മാലിദ്വീപിലെ വലയസൂര്യഗ്രഹണംനട്ടുച്ചയ്ക്ക് നിലാവ് പോലെ വെയില്‍ നേര്‍ത്തു, ചേക്കേറണമോ എന്ന് ശങ്കിച്ച് പക്ഷികള്‍ താണു പറന്നു. നാടും നഗരവും ആകാംക്ഷയോടെ ആ കാഴ്ച കണ്ടു, സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നു. നൂറ്റാണ്ടിന്റെ ‘വലിയ സൂര്യഗ്രഹണം’ വജ്രവലയത്തിന്റെ കൗതുകക്കാഴ്ചയോടെ പാരമ്യതയിലെത്തി. രാജ്യത്തിനകത്തും പുറത്തും ആയിരങ്ങള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് ഗ്രഹണം പുരോഗമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ അത് ഏറ്റവും പൂര്‍ണതയിലെത്തി. രാവിലെ 11.06 ന് കന്യാകുമാരിയിലും തെക്കന്‍കേരളത്തിലും ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് 3.11 വരെ നീണ്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനും പഠിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രകുതുകികളും ഗ്രഹണം നിരീക്ഷിച്ചു. ഇനി 1033 വര്‍ഷം കഴിഞ്ഞാലേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം നമുക്ക് ദൃശ്യമാകൂ.

സൂര്യന് മുന്നിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയാണ് ഗ്രഹണവേളയില്‍ സംഭവിക്കുക. ഗ്രഹണം പൂര്‍ണമായതാടെ മോതിരാകൃതിയില്‍ തിളങ്ങങ്ങുന്ന ‘വജ്രവലയം’ ദൃശ്യമായി. കേരളമുള്‍പ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും പത്തു മിനിറ്റ് നേരത്തേക്ക് വജ്രവലയം ദൃശ്യമായി. കേരളം, തമിഴ്‌നാട്, മിസോറം വഴിയായിരുന്നു ഗ്രഹണപാത. ഇന്ത്യയില്‍ കന്യാകുമാരി മുതല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ വരെയുള്ള പ്രദേശത്താണ് പൂര്‍ണസൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ഗ്രഹണം ഭാഗികമായിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം തത്സമയ സംപ്രേക്ഷണമായിരുന്നു ഗ്രഹണത്തിന്റേത്.

സൂര്യനെ നേരിട്ട് നോക്കരുത്

ഗ്രഹണവേളയില്‍ സൂര്യനെ നേരിട്ട് നോക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്‌സ്‌റേ ഫിലിം, സണ്‍ഗ്ലാസ്, ദൂരദര്‍ശനി, ബൈനോക്കുലര്‍ മുതലായവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കുന്നതും അപകടം വരുത്താം. ഇരുവശത്തും അലുമിനിയം പൂശിയ സോളാര്‍ ഫില്‍ട്ടര്‍ (മൈലാര്‍ ഫിലിം) ഉപയോഗിച്ച് സൂര്യനെ നോക്കാം, പക്ഷേ അതും ദീര്‍ഘനേരം പാടില്ല. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രബിംബം എത്തുമ്പോഴാണ്, ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്‍ മറഞ്ഞതായി കാണുക. ആ സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിഷപദാര്‍ഥം ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ പോലെ കണ്ണിന് തകരാറുണ്ടാക്കുന്ന രശ്മികള്‍ സൂര്യനില്‍ നിന്ന് എപ്പോഴും പുറപ്പെടുന്നുണ്ട്. എന്നാല്‍, സാധാരണഗതിയില്‍ ഒരാള്‍ സൂര്യനെ നോക്കിയാല്‍, പ്രകാശതീവ്രത മൂലം വേഗം കണ്ണ് പിന്‍വലിക്കും, അപകടം ഉണ്ടാകുന്നില്ല. അതേസമയം, ഗ്രഹണവേളയില്‍ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യന്റെ പ്രകാശതീവ്രത കുറയും. അതിനാല്‍ മനപ്പൂര്‍വമല്ലാതെ തന്നെ കൂടുതല്‍ നേരം സൂര്യനെ സൂക്ഷ്മമായി നോക്കാന്‍ ഗ്രഹണം വഴിയൊരുക്കും.

