രാമായണം കുട്ടികള്‍ക്ക് വേണ്ടി

ഇനി കര്‍ക്കടകമാസം. രാമായണമാസം. രാമായണ മാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തിയാണ്. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക്കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം (ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം). എന്നാല്‍ രാമായണമാകട്ടെ മുതിര്‍ന്നവര്‍ക്ക് മാത്രമായതല്ല. രാമായണം കുട്ടികള്‍ക്കാണ് എന്നു തോന്നുന്നു. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാഭ്യാസസംബന്ധിയായ ലേഖനങ്ങളെഴുതുന്ന പാലക്കാട് മണര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ ഹെഡ് മാസ്റ്ററും ബ്ലോഗ് ടീമംഗവുമായ എസ്.വി. രാമനുണ്ണി മാഷ് ഇതേപ്പറ്റി ഒരു അന്വേഷണം തന്നെയാണ് നടത്തിയിരിക്കുന്നത്. ഇതിഹാസത്തെ ആസ്പദമാക്കി ഈ വീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹം എടുത്തു കാട്ടുന്നു. ലേഖനത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

രാമായണം കുട്ടികള്‍ക്കാണെന്നുള്ള വീക്ഷണം കുമാരനാശാനുമുണ്ടായിരുന്നു. അതാണല്ലോ ബാലരാമായണം. തന്റെ കൃതികളില്‍ ഏറ്റവും പ്രിയപ്പെട്ടും ശ്രദ്ധിച്ചും ചെയ്തത് ബാലരാമായണമാണെന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് (ലവകുശന്മാര്‍) വാത്മീകി മഹര്‍ഷി രാമായണം എഴുതുന്നത്. കുട്ടികളുടെ ജീവിതം വെളിപ്പെടുത്താനും അവര്‍ക്ക് ശ്രേയസ്സുണ്ടാകാനും. മഹര്‍ഷി കുട്ടികളെയാണ് രാമായണം പഠിപ്പിക്കുന്നത്. ഈ കുട്ടികളെയാണ് ഗ്രന്ഥത്തിന്റെ പ്രകാശനം ഏല്‍പ്പിക്കുന്നത്. അശ്വമേധവേദിയിലാണ് നിറഞ്ഞ സദസ്സില്‍ ലവകുശന്മാര്‍ ഇതു നിര്‍വഹിക്കുന്നത്. മുതിര്‍ന്നവരാണ് സദസ്യര്‍-ശ്രോതാക്കള്‍. രാമായണകാവ്യം കേട്ട് സദസ്യര്‍ ആശ്ചര്യപ്പെട്ടുവെന്ന് മഹര്‍ഷി എഴുതുന്നു.

ഇതുമാത്രമല്ല; രാ‍മായണകഥാഗതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഉണ്ട്. വിശ്വാമിത്രയാഗരക്ഷ നോക്കൂ. ദശരഥ മഹാരാജാവിനോട് വിശ്വാമിത്രമഹര്‍ഷി യാഗരക്ഷക്കായി കുട്ടികളെ-ശ്രീരാമനെയും ലക്ഷ്മണനെയും ആവശ്യപ്പെടുന്നതും ഗുരുവായ വസിഷ്ഠനിര്‍ദ്ദേശത്തില്‍ ദശരഥന്‍ സമ്മതിക്കുന്നതും തുടങ്ങി താടകാവധം, യാഗരക്ഷ, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമനുമായുള്ള കൂടിക്കാഴ്ച്ച വരെ . ഈ സന്ദര്‍ഭങ്ങളില്‍ നിന്നാണ് ഇതിഹാസപുരുഷന്മാരായി വളരുന്നത്. വിശ്വാമിത്രമഹര്‍ഷിയുടെ അധ്യാപനം, ബല-അതിബല മന്ത്രങ്ങള്‍…ഒക്കെ ഇതിന്ന് സഹായിച്ചു.കുട്ടികളെ മുന്നില്‍ നടത്തി വളര്‍ത്തി വലുതാക്കുന്ന ഒരു മുത്തച്ഛന്റെ കടമയാണ് വിശ്വാമിത്രമഹര്‍ഷി നിര്‍വഹിക്കുന്നത്.

കഥാഭാഗങ്ങളില്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്ന വിശ്വാമിത്രഖണ്ഡവും, വളര്ത്തിയെടുത്ത് ജനമധ്യത്തില്‍ അംഗീകാരം നേടിയെടുക്കുന്ന അശ്വമേധ ഖണ്ഡവും വളരെ പ്രധാനപ്പെട്ടവയാണെന്ന് സംശയമില്ല. വാത്മീകി മഹര്‍ഷി കുട്ടികളില്‍ ചെയ്ത ഈ ശ്രദ്ധ കുമാരനാശാന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ടാവും.

കുട്ടികളെ വളര്ത്തിയെടുക്കലും അവരെ നല്ല അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വെളിപ്പെടുത്തലും തന്നെയല്ലേ നല്ല രക്ഷിതാവിന്റെ കര്മ്മം. ഇതാണ് മഹര്‍ഷിമാരായ വിശ്വാമിത്രനും വാത്മീകിയും ചെയ്തത്. ഈ കര്മ്മ സാക്ഷാല്‍ക്കാരത്തിന് രാമായണകാവ്യം പാഠപുസ്തകവും പഠനപ്രവർത്തനവുമായിത്തീരുന്നു. ലവകുശന്മാര്ക്കായി തയ്യാറാക്കിയ പാഠപുസ്തവും പഠനപ്രവര്ത്തനവുമാണു രാമായണകാവ്യം. നല്ല പൌരന്മാരെ വാര്ത്തെടുക്കുക എന്ന വിദ്യാഭ്യാസലക്ഷ്യം എറ്റവും നല്ല മനുഷ്യന്റെ കഥയെഴുതി ചെയ്യുകയാണിവിടെ ചെയ്തത്. ‘കോന്വസ്മിന്‍ സാമ്പ്രതം ലോകേ, ഗുണവാന്‍ കശ്ചവീര്യവാന്‍’ എന്ന പ്രശ്നത്തിന്റെ ഉത്തരമാണ് നാരദമഹര്ഷി വാത്മീകിയൊട് രാമകഥയിലൂടെ പറയുന്നത്. നാരദൻ തന്നെയാണ് ഇതിന്നുത്തരം പറയാന്‍ സമര്ഥന്‍ എന്നും നമുക്കറിയാം-നരനെ സംബന്ധിക്കുന്ന ജ്ഞാനം ദാനം ചെയ്യുന്നവന്‍ നാരദന്‍! എല്ലാനിലയിലും മികവാര്ന്ന-ഉത്തമപുരുഷനായ ശ്രീരാമനെക്കുറിച്ചുള്ള അറിവാണല്ലോ ഏതുകുട്ടിക്കും നല്ല പാഠപുസ്തകം.

രാമായണത്തിലെ ഓരോ കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കുട്ടികളുമായി നന്നായി സംവദിക്കുന്നവരാണ്. ജീവിതത്തിന്റെ തനിമയും ദര്ശനവും വെളിപ്പെടുത്തുന്നവരാണ്. കാവ്യത്തിലെ ഒന്നാം നിര കഥാപാത്രങ്ങള്ക്കു പിന്നില്‍ കടന്നുവരുന്ന രണ്ടാംനിരക്കാര്‍. കുട്ടികള്ക്ക് മികച്ച പാഠ്യവസ്തുക്കളള്‍ തന്നെ. അഹല്യ, ഭരതന്‍, വിരാധൻ, ജടായു, ശൂര്പ്പണഖ, കുംഭകര്ണ്ണന്‍, വിഭീഷണന്‍….തുടങ്ങി നിരവധി. അനുകരിക്കാവുന്നതും അനുകരിക്കാന്‍ പാടില്ലാത്തതുമായ ജീവിതഖണ്ഡങ്ങള്‍. അനുകൂലവും നിഷേധാത്മകവുമായ ജീവിത ദര്ശനങ്ങള്‍. നിത്യജീവിതത്തിലെ കറുപ്പും വെളുപ്പും. എല്ലാ ഗുരുക്കന്മാരും അറിവ് നല്‍കുന്നു. അതു ഉള്ക്കൊണ്ട് വ്യാഖ്യാനിച്ച് നല്ലതിനെ സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്തം നമുക്കാണല്ലോ. ‘ഇങ്ങനെ ഞാന്‍ നിനക്ക് അതീവങ്ങളായ രഹസ്യജ്ഞാനങ്ങള്‍ അറിയിച്ചു തരുന്നു. ഇതൊക്കെയും മനസ്സിലാക്കി വിമര്ശനബുദ്ധിയോടെ ഇഷ്ടമ്പോലെ സ്വീകരിക്കുകയോ തിസ്കരിക്കയോ ആവാം’ –വിമൃശ്യൈതദേശെഷു യഥേഛസി തഥാ കുരു-എന്നാണ് ഗീതാവചനം.

ഓരോ കഥാപാത്രവും ചില സവിശേഷസ്വഭാവരൂപങ്ങളുടെ പ്രബലമുദ്രകള്‍ ഉള്ളില്‍ചേര്ക്കുന്നു. സഹോദരസ്നേഹം, അധര്മ്മങ്ങള്ക്കുനേരെ യുള്ള പ്രതിരോധം, സാഹസികത തുടങ്ങിയ സ്വഭാവവിശേഷങ്ങള്‍ ജടായുവില്‍ കാണാമല്ലോ.അധര്മ്മത്തിന്നു മുന്നില്‍ പക്ഷിമൃഗാദികള്‍ പോലും പ്രതികരിക്കുന്നതിന്റെ സാക്ഷ്യമാ‍ണ് ജടായു. സഹോദരസ്നേഹത്തിന്റെ മറ്റൊരു രൂപമാണ് കുംഭകര്ണ്ണന്‍. ഗുരുവിനെപ്പോലെ രാവണനെ ഉപദേശിക്കുകയും ഭടനെപ്പോലെ അനുസരിക്കുകയും ചെയ്യുന്ന അനുജന്‍. വിഭീഷണന്‍ ഉപദേശിച്ചു; പക്ഷെ അനുസരിക്കാന്‍ തയ്യാറായില്ല. അനുജഭാവത്തേക്കാള്‍ ധര്മ്മബോധമാണ് വിഭീഷണനില്‍ പ്രവര്‍ത്തിച്ചത്. കുംഭകര്ണ്ണന് ധര്മ്മബോധമില്ലാതില്ല; പക്ഷെ മുന്നില്‍ നിന്നത് സഹോദരസ്നേഹവും വംശസ്നേഹവുമായിരുന്നു. രാവണന്റെ വിനിദ്രയും-സദാ ജാഗ്രത കുംഭകര്ണ്ണന്റെ നിദ്രയും പരസ്പരപൂരകങ്ങളാവുന്നു.

