്താല്‍’ അല്ലെ നമ്മുടെ ഉത്സവം.

  ഓണമാഘോഷിക്കുന്നവര്‍ക്കെന്റെ ഓണാശംസകള്‍.

 66. ഹരിതാ,

  വിശദമായ കമന്റ്, കൊള്ളാം. പതിവുപോലെ നന്നായി റഫര്‍ ചെയ്തിട്ടാണ് എഴുത്ത്.

  പിന്നെ, പുരാണവും പുരാവൃത്തവും രണ്ടാണ് ഹരിത.

 67. ഹരിത says:

  —-

 68. ഹരിത says:

  @ ഹരി സര്‍

  മെയില്‍ കണ്ടു .സര്‍ കരുതിയ പോലെ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല . ഞാന്‍ ബ്ലോഗില്‍ ആളാവാന്‍ വേണ്ടി ചെയ്തത് അല്ല കേട്ടോ.ഞാന്‍ ഇനി കമന്റ്‌ ചെയ്യാനേ വരുന്നില്ല .എല്ലാ ദിവസവും ബ്ലോഗ്‌ നോക്കാം കേട്ടോ സര്‍ .
  ഞാന്‍ എന്റെ കമന്റുകള്‍ എല്ലാം ഡിലീറ്റ് ചെയുന്നു .

 69. .
  “കാലാകാലങ്ങളായി നമ്മുടെ പുസ്തകങ്ങളും മറ്റും പറഞ്ഞതില്‍ ഏതെങ്കിലും സത്യം ഉണ്ടോ ? രാമനുണ്ണി സാറോ ജനാര്‍ദ്ദനന്‍ സാറോ മറുപടി പറയുമെന്ന് കരുതുന്നു “
  ഹരിതയുടെ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ ഞാനാളല്ല. എന്നാല്‍ ഒരു കാര്യം ധൈര്യമായി പറയുന്നു. നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ മിത്തുകളുമായും ചരിത്രസംഭവങ്ങളുമായും ഇഴപിരിഞ്ഞു കിടക്കുന്നു. ഏത് മിത്ത് ഏതു ചരിത്രസംഭവം എന്ന് ചില കാര്യങ്ങളിലെങ്കിലും
  നമുക്ക് സൂക്ഷ്മ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥ ധാരാളം.
  അതിലും പ്രധാനം പുരാണ കഥകളെയോ അതിലെ കഥാപാത്രങ്ങളെയോ നാം ഏതര്‍ത്ഥത്തില്‍ കാണുന്നു എന്നുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം വിഷ്ണു ഞാന്‍ തന്നെയാണ്. ചിരിക്കരുത്. സത്യമായിട്ടും ഞാന്‍ തന്നെ. എന്റ ഇരുവശത്തും ബ്രഹ്മാവും ശിവനും ഉണ്ട്. അതായത്
  സൃഷ്ടിയും സംഹാരവും. ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള സ്ഥിതിയാണ് ഞാന്‍. എന്റെ മനസ്സിലാണ് സുരനും അസുരനും ജീവിക്കുന്നത്. ആദ്യ കൂട്ടരുടെ ഗുരു ബൃഹസ്പതി. രണ്ടാമത്തേതിന്റെത് ശുക്രനും. ബുദ്ധിയുടെയും ചിന്തയുടെയും അധപതി ഒന്നാമന്‍. കാമത്തിന്റെയും ലഹരിയുടെയും
  പ്രയോക്താവ് രണ്ടാമനും. ശരിയായ സ്ഥിതിക്ക് ഇവര്‍ രണ്ടുപേരുടെയും സഹായം അനിവാര്യം. പക്ഷെ എന്റെ ചൊല്പടിക്ക് പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ നശിപ്പിക്കലോ ചവിട്ടിത്താഴ്ത്തലോ അതു പോലുള്ള എന്തെങ്കിലുമോ വേണ്ടിവരുന്നു. അല്ലെങ്കില്‍ ഞാനുണ്ടാവില്ല. ഹരിതേ ഇട്ടേച്ച് ഓടിക്കളയരുത്.

  .

 70. പരസ്യമായ ചര്‍ച്ചയ്ക്കിടയില്‍ ഇതെന്താ രഹസ്യമായ മെയില്‍..?
  ഡിലീറ്റ് ചെയ്ത ഓണം കമന്റുകളും രഹസ്യ മെയിലും പ്രസിദ്ധീകരിക്കണം.

  ഇതെന്താ ചോദിക്കാനും പറയാനും ഇവിടാരും ഇല്ലേ..?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s