കുട്ടികള്ക്ക് രാമായണം ചിത്രകഥകളിലും ദൃശ്യമാധ്യമങ്ങളിലുമാണ്ലഭ്യമാകുന്നത്. പലപ്പോഴും ഇതെല്ലാം വക്രീകരിക്കപ്പെട്ടതും അതിഭാവുകത്വം നിറഞ്ഞതുമാണ്. അമ്മയും മുത്തശ്ശിയും പറഞ്ഞുകൊടുത്ത കഥകള്‍ പിന്നീട് വായനയിലൂടെ കുട്ടി സമഗ്രമാക്കുന്നു. ഓരോവായനയും പുതിയ കാവ്യത്തിലേക്ക് കുട്ടിയെ ആനയിക്കുന്നു. ഈ കാവ്യരഹസ്യം കുമാരനാശാനറിയാം. അതാണല്ലൊ അദ്ദേഹം ഇത്രയധികം ശ്രദ്ധയോടെ ബാലരാമായണം രചിച്ചതും.

മനുഷ്യന്‍റെ മനസ്സിലെ അജ്ഞാനത്തിന്‍റെ ഇരുട്ടു മായണം. അതാണ് രാമായണം അടക്കമുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ഉദ്ദേശ്യശുദ്ധിയും. അറിവുകള്‍ പങ്കുവെയ്ക്കപ്പെടാനുള്ളതാണ്. ഇതിഹാസങ്ങളും പുണ്യഗ്രന്ഥങ്ങളും ചെയ്യുന്നതും അതു തന്നെയാണ്. അജ്ഞാനത്തിന്‍റെ ഇരുട്ടില്‍ നിന്നു കൊണ്ട് ഇവയെ നോക്കിക്കാണുമ്പോള്‍ പലപ്പോഴും കാണപ്പെടേണ്ടവ പലരും കാണാറേയില്ല. അതേ ഉദ്ദേശശുദ്ധി തന്നെയാണ് ഈ പോസ്റ്റിനുമുള്ളത്. നല്ലൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുമല്ലോ.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in പുസ്തകം. Bookmark the permalink.

52 Responses to രാമായണം കുട്ടികള്‍ക്ക് വേണ്ടി

 1. ‘മനുഷ്യന്‍റെ മനസ്സിലെ അജ്ഞാനത്തിന്‍റെ ഇരുട്ടു മായണം.’
  ജീവിതപ്പാതയിൽ കുട്ടികൾക്ക് സത്യവും നീതിയും തിരിച്ചറിയാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

 2. മതഗ്രന്ഥങ്ങളുടെ അന്തഃസ്സത്ത മനസ്സിലാക്കാതെ തെറ്റായ രീതിയില്‍ അവയെ സമീപിക്കുന്ന ഛിദ്രശക്തികള്‍ ഇതെല്ലാം വായിക്കേണ്ടതാണ്. കാരണം, ഈ കഥകളിലെയെല്ലാം നായകര്‍ക്കു വേണ്ടിയാണല്ലോ പലപ്പോഴും രാജ്യം തന്നെ കുട്ടിച്ചോറാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്!

 3. “ബാലകന്മാരെ ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും
  ബലയും പുനരതിബലയും മടിയാതെ
  ദേവനിര്‍മിതകാളീ വിദ്യകളെന്നു രാമ –
  ദേവനുമനുജനുമുപദേസിച്ചു മുനി.”

 4. മലയാളത്തില്‍ ഹിന്ദുവമതഗ്രന്ഥങ്ങളും മറ്റ് ആധ്യാത്മിക, സാംസ്കാരിക ഗ്രന്ഥങ്ങളും‍ ഇ-പുസ്തകരൂപത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ഒരു ബ്ലോഗ്

  Malayalam Spiritual EBooks

 5. ദേവനിർമ്മിതകളീ വിദ്യകളെന്നു രാമ-
  ദേവനുമനുജനുമുപദേശിച്ചു മുനി

 6. Manmohan says:

  വിശ്വാമിത്രന്‍ ചെറു പ്രായത്തിലേ രാമനെയും ലക്ഷ്മണനെയും തെരഞ്ഞെടുത്തത് ശരിയാണോ? ലോകരക്ഷയ്ക്ക് വേണ്ടി എന്നൊക്കെ ന്യായീകരിച്ചാലും കുട്ടികളെ ഇക്കാര്യങ്ങള്‍ക്ക് ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലേ നല്‍കുന്നത്? വിശ്വാമിത്രനെ എങ്ങനെ നീതീകരിക്കാനാകും.

 7. രാവണനെക്കൂടാതെ പാതാളരാവണന്‍ എന്നൊരു കഥാപാത്രം രാമായണത്തിലുണ്ടെന്ന് കേട്ടിട്ടുണ്ട്. അതേപ്പറ്റി അറിയാവുന്നവര്‍ പറഞ്ഞു തരുമോ

 8. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പലതരം ജാതി-മത സംസ്ക്കാരമുള്ള ജനതകളാണ് ജീവിക്കുന്നത്. അവരെല്ലാവരും ഒന്നുപോലെ ഹൈന്ദവസംസ്ക്കാരം ഉള്‍ക്കൊണ്ട്, രാമായണം, മഹാഭാരതം, ഭാഗവതം, ഭഗവത്ഗീത തുടങ്ങിയ ഹിന്ദുവിന്റെ ആത്മീയഗ്രന്ഥങ്ങള്‍ പൊതുസംസ്ക്കാരികതയുടെ ഭാഗമായി സ്വീകരിച്ചു കൊള്ളണം, വായിച്ചുകൊള്ളണം എന്ന ആഹ്വാനത്തിന്റ ഭാഗമാണ് ഈ പോസ്റ്റ്. ഹിന്ദു സംസ്ക്കാരവും ആത്മീയതയും പൊതുസംസ്ക്കാരമായി ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്ന വലിയ ആത്മവിശ്വാസത്തിന്റെ അബോധമായ മുന്‍വിധിയാണ്, മതേതതരത്വം നിലനിര്‍ത്തേണ്ട വിദ്യാഭ്യസ സംബന്ധിയായ ഒരു ബ്ലോഗില്‍ ഇത്തരം വിഷയം എഴുതുന്നതിന് താങ്കളെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇത് യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും സംഘ്പരിവാര്‍ ബ്ലോഗിലായിരുന്നു പോസ്റ്റു ചെയ്യപ്പെടേണ്ടത്. കേവലം സാഹിത്യകൃതികളെന്ന നിലയിലും മലയാളഭാഷാപഠനത്തിന് ഉപയോഗിക്കാവുന്ന അടിസ്ഥാനഗ്രന്ഥങ്ങളെന്ന നിലയിലും മേല്‍പറഞ്ഞവ നിര്‍ദേശിക്കപ്പെട്ടാല്‍ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. അതിനു പകരം ഹിന്ദുവിന്റെ അന്ധവിശ്വാസം കുട്ടികളുടെ മനസ്സിലും അദ്ധ്യാപകരുടെ മനസ്സിലും അടിച്ചു കയറ്റാനുള്ള ശ്രമമാണ് ഈ പോസ്റ്റിലൂടെ ചെയ്തിരിക്കുന്നത്.
  ചില അന്ധവിശ്വാസങ്ങള്‍ നോക്കൂ:-
  “രാമായണമാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തി. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക് കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം(ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം)/എല്ലാനിലയിലും മികവാര്‍ന്ന-ഉത്തമപുരുഷനായ ശ്രീരാമനെക്കുറിച്ചുള്ള അറിവാണല്ലോ ഏതുകുട്ടിക്കും നല്ല പാഠപുസ്തകം.”

  എന്ത് പുണ്യമാണു മാഷേ ? നാണമില്ലേ താങ്കള്‍ക്ക് ഈ മഠയത്തരങ്ങള്‍ എഴുന്നള്ളിക്കാന്‍ ? അയുക്തികവും അധാര്‍മികവും അശാസ്ത്രീയവുമായ ഈ ഗ്രന്ഥം പാരായണം ചെയ്താല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത് ? പരീക്ഷക്കു പോകുന്നതിനു മുമ്പ് ഈശ്വരനെ മനസ്സില്‍ ധ്യനിച്ച്, രാമായണം തുറന്ന് വലതു പുറത്തില്‍ ഏഴുവരി തള്ളി, ഏഴക്ഷരം വിട്ട്, കാണുന്നഭാഗം വായിച്ച് വിദ്യാര്‍ത്ഥി അവന്റെ ഭാവിയറിഞ്ഞ് പരീക്ഷയെഴുതാന്‍ പോകട്ടെ അല്ലേ ?! നന്നായി പഠിച്ച് പരീക്ഷയെഴുതുന്നതിനു പകരം ആയിരം പ്രാവശ്യം വിദ്യാഗോപാലമന്ത്രം എണ്ണം തെറ്റാതെ ധ്യനിക്കട്ടെ ! അമ്പലത്തില്‍ ശ്രീവിദ്യാമന്ത്രപുഷ്പാജ്ഞലി നടത്തട്ടെ ! അങ്ങനെ അവര്‍ തികഞ്ഞ അന്ധവിശ്വാസികളാകട്ടെ !?

  ഏതു നിലയിലാണ് ശ്രീരാമന്‍ ഉത്തമപുരുഷനാകുന്നത് ? ശംബൂകനെന്ന ശൂദ്രന്‍ തപസു ചെയ്തതിനാല്‍ ബ്രാഹ്മണ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടു എന്ന കള്ളം പറഞ്ഞ് ശംബൂകന്റെ തലയറുത്ത രാമനാണോ മാതൃകാ പുരുഷന്‍ ? സീതയുടെ പാതിവൃത്യം സംശയിച്ച് അവരെ അഗ്നിപരീക്ഷക്കു വിധേയമാക്കിയ രാമനോ ? ബാലിയെ ചതിച്ചു കൊന്ന രാമനോ ?…..അങ്ങനെ ഒരുപാടുണ്ട് ചോദിക്കാന്‍. സവര്‍ണഹിന്ദുക്കളുടെ രാമായണമാസം സ്വന്തം നിലയറിയാത്ത ചില അവര്‍ണരും ആചരിക്കുന്നുണ്ട് . കടുത്ത അന്ധവിശ്വാസവും അനാചാരവും അസമത്വവും അടിമത്തവും സ്ഥാപിച്ചെടുക്കുന്ന ഹൈന്ദവരാഷ്ട്രീയ ആത്മീയ പ്രത്യയശാസ്ത്രങ്ങളിലൊന്നായ രാമായണത്തെ അടിച്ചുകേറ്റി ശാസ്ത്രീയ ബുദ്ധിയും സാമാന്യ നീതിബോധവും നഷ്ടപ്പെടുത്താന്‍ ഇടയാകുന്ന രീതിയില്‍ ഭാവിതലമുറയെ കൂടി വഴിതൊറ്റിക്കണോ ?
  ഒരു ദൈവമെന്ന നിലയില്‍ പോലും കേരളീയരുടെ ഇടയില്‍ ആരാധനാപാത്രമാകാത്ത ശ്രീരാനെ പ്രതിഷ്ഠിച്ചെടുത്തിട്ടു വേണമല്ലോ രാമരാജ്യം സ്ഥാപിക്കുകയെന്ന സംഘ്പരിവാര്‍ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ! (അപ്പോള്‍ ചോദിക്കും അതുതന്നെയല്ലേ ഗാന്ധിജിയും ആവശ്യപ്പെട്ടതെന്ന് !) അതിനു ദയവായി പൊതു വിദ്യാര്‍ത്ഥി/അദ്ധ്യാപക സമൂഹത്തെ ഉപയോഗിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു.

 9. Swapna John says:

  രാമായണമെന്നാല്‍ രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ രക്ഷിക്കാന്‍ രാമന്‍ നടത്തിയ പരിശ്രമമെന്നാണ് ഇതുവരെയുമുള്ള ധാരണ. രാമായണം വായിക്കാനോ അതിനേക്കുറിച്ച് അറിയാനോ ഇതുവരെ ശ്രമിച്ചിരുന്നില്ല. രാമനുണ്ണി മാഷിന്‍റെ പോസ്റ്റ് വായിച്ചപ്പോള്‍ രാമായണം വായിക്കണമെന്നൊരു ആഗ്രഹം.

  “നരനെ സംബന്ധിക്കുന്ന ജ്ഞാനം ദാനം ചെയ്യുന്നവന്‍ നാരദന്‍!”

  പക്ഷേ, എവിടെയും വിവാദസൃഷ്ടിയുമായാണല്ലോ ആളെ നാം കാണുന്നത്.

 10. Vijayan Kadavath says:

  രാമായണം സവര്‍ണന്റേതാണെന്ന ചിന്താഗതിയാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. അതെഴുതിയ വാത്മീകി ഒരു കാട്ടാളനായിരുന്നു. നിങ്ങളുടെ ഭാഷയില്‍പ്പറഞ്ഞാല്‍ അദ്ദേഹമൊരു സവര്‍ണനായിരുന്നില്ലല്ലോ.

  “സവര്‍ണഹിന്ദുക്കളുടെ രാമായണമാസം സ്വന്തം നിലയറിയാത്ത ചില അവര്‍ണരും ആചരിക്കുന്നുണ്ട്”

  വിഡ്ഢിത്തം പുലമ്പുന്നതാരാണ്? ജാതീയമായ വേര്‍തിരിവുകളെല്ലാം ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. എന്തിനാണ് ഈ സമൂഹത്തെ സവര്‍ണന്‍, അവര്‍ണന്‍ എന്നൊക്കെ തരംതിരിക്കുന്നത്? സവര്‍ണ അവര്‍ണ വിദ്വേഷം ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍. ആ തീവ്രവാദമാണ് നിങ്ങള്‍ ഈ സമൂഹത്തിലേക്ക് പകരാന്‍ ശ്രമിക്കുന്നത്.

 11. യഥാര്‍ത്ഥത്തില്‍ അധ്യാപകരെ പോലെ അന്ധവിശ്വാസികളും അജ്ഞാനികളും അപകടകാരികളുമായ ഒരു തൊഴിലാളി വര്‍ഗം ഈ ഇന്‍ഡ്യയിലല്ലാതെ (പ്രത്യേകിച്ച് കേരളത്തില്‍) മറ്റെവിടെയെങ്കിലുമുണ്ടാകുമോ എന്നു സംശയമാണ്. ഈ പോസ്റ്റു കൂടാതെ അതില്‍ അധ്യാപകരെന്നു തോന്നിക്കുന്ന ചിലരുടെ കമന്റുകള്‍ കൂടി വായിച്ചപ്പോള്‍ എന്തു കൊണ്ടാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ എല്ലാ അര്‍ഥത്തിലും ഇത്രയും നിലവാരം കൊട്ടവരായതിന്റെ രഹസ്യം പിടികിട്ടിയത്. ഇന്‍ഡ്യന്‍ ഭരണഘടനയനുസരിച്ച് ജനങ്ങളില്‍ ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്തിനും പരിഷ്ക്കരണത്തിനുള്ള ത്വരയും വികസിപ്പിക്കേണ്ടത് ഓരോ പൌരന്റേയും കര്‍ത്തവ്യമാണെന്ന് പറയുന്നു. ഹാ കഷ്ടം, ഇക്കാര്യത്തില്‍ വഴികാട്ടികളാകേണ്ട അധ്യാപഹയപ്പരികള്‍ വിവരമില്ലാത്ത, വിവേകമില്ലാത്ത, സ്വന്തം അറിവിനെ പരിഷ്ക്കരിക്കാത്ത, വിപുലപ്പെടുത്താത്ത നികൃഷ്ട ജീവികളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ വെറും സമ്പൂര്‍ണസാക്ഷരതയുടെ വീമ്പിളക്കമല്ലാതെ,കുറേ വര്‍ഷങ്ങളായി യാതൊരു നിലവാരവുമില്ലാത്ത കുട്ടികളെ സൃഷ്ടിച്ച് അവരുടെ ഭാവി തുലച്ചുകൊണ്ടിരിക്കുന്ന നോക്കുകൂലിത്തൊഴിലാളികളെ നിങ്ങള്‍ക്കു കഷ്ടം !

 12. Sankaran mash says:

  നിസ്സഹായന്‍റെ കമന്റ് വായിച്ചു ഞാനും നിസ്സഹായനായിപ്പോയി. ഇപ്പോഴും ഇങ്ങനെയെല്ലാം ചിന്തിക്കുന്ന ആളുകളുണ്ടോ? എന്തിനാണിങ്ങനെ ജനങ്ങളെ രണ്ടായി പകുക്കുന്നത്? എല്ലാം എല്ലാവരുടേതുമാകട്ടെ. സഹനശക്തിയോടെ എല്ലാത്തിനേയും ഉള്‍ക്കൊള്ളാനല്ലേ പഠിക്കേണ്ടത്?

  കാവിമുണ്ടുടുത്തവരൊക്കെ സംഘപരിവാറാണോ. എങ്കില്‍ കേരളത്തിലെ കല്പണിക്കാര്‍ (Mason) മുഴുവന്‍ സംഘപരിവാറുകാരാണെന്നു പറയേണ്ടി വരും. താടിവെച്ചവരൊക്കെ പോപ്പുലറുകാരാണോ? എങ്കില്‍ താടി ഫാഷനാക്കിയ ഇന്‍ഡ്യയിലെ യുവതലമുറ മൊത്തം പോപ്പുലറാണെന്നു പറയണമല്ലോ.

  രാമായണവും ഖുറാനും ബൈബിളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടട്ടെ. അതാരും വായിക്കരുത് എന്ന രീതില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഒരു കറി കൂട്ടിനോക്കിത്തന്നെയാണ് അതിലെ ചേരുവകളുടെ പാകപ്പിഴകള്‍ തിരിച്ചറിയുന്നത്.

 13. Krishnan says:

  കുട്ടികളെ രാമായണം പരിചയപ്പെടുത്തുമ്പോള്‍, സാമ്പ്രദായിക വായനയെ അലോസരപ്പെടുത്തുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. താടകയെ വധിക്കുന്ന, ശൂര്‍പ്പനഖയെ അംഗഭംഗപ്പെടുത്തുന്ന, ബാലിയെ ഒളിയമ്പെയ്യുന്ന രാമനെ മാതൃകാപുരുഷനാക്കാമോ? ഉഗ്രശിവഭക്തനായ, ശങ്കരാഭരണരാഗം വിരചിക്കുന്ന, ഒറ്റുകൊടുക്കുന്ന അനുജന്‌ മാപ്പു കൊടുക്കുന്ന രാവണന്‍ അത്ര മോശക്കാരനാണോ? വാത്മീകി മഹര്‍ഷി ലവകുശന്മാരെ രാമകഥ പഠിപ്പിച്ചത് പിതാവിന്റെ ഗുണങ്ങള്‍ വിവരിക്കാനോ, യാഗശാലയില്‍ ചോദ്യം ചെയ്യാനോ? ഋഷിയായ ഒരു കവിക്ക് കഥാപാത്രങ്ങളില്‍ പക്ഷപാതിത്വം ഉണ്ടാകില്ല; നല്ലൊരു ആസ്വാദകനും.

  ഉത്തമമായ ഒരു കാവ്യം എന്നതുപോലെ, ഒരു ചരിത്രരേഖയായും രാമായണം വായിക്കാം. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ ഉപയോഗിച്ചത്, തപസു മുടക്കുന്ന അസുരന്മാരെ വധിക്കാനോ, ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ അമര്‍ച്ച ചെയ്യാനോ? തപസ്സുചെയ്യുന്ന ശംബൂകനെ രാമന്‍ വധിച്ചതെന്തിന്‌?

  ചിത്രകഥകള്‍ക്കും, റ്റെലിവിഷന്‍ പരമ്പരകള്‍ക്കുമപ്പുറം രാമായണത്തിന്‌ അര്‍ത്ഥം തിരയുമ്പോള്‍ ഇത്തരം ചോദ്യങ്ങളും കണക്കിലെടുക്കണം.

 14. രാമായണത്തോടോ, മറ്റു മഹത്​ഗ്രന്ഥങ്ങളെന്നു പറയപ്പെടുന്നവയോടോ എനിയ്ക്കു വലിയ മതിപ്പൊന്നുമില്ല. വിമര്‍ശകര്‍ പറയുന്ന പല കാര്യങ്ങളോടും യോജിപ്പണ്ടുതാനും. എന്നാല്‍ ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കലാണെന്നും മഹാപാതകമാണെന്നുമുള്ള കണ്ടെത്തലുകളോട് തീരെ യോജിപ്പില്ല.
  തത്സംബന്ധമായി വിയോജിക്കാനും ഇവിടെ അവസരങ്ങളുള്ളപ്പോള്‍ പ്രത്യേകിച്ചും!
  ലേഖനം വായിച്ച അതേ ഔത്സുക്യത്തോടെതന്നെ എതിര്‍കമന്റുകളും വായിക്കുന്നു.

 15. കാലോചിതമായ ഒരു വിഷയമായതിനാലാണ് മാത്‍സ് ബ്ലോഗ് ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യാതൊരു വിധ പക്ഷപാതിത്വമോ ചായ്‍വുകളോ ഞങ്ങള്‍ക്കില്ല. എല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. വൈകാരികമായി ലേഖനത്തെ സമീപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 16. ശങ്കരന്‍ മാഷേ,
  എന്നെപ്പോലെ താങ്കളും നിസ്സഹായനായതില്‍ അത്ഭുതപ്പെട്ടു. എന്നാല്‍ കറുമ്പന്‍ എന്നയാളുടെ മുകളിലുള്ള കമന്റു വായിച്ചപ്പോള്‍ അത്ഭുതം മാറിക്കിട്ടുകയും ചെയ്തു. ഒരു അദ്ധ്യപകന് ഒരു കൃതിയുടെ ചരിത്രമുള്‍പ്പെടെയുള്ള പാഠമാനങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലാതെ വരികയും അതു കേവലം നിര്‍ദോഷകരമായ ഒരു സാരോപദേശകഥയായി തിരിച്ചറിയുകയും ചെയ്യുന്ന താങ്കളുടേയും മറ്റുചിലരുടേയും മറുപടിയില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ വിമര്‍ശനത്തിനു വസ്തുനിഷ്ടമായ മറുപടി തരുന്നില്ലെന്നതില്‍ അത്ഭുതം ഒട്ടുമില്ല. ഇവിടെ എവിടെ ജാതി, മതം, കീഴാളന്‍, മേലാളന്‍, സംവരണം, ചരിത്രം,ഭൂമിശാസ്ത്രം? എല്ലാം എന്നേപ്പോലുള്ള വികൃതമനസ്ക്കരുടെ പുലമ്പലുകള്‍ മാത്രം! കറുമ്പനു നമോവാകം! ഇത് വിവാദമാക്കണ്ട, സാര്‍ത്ഥകാദ്ധ്യായനം നടക്കട്ടെ, നമ്മുടെ കുട്ടികള്‍ രക്ഷപ്പെടട്ടെ !

 17. Sankaran mash says:

  നിസ്സഹായന്‍,

  താങ്കളും കറുമ്പനും ചാര്‍വാകനും അസുരനുമൊന്നിച്ച് ചെയ്യുന്ന മാനവികനിലപാടുകള്‍ എന്ന ബ്ലോഗും അതിലെ വിഷയങ്ങളും കണ്ടു. നിങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും ഏതാണ്ട് ഇവിടെ കമന്റില്‍ സൂചിപ്പിച്ച പ്രകാരമുള്ളവയാണല്ലോ. അതങ്ങനെ നടക്കട്ടെ.

  രാമായണമാകട്ടെ ഖുറാനാകട്ടെ ബൈബിളാകട്ടെ, അതിന്‍റെ ഏതുവശങ്ങളെക്കുറിച്ചായാലും പ്രതിപാദിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഇതുപോലൊരു മാധ്യമം മതിയാകുമോ. ‘കുട്ടികള്‍ക്ക് വേണ്ടിയുള്ള രാമായണം’ എന്ന ആരും പറയാത്ത മറ്റൊരു കോണിലാണ് രാമനുണ്ണി മാഷ് ഇവിടെ രാമായണത്തെ സമീപിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ലേഖനത്തില്‍ ചരിത്രമുള്‍പ്പെടെയുള്ള പാഠമാനങ്ങളെ പരാമര്‍ശിക്കേണ്ട ആവശ്യകതയുമില്ല. ഇതൊരു പഠനമാണ്. മികച്ചൊരു പഠനം. നന്നായി സ്റ്റഡി ചെയ്തിട്ടുണ്ട്. ഇങ്ങനെ ലേഖനങ്ങള്‍ തയ്യാറാക്കാനുള്ള അധ്യാപകരുടെ അഭാവം നമ്മുടെ കൂട്ടത്തില്‍ ശരിക്കുമുണ്ടെന്ന് എനിക്കു തോന്നാതെയുമില്ല. അതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഖേദം തോന്നി. അതാണ് പ്രതികരിച്ചത്. ക്ഷമിക്കുക.

 18. ” ക്വോ നസ്മിന്‍ സംബ്രതം ലോകേ ഗുണവാന്‍ തത്രവീര്യവാന്‍”

  ‘ഭാരതത്തിന്റെ സംഭാവനയായ രണ്ടു ഇതിഹാസങ്ങളില്‍ ഒന്നിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് അപാകത?”പ്രത്യേകിച്ചും വായനവാരം ആഘോഷിക്കുന്ന ഈ കര്കിടക മാസത്തില്‍. ചര്‍ച്ച പുരോഗമിക്കട്ടെ?”
  മാ നിഷാദ പ്രതിഷ്ടാം ത്വ മഗമ : യശ്വതി സാ:യല്‍
  ക്രൌന്ച്ച മിഥുനാ ദേകമ വ ധീ :കാമമോഹിതം”

 19. ഈ പോസ്റ്റ് കണ്ടിരുന്നു. കരുതിക്കൂട്ടി പ്രതികരിക്കാതിരുന്നതാണ്. ഇപ്പോള്‍ നിസ്സഹായന്‍ ഇടപെട്ടതു കൊണ്‌ടു മാത്രം ചിലതു കുറിക്കുന്നു.
  കേരളത്തിന്റെ(ഇന്‍ഡ്യയുടെയും)പൊതുബോധം സവര്‍ണമാണ്. അതുകൊണ്ടാണ് ഓണം കേരളത്തിന്റെ ദേശീയോത്സവം എന്ന പ്രചാരണത്തെ സ്വാഭാവികമായി നാം ഉള്‍ക്കൊള്ളുന്നത്. കഥകളി,കേരള സാരി,നിലവിളക്കു കൊളുത്തല്‍ തുടങ്ങിയവ കേരളീയം എന്ന ലേബലില്‍ വരുന്നതും, അതുകൊണ്ടാണ് ,ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടുന്നത്. ഈ ബ്ലോഗും അധ്യാപകരും ഇതില്‍ നിന്നു മുക്തമാകാത്തത് അതുകൊണ്ട് തികച്ചും സ്വാഭാവികം തന്നെ. സവര്‍ണന്‍ ,അവര്‍ണന്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നുമില്ലാതെ ‘എല്ലാവരും ഏകോദരസഹോദരരെപ്പോലെ’ കഴിയുന്ന ഇന്നാട്ടില്‍ അത്തരത്തിലുള്ള വിഭജനങ്ങള്‍ നിസ്സഹായനെയും സത്യാന്വേഷിയേയും പോലുള്ള ‘വര്‍ഗീയവാദികള്‍’ ഇറക്കുമതി ചെയ്യുന്ന അസംബന്ധങ്ങളാണെന്നു കരുതുന്ന പാവങ്ങളാണ് നമ്മുടെ അധ്യാപകരുള്‍പ്പെടെയുള്ള ബ്ലോഗര്‍മാര്‍.

 20. Read this article on Rama By Dr. Babasaheb Ambedkar:

  THE RIDDLE OF RAMA

 21. ‘കുട്ടികള്‍ക്ക് വേണ്ടിയുള്ള രാമായണം’ എന്ന ആരും പറയാത്ത മറ്റൊരു കോണിലാണ് രാമനുണ്ണി മാഷ് ഇവിടെ രാമായണത്തെ സമീപിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ലേഖനത്തില്‍ ചരിത്രമുള്‍പ്പെടെയുള്ള പാഠമാനങ്ങളെ പരാമര്‍ശിക്കേണ്ട ആവശ്യകതയുമില്ല” എന്ന നിരീക്ഷണം (ശങ്കരൻ മാഷ്) മാത്രമേ ഇതിലുള്ളൂ. സവർണ്ണ അവർണ്ണ, ശാസ്ത്രബോധ ചർച്ചകളൊക്കെ ഇതിലേക്ക് വലിച്ചിഴക്കരുത്. അതൊക്കെ ഇനിയുമാവാം.നിസ്സഹായന്റേയും സത്യാന്വേഷിയുടേയും വാദങ്ങൾ ഒക്കെ ഉൾക്കൊള്ളുന്നു. വിമർശനം അതിന്റെ അർഥത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നു. കുമാരനാശാന്റെ ബാലരാമായണം വായിച്ചപ്പോൾ തോന്നിയ ഒരാശയം എഴുതിയതാണിത്. അത്രമാത്രം.

 22. അസുരന്‍ says:

  മാഷന്മാരെ മാഷത്തികളെ,

  ബ്ലോഗിന്റെ പേര് ‘Maths Blog’! പേര് സാര്‍ത്ഥകമാക്കുന്ന പോസ്റ്റു തന്നെയാണു ഇപ്പോള്‍ വെച്ചു കാച്ചിയിരിക്കുന്നത് ! സാധാരണക്കാരായ ഞങ്ങള്‍ കരുതുന്നത് ഇത് വിവരമുള്ളവരെന്നു സമൂഹം മൊത്തം അംഗീകരിക്കുന്ന ഒരു വിഭാഗം കൈകാര്യം ചെയ്യുന്ന ബ്ലോഗാണെന്നാണ്. ആ ധാരണ ഉറപ്പിച്ചെടുക്കാന്‍ പറ്റി. ഇനിയിപ്പോള്‍ ഭാരതത്തിന്റെ മൊത്തം വിജ്ഞാന ഭണ്ഡാഗാരം തുറന്നു കാട്ടി കുട്ടികളേയും മുതിര്‍ന്നവരേയും ബോധവത്ക്കരിക്കണമെന്ന് അപേക്ഷ. ജോതിഷം, മഷിനോട്ടം, നാഡീജോതിഷം ഇത്യാദികളും മനുസ്മൃതി, നാരദസ്മൃതി, അര്‍ത്ഥശാസ്ത്രം, ഭാഗവതം, ഭഗവത്ഗീത, മഹാഭാരതം, വേദോപനിഷത്തുക്ഖളും, പുരാണങ്ങളും…തുടങ്ങിയ ഭാരതീയ രത്നങ്ങളെല്ലാം എത്രമാത്രം ജീവിതത്തില്‍ പകര്‍ത്തേണ്ടവയാണെന്ന് കാട്ടിത്തരുമെന്നും പ്രതീക്ഷിച്ചു കൊണ്ട് അക്ഷമയോടെ കുട്ടികള്‍ക്കൊപ്പം ഈയുള്ളവനും കാത്തിരിക്കുന്നു. ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, യാതൊരു വിധത്തിലും അവയെ വിമര്‍ശിക്കുകയോ അവയുടെ വിപരീത പാഠങ്ങള്‍ വിളിച്ചു പറയുകയോ ചൊയ്യുന്നന കമന്റുകള്‍ അനുവദിക്കരുത്. അത് നമ്മളേയും കുട്ടികളേയും വഴിതെറ്റിക്കും. എല്ലാവരും അനുസരയുള്ളവരായി വളരട്ടെ!

 23. മാഷെ,
  പ്രത്യക്ഷമായിക്കാണുന്ന പലതിന്റെയും നിഗൂഢവശങ്ങള്‍ കാണാനും പാരമ്പര്യവാര്‍പ്പുമാതൃകകളെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും പഠിപ്പിക്കുന്ന, അതിനുള്ള ചിന്താശീലം കുട്ടികളിലുണ്ടാക്കുന്ന, അവരില്‍ സ്വതന്ത്ര ബുദ്ധി വളര്‍ത്തുന്ന വിദ്യാഭ്യാസം, സിലബസ് എത്ര മോശമായിരുന്നാലും അതിനു വെളിയില്‍ ചാടി, അവരെ അതിനു പ്രാപ്തരാക്കുന്ന സര്‍ഗാത്മകമാവും സൃഷ്ട്യുന്മുഖവുമായ അധ്യയനം- ഇതു കൊടുക്കുവാന്‍ അധ്യാപക സമൂഹത്തിലെത്ര പേര്‍ക്കു കഴിയുന്നുണ്ട്. ഉത്തരം പൂജ്യം! പോകട്ടെ അപ്പോഴാണ്, പ്രതിലോമകരമായ, പുരോഗമനവിരുദ്ധമായ നാട്ടുനടപ്പു ചിന്താഗതികള്‍ വെച്ചു വിളമ്പുന്ന ഇത്തരം അശ്ലീലങ്ങളുമായി അദ്ധ്യാപകര്‍ ഇറങ്ങിയിരിക്കുന്നത് ! ഇവിടെയിട്ട പോസ്റ്റിന്റെ പ്രതിലോമത എന്താണെന്നു മനസ്സിലാകാത്ത പൈങ്കിളികളാണ് മിക്കവരും. അതിനാല്‍ ചില വിദ്വാന്‍മാര്‍ സംസ്കൃതശ്ലോകം ഉദ്ധരിച്ചു തുടങ്ങിയിരിക്കുന്നു.“ക്വോ നസ്മിന്‍ സംബ്രതം ലോകേ ഗുണവാന്‍ തത്രവീര്യവാന്‍” ബഹുമാനപ്പെട്ട കോവിദന്‍ അതിന്റെ അര്‍ത്ഥം പാവപ്പെട്ടവരെ ഒന്നു പറഞ്ഞുമനസ്സിലാക്കാന്‍ അപേക്ഷിക്കുന്നു.

 24. മാഷന്മാരെ,
  നമ്മുടെ ഭാരതീയ സംസ്കൃതികളുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തിയ പോസ്റ്റിനു അഭിന്ദനങ്ങള്‍. സാംസ്ക്കാരികമായ ഇത്തരം മുത്തുകള്‍ ഇടയ്ക്കിടെ പ്രതീക്ഷിക്കുന്നു. എന്റെ പ്ളസ് വണ്ണിനു പഠിക്കന്ന മകന്‍ അവന്റെ ഇടത്തെ കൈയ്യില്‍ മഞ്ഞച്ചരടും കറപ്പുചരടും കാവിച്ചരടും ആരെയോ അനുകരിച്ച് കെട്ടാന്‍ തുടങ്ങി. ഞാനെതിര്‍ത്തിട്ടും അവനതു കെട്ടിക്കൊണ്ടു നടക്കുകയാണ്. അതിന്റെ അര്‍ത്ഥം മോശമാണ് എന്നായിരുന്നു എന്റെ ധാരണ. ഇങ്ങനെയുള്ള സാംസ്ക്കാരിക ചിഹ്നങ്ങളുടെയും കുരുതി, കൂടോത്രം, മൃഗബലി തുടങ്ങിയ വൃതങ്ങളുടെയും അനുഷ്ടാനങ്ങളുടെയും അര്‍ത്ഥവും ഫലപ്രാപ്തിയും പുണ്യം നിറഞ്ഞു തുളുമ്പന്ന പഞ്ഞകര്‍ക്കിടകമാസത്തില്‍ റെസ്റ്റെടുക്കുമ്പോള്‍ വായിച്ച് വളരുവാന്‍ ഒരു മോഹം. അതുകളൊപ്പറ്റിയുള്ള തുടരന്‍ പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. ഇതുപോലുള്ള പോസ്റ്റുകള്‍ വായിച്ചാല്‍ ഭാരതീയതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറും. നന്ദി നമോവാകം.

 25. ഞാന്‍ ഒരു ഹിന്ദുവാണ്. എന്റെ വീട്ടില്‍ ഇന്നുവരെ രാമായണം വായിക്കുന്നതു കേട്ടിട്ടില്ല.(വീട്ടിലുള്ളവര്‍ വിശ്വാസികളും അമ്പലങ്ങളിലും മറ്റും സ്ഥിരമായി പോകുന്നവരാണ്).അടുത്തവീടുകളിലും ആരും വായിക്കാറില്ല. കേരളത്തില്‍ രാമക്ഷേത്രങ്ങള്‍ തന്നെ തീരെ കുറവാണ്. തൃപ്രയാറോ മറ്റോ ഒന്നുണ്ടെന്നു് അറിയാം. ഈ രാമായണ മാസാചരണം സമീപകാലത്താണ് മറ്റു പലതുമെന്ന പോലെ കേരളത്തില്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. രാമായണത്തിനെതിരെ രാവണായനവും മറ്റുമുണ്ടാക്കിയ നേതാക്കന്മാര്‍ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ അധ്യാപകരെപ്പോലെ ജേണലിസ്റ്റുകള്‍ക്കും സമീപകാല ചരിത്രങ്ങള്‍ പലതും അറിയാത്തതാണ് രാമായണമാസം പണ്ടുമുതലേ സകലമാന ഹിന്ദുക്കളും ആചരിച്ചുവരുന്ന ഒന്നെന്ന മട്ടില്‍ നിഷ്കളങ്കമായി(?) ഇത്തരം പോസ്റ്റുകള്‍ വരാനുള്ള ഒരു കാരണമെന്നു തോന്നുന്നു.

 26. This comment has been removed by the author.

 27. രാമനുണ്ണി മാഷിന്റെ ലേഖനം വളരെ നന്നായി.
  രാമായണത്തില്‍ ഉണ്ണികള്‍ക്ക് ഉള്ള പ്രാധാന്യം എഴുതാന്‍ അനുയോജ്യന്‍ ആണെന്ന് അദ്ദേഹത്തിന്റെ പേര് തന്നെ വ്യക്തമാക്കുന്നല്ലോ.
  പിന്നെ നിസ്സഹായന്‍. ചില രാവണന്‍മാര്‍ വേണമല്ലോ എല്ലായിടത്തും. നമുക്ക് കാലോചിതമായ പോസ്റ്റുകള്‍ തുടരാം.
  ശ്രീ………………

 28. കാലോചിതമായ ഒരു വിഷയമായതിനാലാണ് മാത്‍സ് ബ്ലോഗ് ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

  നല്ല ഒന്നാന്തരം കാലോചിതത്വം തന്നെ ! ഇന്നുമുതല്‍ രാമായണമാസമാണെന്ന മീഡിയ പ്രചാരണത്തെ യാതൊരു സംശയവും കൂടാതെ വെട്ടിവിഴുങ്ങി ഇട്ട ഇത്തരമൊരു വിവരംകെട്ട പോസ്റ്റാണോ കാലോചിതം?
  ഒരു കണക്കിനു ഇതു കാലോചിതമാണ് . വിദ്യാസമ്പന്നരായ ഹിന്ദുക്കളുടെ ഇടയില്‍ വാസ്തു, ജ്യോതിഷം മുതലായ അന്ധവിശ്വാസങ്ങള്‍ക്കുള്ള സ്വാധീനം അപാരമാണിന്ന്. ഡോക്റ്ററേറ്റുള്ള ശാസ്ത്രജ്ഞര്‍ വരെ നാലാം ക്ലാസും ഗുസ്തിക്കാരുമായ ശാന്തിക്കാരുടെയും ജോത്സ്യന്മാരുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നില്‍ക്കുന്ന കാഴ്ച്ച ഹിന്ദുക്കളുടെ വിവാഹം, മരണം, ഗൃഹപ്രവേശം തുടങ്ങി സകല ചടങ്ങുകളിലും കാണാം. അവര്‍ പറയുന്ന മന്ത്രങ്ങളുടെ അര്‍ഥമോ പറയുന്ന കാര്യങ്ങളില്‍ വല്ല ശാസ്ത്രീയതയോ ഉണ്ടോയെന്നു നോക്കാത്ത ഉണ്ണാക്കന്മാരാണ് നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നര്‍. അവരുടെ കാലത്തിനു പറ്റിയ ഒന്നാന്തരം പോസ്റ്റാണിത്.

  യാതൊരു വിധ പക്ഷപാതിത്വമോ ചായ്‍വുകളോ ഞങ്ങള്‍ക്കില്ല. എല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. വൈകാരികമായി ലേഖനത്തെ സമീപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  പക്ഷപാതിത്വമില്ലെന്നു വെറുതെ പറഞ്ഞാല്‍ പോരല്ലോ? ഈ ബ്ലോഗില്‍ത്തന്നെ ഇതുപോലെയുള്ള മൃദുഹിന്ദുത്വ പോസ്റ്റുകള്‍ പലതും വന്നിട്ടുള്ളത് ഒര്‍മയുണ്ട്. മൊത്തത്തില്‍ ഒരു സംഘ് മനസ് മണക്കുന്നുണ്ട് മാഷിന്.
  ആരാണു മാഷെ വൈകാരികമായി ഇതില്‍ പ്രതികരിച്ചത് ? ഇവിടെ വിമര്‍ശനങ്ങള്‍ ഏതെങ്കിലും വസ്തുനിഷ്ഠമോ അടിസ്ഥാനരഹിതമോ ആണെങ്കില്‍ അന്തസ്സായി മറുപടി പറയൂ. വസ്തുതകള്‍ നേരിടാനുള്ള കെല്പില്ലെങ്കില്‍ ഇത്തരം അഭ്യാസങ്ങളുമായി ഇറങ്ങുന്നതിനു മുന്‍പ് ഒരു നൂറുവട്ടം ആലോചിക്കണം. ഇനി അക്ഷരതൃതീയ പോലുള്ള പുതിയ ആചാരങ്ങള്‍ക്ക് നവവ്യാഖ്യനങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ അതു കൂടി വിശദീകരിച്ച് പത്ത് സ്വര്‍ണക്കടക്കാരെ കൂടി രക്ഷപ്പെടുത്താന്‍ നോക്ക് . ഇതു നിങ്ങളുടെ ക്ലാസ് മുറിയല്ല, പറയുന്നതു മുഴുവന്‍ അങ്ങനെ തന്നെ വിഴുങ്ങാന്‍.

 29. Shamsudeen says:

  This comment has been removed by the author.

 30. Shamsudeen says:

  മാത്സ് ബ്ലോഗില്‍ വിന്‍ഡോസ് vs ലിനക്സ് ചര്‍ച്ച നടക്കുമ്പോഴാണ് ഇത്രയധികം ചൂടും ചൂരും ഉണ്ടാവാറ്. പക്ഷേ ഈ ചര്ച്ച വളരെ അപകടകരമായ ഒരു പ്രവണതയിലേക്ക് പോകുന്നില്ലേ എന്നൊരു സംശയം. ഒരേ മനസ്സോടെ എന്നും ബ്ലോഗില്‍ വരാറുള്ള അധ്യാപകരെ ജാതീയമായി ചിന്തിക്കാന്‍ ഇവിടുത്തെ കമന്റുകള്‍ കാരണമായില്ലേ എന്നോരു സംശയം.ചര്‍ച്ചയുടെ പോക്ക് അങ്ങോട്ടാണ്. ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ട. എന്നാല്‍ അപകടമായത് ഇതിന്റെ ‘ആമുഖ’ മാണ്. അതാണ് പോസ്റ്റിന്റെ വായനയെ ഇത്തരത്തില്‍ വികൃതമാക്കിയത്. ആമുഖം എപ്പോഴും മാത്സ് ബ്ലോഗിന്റെ നാവായാണ് വായിക്കപ്പെടുന്നത്.ഒരു മലയാളം അധ്യാപകന്റെ മാത്രം വായനയായിട്ട് , കുമാരനാശാന്റെ ഒരു കൃതിയെ മുന്‍നിര്‍ത്തി രാമായണം എന്ന സാഹിത്യകൃതിയെ നോക്കിക്കാണുന്ന രീതിയില്‍ പോസ്റ്റിനെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഇതിന്റെ വായന മറ്റൊന്നാവുമായിരുന്നു..അപ്പോള്‍ രാമായണത്തിന്റെ സാഹിത്യമൂല്യത്തേയും ചരിത്ര പശ്ചാത്തലത്തെയും കുറിച്ചും പൊള്ളത്തരങ്ങളേയും കുറിച്ചുമുള്ള ഗൗരവമായ സംവാദങ്ങള്‍ ഇവിടെ നടക്കുമായിരുന്നു. പക്ഷേ നടന്നതോ ? അധ്യാപകസമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരതത്ിലാവുന്ന വിമര്‍ശനങ്ങളും….. ഈ പോസ്റ്റ് എങ്ങനെയാണ് കാലോചിതമാവുന്നത് …രമായണമാസം എന്ന അന്ധവിശ്വാസം ആഘോഷിക്കു്ന്ന സമയത്തോ ?…..

 31. Manoraj says:

  കുട്ടികൾക്ക് കൂടി വേണ്ടിയുള്ള ഒരു ബ്ലോഗാണ് ഇത്. ഒട്ടേറെ കുട്ടികൾ ഈ ബ്ലോഗ് അവരുടെ പഠനാവശ്യത്തിനായി ഉപയോഗിക്കുന്നു. രാമായണം വായിക്കുന്നത് മോശം കാര്യമൊന്നുമല്ല. അതുപോലെ തന്നെ ബൈബിൾ, ഖുറാൻ എല്ലാം നല്ലത് തന്നെ. ഇതിനെ മതത്തിന്റെ അതിർവരമ്പുകൾ കെട്ടി കമന്റിട്ട് ദയവ് ചെയ്ത് കുട്ടികളിൽ കൂടി വലിയവരിലെ വിഷം കുത്തിവക്കല്ലേ. പ്ലീസ്. വണ്ടേ നീ തുലയുന്നു എന്തിന് വിളക്കിനെ കൂടി കെടുത്തണം എന്ന് പണ്ടൊരിക്കൽ ഭരതൻ മാഷ് പറഞ്ഞ് കേട്ടിട്ടുണ്ട്. അത് തന്നെ പറയട്ടെ. കുട്ടികളാകുന്ന വിളക്കുകൾ കെടുത്തല്ലേ. പ്ലീസ്

 32. Sankaran mash says:

  വാചക കസര്‍ത്തുകൊണ്ട് ആര്‍ക്കും എന്തും വിവാദമാക്കാവുന്ന ഇക്കാലത്ത് സദുദ്ദേശപരമായ ഈ പോസ്റ്റ് വളച്ചൊടിക്കപ്പെടുന്നതില്‍ എനിക്കത്ഭുതമില്ല.
  രാമായണമാസം പോലെ തന്നെ വണക്കമാസവും നോമ്പുകാലവുമെല്ലാമുണ്ട്. ഇതെല്ലാം സമൂഹത്തിനാവശ്യമാണ് മനസ്സിനെ ശുദ്ധീകരിക്കാന്‍ . പക്ഷെ മലീമസമായ കണ്ണടയിലൂടെ ഈ ലോകത്തെ നോക്കികാണുകയാണെങ്കില്‍ എല്ലാം മലീമസമായിരിക്കും. അതുതന്നെയാണ് ഇവിടേയും സംഭവിക്കുന്നത്. കൂടുതല്‍ പറയാനില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെങ്ങനെയാണെന്ന് തെളിയിക്കാന്‍ ഒരുദാഹരണമായി എന്നും എന്റെ മനസ്സില്‍ ഇതുണ്ടാകും.

 33. >>>>”രാമായണം വായിക്കുന്നത് മോശം കാര്യമൊന്നുമല്ല. അതുപോലെ തന്നെ ബൈബിൾ, ഖുറാൻ എല്ലാം നല്ലത് തന്നെ. ഇതിനെ മതത്തിന്റെ അതിർവരമ്പുകൾ കെട്ടി കമന്റിട്ട് ദയവ് ചെയ്ത് കുട്ടികളിൽ കൂടി വലിയവരിലെ വിഷം കുത്തിവക്കല്ലേ. പ്ലീസ്.”< <<<<
  മനോരാജേ,
  ഇവിടെ എന്താണു ചര്‍ച്ച ചെയ്യുന്നതെന്നു മനസ്സിലാക്കാതെ ഇങ്ങനെ സര്‍വമതസമ്മേളനം വിളമ്പല്ലേ.
  “രാമായണമാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തി. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക് കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം(ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം)/എല്ലാനിലയിലും മികവാര്‍ന്ന-ഉത്തമപുരുഷനായ ശ്രീരാമനെക്കുറിച്ചുള്ള അറിവാണല്ലോ ഏതുകുട്ടിക്കും നല്ല പാഠപുസ്തകം.”
  എന്ന പോസ്റ്റിലെ പരാമര്‍ശം വസ്തുനിഷ്ടമോ ശാസ്ത്രീയമോ ചരിത്രപരമോ അല്ലെന്ന വിമര്‍ശമാണ് നിസ്സഹായനെപ്പോലുള്ളവര്‍ ഉന്നയിച്ചത്. ഹിന്ദുമതവുമായി ബന്ധമുള്ള ഏതു കാര്യവും കേരളീയം, ദേശീയം എന്നു കരുതുന്നവര്‍ക്ക് ഇതില്‍ അസ്വാഭാവികത തോന്നില്ല. ഇങ്ങനെയാണ് സമൂഹത്തിലെ ഹിന്ദുത്വവത്കരണം ശക്തിപ്പെടുന്നത്.

 34. രാമായണത്തെയും രാമായനമാസത്തെയും പറ്റിയുള്ള ഈ പോസ്റ്റ്‌ ഇത്ര വിവാദമാക്കെന്ടതില്ല . പണ്ട് മലയാളികള്‍ ഭുരിഭാഗവും കര്‍ഷകരയിരുന്ന കാലത്ത് കര്‍ക്കിടകം പഞ്ഞത്തിന്റെയും കഷ്ടപ്പാടിന്റെയും കാലമായിരുന്നു .അന്ന്‍ പഞ്ഞം മാറി സമ്രിദ്ധിയുടെ ഓണം വരുന്നതിനു മുന്നോടിയായി പഞ്ഞം കളയലും ശീവോതി വൈക്കലും പോലെ ജീവിതത്തില്‍ നല്ല കാലവും കഷ്ടപ്പാട് കാലവും ഉണ്ടാവും എന്ന് സ്വയം ഓര്‍മിക്കാനും മറ്റുള്ളവരെ ഓര്‍മിപ്പിക്കാനും വേണ്ടിയാണ് കേരളത്തിലെ വീടുകളില്‍ രാമായണം വായിച്ചിരുന്നത് . അതിനപ്പുറം ഈ ആചരണത്തെ പറ്റിയുള്ള ബ്ലോഗ്‌ പോസ്റ്റില്‍ കാണേണ്ടതില്ല. അതിനു വര്‍ഗീയതയുടെ മുഖം നല്കെന്ടതുമില്ല


 35. ഇങ്ങനെ ഞാന്‍ നിനക്ക് അതീവങ്ങളായ രഹസ്യജ്ഞാനങ്ങള്‍ അറിയിച്ചു തരുന്നു. ഇതൊക്കെയും മനസ്സിലാക്കി വിമര്ശനബുദ്ധിയോടെ ഇഷ്ടമ്പോലെ സ്വീകരിക്കുകയോ തിരസ്കരിക്കയോ ആവാം

  അതായത് ഇങ്ങിനെ കുറെ കാര്യങ്ങള്‍ പറയുന്നു.. വേണ്ടവര്ക്കു് വിശ്വസിക്കാം.. അല്ലാത്താര്‍ക്ക് തള്ളിക്കളയാം ..
  വിശാലമനസാണ്..
  ഇതിലെ നല്ലതിനെ സ്വീകരിക്കുക(നല്ലതുണ്ടെന്നു നിങ്ങള്ക്ക് തോന്നുന്നുണെങ്കില്‍), ചീത്തയെ തള്ളിക്കളയുക..
  അതു നിങ്ങളുടെ ഇഷ്ടമാണ്…

  ആ നിലപാടില്‍ ചര്‍ച്ച നില്‍ക്കുന്നതാണു നല്ലത്..
  ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടം പോലെ ചെയ്‌തോട്ടെ… വിശ്വസിച്ചോട്ടെ..

  കൂടുതല്‍ ചര്‍ച്ച ചെയ്ത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കേണ്ടതില്ല എന്നാണെനിക്കു തോന്നുന്നത്…

 36. “ക്വോ നസ്മിന്‍ സംബ്രതം ലോകേ ഗുണവാന്‍ തത്രവീര്യവാന്‍” ബഹുമാനപ്പെട്ട കോവിദന്‍ അതിന്റെ അര്‍ത്ഥം പാവപ്പെട്ടവരെ ഒന്നു പറഞ്ഞുമനസ്സിലാക്കാന്‍ അപേക്ഷിക്കുന്നു.”

  @നിസ്സഹായന്‍ ,ഈ ചോദ്യത്തിന്റെ മറുപടി ബഹുമാനപ്പെട്ട കോവിദന്‍ എന്ന കഥാപാത്രം അറിയാതെ എങ്ങിനെ പറയും ?
  നാരദ മഹര്ഷിയോടു വാല്മീകിയുടെ ചോദ്യമായിരുന്നു അത്. ഈ ലോകത്തില്‍ ധൈര്യം ,വീര്യം ശ്രമം ,സൌദര്യം പ്രൌഡി , സത്യനിഷ്ഠ ,ക്ഷമ എനീ ഗുനങ്ങടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ? മറുപടിയാണ്‌ രാമായണം .കൂടുതല്‍ ചോദിക്കരുത് .ഞാന്‍ നിസ്സഹായനാണ്.

 37. thomas says:

  “മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാഭ്യാസസംബന്ധിയായ ലേഖനങ്ങളെഴുതുന്ന പാലക്കാട് മണര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ ഹെഡ് മാസ്റ്ററും ബ്ലോഗ് ടീമംഗവുമായ എസ്.വി. രാമനുണ്ണി മാഷ് ഇതേപ്പറ്റി ഒരു അന്വേഷണം തന്നെയാണ് നടത്തിയിരിക്കുന്നത്.”
  fine

 38. Joker says:

  ഒരു മാസം ഖുറാനും, ഒരു മാസം ബൈബിളിനും മറ്റെല്ലാവ്ര്ക്കും അങ്ങനെ ഓരോ മാസം വീതം വേണേ.

  എന്ന് ഹിന്ദുവല്ലാത്ത ഒരു കേരളീയന്‍

 39. Suni says:

  പ്രിയ ബ്ലോഗര്‍മാരെ…
  കേരള സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ഈ മാസം (ജൂലായ്‌ 3 St.Thomas day മുതല്‍ ജൂലായ്‌ 31 nagapanjami വരെ) ഏതാണ്ട് 16 വിശേഷ ദിവസങ്ങളോ മുഹൂര്‍ത്തങ്ങളോ ഉണ്ട്. ഇവ കൂടാതെ നാനാ ജാതി മതസ്ഥരായവരുടെ പല വിധ നാട്ടാഘോഷങ്ങളും ആചാരാനുഷ്ട്ടാനങ്ങളും ഉത്സവങ്ങളും ഓരോ ദിവസവും നടക്കുന്ന നാടാണിത്. അവയുടെയെല്ലാം ചരിത്രവും ഐതീഹ്യവും ബ്ലോഗില്‍
  ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്നും തോന്നുന്നില്ല…നമുക്കറിയാവുന്നത്‌ മാത്രം പോസ്റ്റ്‌ ചെയ്യാം എന്ന നിലപാടെടുത്താല്‍ ബ്ലോഗിന്റെ നിലവാരവും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടും… കുട്ടികള്‍ക്ക് ആവശ്യത്തിനും അതിലധികവും മത വിദ്യാഭ്യാസവും അന്ധവിശ്വാസവും അവരുടെ വീടുകളില്‍ നിന്ന് കിട്ടുന്നുണ്ട്‌ പിന്നെയെന്തിന് നിങ്ങളും കൂടി…
  maths blog തികച്ചും യുക്ത്യാധിഷ്ട്ടിതമാവട്ടെ…

 40. ഹിന്ദുത്വം എന്നത് ഒരു മതമല്ല . അങ്ങനെ ഒരു മതം ആരും സ്ഥാപിച്ചിട്ടുമില്ല. അത് ഒരു ജീവിത ചര്യയാണ്. അതുകൊണ്ട് തന്നെ “ഞാന്‍ ഹിന്ദുവല്ല” എന്ന് പറയുന്നതിലോ “ഹിന്ദുവാണ് ” എന്ന് പറയുന്നതിലോ അര്‍ത്ഥമില്ല .

 41. JOHN P A says:

  സകലതിനെയും ഉള്‍ ക്കൊള്ളാനുള്ള ആര്‍ജ്ജവം ഭാരതീയസംസ്ക്കാരത്തിനുമാത്രംസ്വന്തമാണ്.
  ഈശ്വരനിഷേധിയായ ചര്‍വ്വാകമഹര്‍ഷിയെപ്പോലും.
  ഈ പോസ്റ്റ് ഒരു വിവാദമാക്കേണ്ടതുണ്ടോ?നന്മ കണ്ടത്താനുള്ള മനസ്സ് ,അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാട്ടിയ രാമനുണ്ണിസാറിനെ അഭിനന്ദിക്കാനാണ് എനിക്കിഷ്ടം

 42. ചാര്‍വാകനെ വരെ ഉള്‍ക്കൊണ്ട മഹാ ആര്‍ജവമുള്ള ഈ സംസ്ക്കാരത്തില്‍ ജീവിക്കുന്ന JOHN P A ഈ പോസ്റ്റിന്റെ ക്രൂരവിമര്‍ശകരെ കൂടി ഹൃദയപൂര്‍വം ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയോടെ……!!!!

 43. രാമനുണ്ണി സാറിന്റെ ഈ പോസ്റ്റ്‌ സന്ഖ്പരിവാരിന്റെ അജണ്ട ആണെന്ന് പറയുന്നത് കുറച്ചു അധികമായി എന്ന അഭിപ്രായം എനിക്കുണ്ട്.രാമായണം ഒരു വിമര്‍ശനം എന്ന ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്.കുട്ടികള്ക് രാമായണം എങ്ങിനെ ഉപകാരമാവും എന്നുള്ളതാണ്.ഒരു കാലത്ത് സവര്‍ണതയുടെ അടയാളങ്ങള്‍ എന്ന് ചാര്ത്തപെട്ടിരുന്നവ ഇന്ന് പൊതു സമൂഹത്തിന്റെ ആചാരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.ഭാരത സംസ്കാരം ഹൈന്ദവത യാനെന്നുല്ലത് നിഷേധിച്ചിട്ട് കാര്യമില്ല.എന്നാല്‍ മറ്റുള്ളവരെ അതടിചെല്പിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്നോര്‍കുന്നതും നന്ന്.
  എല്ലാ വിഭാഗങ്ങളും ഇന്ന് ഒരു കപട ആചാരങ്ങളുടെ ചട്ടകൂടിലീക്ക് ചുരുങ്ങാന്‍ തയ്യാറായി നില്കുന്നു .പുത്തന്‍ ആത്മീയ ബിസിനസ്‌ ആണ് ഇവരെ എകോപിക്കുന്ന ചരട്.
  അവര്‍ണന് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.അത് നിഷേധിക്കുന്നവന്‍ ദേശീയതയുടെ ഭാഗവും പ്രെതിഷേധിക്കുന്നവന്‍ ത്രീവ്രവാദി ആകുന്നതും സവര്‍ണ മനോഭാവം ഇന്നും നിലനില്‍കുന്നു എന്നുള്ളതിന് ഉധഹരനമാണ്.
  ഇവിടെയാണ്‌ ശഹന്ഷ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ലവ് ജിഹാദും.സുനില്‍കുമാര്‍ രശീധയെ കൊലപ്പെടുത്തിയത് വെറും ഒരു ക്രിമിനല്‍ കുറ്റവും ആകുന്നത്.പടിയടച്ചു പിണ്ഡം വെക്കലും മാനം കാക്കല്‍ കൊലയുമെല്ലാം സവര്‍ണ അസഹിഷ്ണതയുടെ പതിപ്പുതന്നെയാണ്.

 44. Krishnan says:

  പ്രാചീന പുരാണേതിഹാസങ്ങളിലെ നായകന്മാര്‍ ഇന്നവതരിക്കപെടുന്നത്, എല്ലാ “നല്ല” ഗുണങ്ങളും തികഞ്ഞവരായാണ്‌. (മൂലകാവ്യങ്ങളില്‍ അങ്ങനെയല്ലെങ്കിലും.) അതുകൊണ്ടുതന്നെ അവിശ്വസനീയരും. എന്നാല്‍, സ്വന്തം ദൗര്‍ബ്ബല്യങ്ങളേയും, സാഹചര്യങ്ങളേയും അതിജീവിച്ചുകൊണ്ട് ഉയര്‍ന്നുവ(രു)ന്ന ചരിത്രപുരുഷന്മാരും, സ്ത്രീകളും അനേകമുണ്ട്. കുട്ടികളില്‍ ഉയര്‍ന്ന മാനവിക മൂല്യങ്ങള്‍ ഉണ്ടാക്കാന്‍ ഈ സമകാലീനരുടെ ചരിത്രമല്ലേ കൂടുതല്‍ യുക്തം? ഇത്തരം മൂല്യങ്ങള്‍ ഭൂതകാലസങ്കല്‍പങ്ങളല്ലെന്നും, സമീപകാലയാഥാര്‍ത്ഥ്യങ്ങളാണെന്നും തിരിച്ചറിയാന്‍ ഇതുപകരിക്കും; ലോകം നന്നാക്കാന്‍ അവതാരങ്ങളെ കാത്തിരിക്കുന്നതിനു പകരം തന്നാലാവുന്നത് ചെയ്യാനും.

 45. രാമന്നുണ്ണി മാഷിന്റെ രാമായണ സന്ദേശങ്ങള്‍ ഉചിതമായ സമയത്തുതന്നേ ​​എത്തിയതില്‍ സന്തോഷം

  ഇഖ്ബാല്‍ മാഷ്
  കൊപ്പം ഹൈസ്ക്കൂള്‍

 46. തികച്ചും നിർദോഷമെന്നു കരുതാവുന്ന പോസ്റ്റിനെ ,നിസ്സഹായൻ വഴിതിരിച്ചു വിട്ടിരിക്കുന്നു.ഞാൻ ആദ്യമാണീവഴി.കണക്കിന്റെ വഴിയാണന്ന ധാരണയായിരുന്നു.എല്ലാ സ്കൂളിലും ചടങ്ങിനാണ് പ്രാധാന്യം.ഈശ്വരപ്രാത്ഥനയും,
  ഭാരതമെന്റെ രാജ്യമെന്ന പ്രതിജ്ഞയും,
  ദേശഭക്തി ഗാനവും,സർവോപരി സാത്വികരായ അദ്ധ്യാപകസമൂഹവുമായാൽ വിദ്ധ്യാർത്ഥികൾ ഗുണം പിടിക്കും എന്ന തെറ്റിദ്ധാരണയാണ് ഇന്നുള്ളത്.വാൽമീകി രാമായണവും,അദ്ധ്യാത്മരാമായണവും,
  കുട്ടികളുടെ രാമായണവും വ്യത്യസ്ത പാഠങ്ങളാണ്.ഇതിൽ ഏതുപാഠമാണ്
  പകരേണ്ടത് അതു തീരുമാനിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.
  മതങ്ങളെ സമൂഹത്തിൽ പ്രതിഷ്ടിക്കുന്നത്,കഥകളിലൂടെയാണ്.ഈ കഥകളുടെ ന്യായാന്യായങ്ങൾ തന്നെയാണ് തലമുറകളേ വിഷലിപ്തമാക്കുന്നതും.ബഹുസ്വരത നിലനിൽക്കുന്ന ഇന്ത്യൻ മണ്ണിൽ അതിന്യൂനപക്ഷമായ ആര്യബോധത്തെ
  ,ഭൂരിപക്ഷ മതബോധമാക്കുന്ന രാസ വിദ്യയാണിതെന്നു പറയുന്നതിൽ
  പരിഭവിക്കരുത്.

 47. ഈ പോസ്റ്റിന്റെ തലക്കെട്ടിൽ, പോസ്റ്റ് എന്തിനെ ഉദ്ദേശിച്ചാണു എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്.
  “കുട്ടികളുടെ രാ മായണം”
  അതെ, കുട്ടികളുടെ (മുതിർന്നവരുടെയും) “രാ” മായണം.
  വാത്മീകിയുടെ പീഠത്തിന്റെ കാലിനിടം കൊടുത്തുംകൊണ്ടു ശരിയായെഴുതിയിരിക്കുന്നത് ആദ്യം വായിക്കുക.
  കാണാൻ കണ്ണുമാത്രം പോര കാണുകതന്നെ വേണം.

  രാമായണമോ ഗീതയോ ഖുറാനോ ബൈബിളോ അങ്ങനെ എന്തും നമ്മുടെ മനസ്സിലുള്ള (ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഇരുട്ടിനെ മാറ്റാനുതകുന്ന എന്തും വായിക്കാം. കർക്കിടകമാസത്തിൽ തന്നെ വേണമെന്നും നിർബന്ധമില്ല, വായനാചരണത്തോടനുബന്ധിച്ചുമാകാം.

 48. thulasi says:

  രു സന്തോഷ വാര്‍ത്ത‍ : ഇ വിദ്യ ഇറക്കിയ പുസ്തകത്തിലെ പേജ് 100 ല്‍ പരിചയപ്പെടുത്തിയ മാതസ് ബ്ലോഗില്‍ വന്ന പേജ് ശ്രദ്ടിച്ചോ ?
  “രാമായണത്തില്‍ നിന്നൊരു പസില്‍”.പേജ് ലെ ഫോട്ടോ എന്റെ അസീസ്‌ മസ്റെരുടെതും .ഐ ടി അറ്റ്‌ സ്കൂളിനും മാതസ് ബ്ലോഗിനും അഭിനന്ദങ്ങള്‍. രണ്ടു ദിവസമായി നടന്നു വരുന്നരാമായണ വിവാദം ഇനി ഐ ടി സ്കൂളിനെതിരെ ആരും തിരിയരുതെന്ന ഒരു അപേക്ഷ മാത്രം ……

 49. JAYAN says:

  രാമായണവും മഹാഭാരതവും ലോകത്തിനുമുന്നില്‍ ഭാരതം നല്‍കിയ ഇതിഹാസങ്ങളാണ് .ഇവയെ പ്രത്യേക കള്ളികളില്‍ നിര്‍ത്തുന്നത് ശരിയല്ല , ഇവ എല്ലാ ഭാരതിയരുടെതുമാണ് .രാമനെയും രാമായണത്തെയും ഹൈജാക്ക് ചെയ്യുന്നവരുടെ ലക്‌ഷ്യം വ്യക്തമാണ്‌ .

 50. sreedharan says:

  ശ്രീധരന്‍ .കെ.യം

  രാമനുണ്ണി മാഷുടെ വിവരണം വളരെ
  നന്നായിരുന്നു.രാമായണം എഴുതിയത് സവര്‍ണ്ണനല്ല.മഹാഭാരതം എഴുതിയത് മുക്കുവനാണ്.ഹിന്ദുത്വം ഒരുസംസ്കാരമാണ്.സെമറ്റിക് കാഴ്ചപ്പാടല്ല. മതമില്ലാത്ത ജീവന്‍ പഠിപ്പി ച്ഛ് ഹിന്ദു സംസ്കാരത്തെ നശിപ്പിക്കാമെന്നു ചിന്തിക്കുന്ന നിസ്സഹായന്റെ ലക്ഷ്യം മറ്റൊന്നാണ്.ഇത്തരം വാര്‍ത്തകള്‍ എനിവരരുതെന്നാണ് . കാരണം ഇസ്ളാം,കൃസ്ത്യനും അവന് മതേതരവും, സംസ്കാരം അവന് വര്‍ഗ്ഗീയതയുമാണ്

 51. sivakumar says:

  രാമന്റെ കഥ പറ‌ഞ്ഞ കുറ്റത്തിന് രാമനുണ്ണിമാഷുടെ കൈവെട്ടും മുമ്പ് മറ്റ് ചിലരെക്കൂടി പിടിക്കാനുണ്ട്.
  ൧.രാമാനുജനെഴുത്തച്ഛന്‍.(കുറ്റം.അധ്യാത്മരാമായണം എഴുതി)
  ൨.കുമാരനാശാന്‍ (കുറ്റം. ബാലരാമായണം)
  ൩.മഹാത്മാഗാന്ധി (കുറ്റം. രാമരാജ്യം)
  ൪.
  ൫.
  ഇവരെയൊക്കെ സംഘ് മണക്കുന്നുവെങ്കില്‍ അഭിമാനത്തോടെ പറയട്ടെ ഞാനും………

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s