പ്രകാശതീവ്രത കുറഞ്ഞൊലും ഗ്രഹണവേളയില്‍ അപകടകാരികളായ രശ്മികള്‍ സൂര്യനില്‍ നിന്ന് എത്തുന്നുണ്ട്. അവ കണ്ണിലെത്തുന്നതിന്റെ തോത്, സൂക്ഷ്മമായി നോക്കുന്നതിനാല്‍ വര്‍ധിക്കും. അങ്ങനെയാണ് കണ്ണിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയേറുന്നത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കണ്‍ജങ്ഷനില്‍ ആവുന്ന കറുത്തവാവ് ദിവസമാണ്‌ സൂര്യഗ്രഹണം നടക്കുക. ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴലിന്റെ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ്‌ കടന്നുപോവുക എന്നതിനാല്‍ ഭൂമിയിലെ ഏതു പ്രദേശത്തും പൂര്‍ണ്ണ സുര്യഗ്രഹണം എന്നത് അപൂര്‍വമായ ഒരു പ്രതിഭാസമാണ്‌.

ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്‌.
(കടപ്പാട് യൂട്യൂബ്, മാതൃഭൂമി വാര്‍ത്ത, വിക്കിപ്പീഡിയ)

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം. Bookmark the permalink.

19 Responses to മാലിദ്വീപിലെ വലയസൂര്യഗ്രഹണം

 1. ഇന്ന് ഈ വലയഗ്രഹണം കാണിക്കുന്നതിനായി ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയുടെ ഭാഗമായി എല്ലാ ബി.ആര്‍.സി കളില്‍ നിന്നും സമര്‍ത്ഥരായ കുട്ടികളെ തെരഞ്ഞെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

  സൂര്യഗ്രഹണമാണെന്ന് പറഞ്ഞ് കിണറു മൂടിയിടുകയും വീട്ടിലെ ജനലും വാതിലുമെല്ലാം അടച്ചിട്ട് അതിനകത്ത് ഭക്ഷണം പാചകം ചെയ്യാതെ ഒളിച്ചിരിക്കുകയും ചെയ്തിരുന്ന സമീപകാലഘട്ടത്തില്‍ നിന്നും കേരളജനത കുറേയൊക്കെ മാറിയിട്ടുണ്ട്. ശരിയല്ലേ?

 2. എന്താണ് ഹൈബ്രിഡ് സൂര്യഗ്രഹണം?

 3. ഹൈബ്രിഡ് സൂര്യഗ്രഹണം

  ഭൂമിയിലെ ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വളയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ ഹൈബ്രിഡ് സൂര്യഗ്രഹണം (Hybrid eclipse) എന്നു വിളിക്കുന്നു. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ.

 4. ചന്ദ്രന്‍ ഭൂമിക്ക് ചുറ്റും ദീര്‍ഘവൃത്താകൃതിയിലാണ് (എലിപ്സ്) കറങ്ങുന്നത്. ആ എലിപ്സിന്റെ ഒരു ഫോക്കസിലാണ് ഭൂമിയുടെ സ്ഥാനം. ചന്ദ്രന്റെ പരിക്രമണ പാതയില്‍, ഭൂമില്‍നിന്നുള്ള അകലം എറ്റവും കൂടിയ ഭാഗം അപ്പോജി എന്നും ഭൂമില്‍നിന്നുള്ള അകലം എറ്റവും കുറഞ്ഞ ഭാഗം പെരിജി എന്നും പറയുന്നു.
  ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകന്ന് നില്ക്കുമ്പോള്‍ ( അപ്പോജിയില്‍) നടക്കുന്ന സൂര്യഗ്രഹണമാണ് വലയസൂര്യ ഗ്രഹണം.
  ചന്ദ്രന്‍ അകന്നു നില്‍ക്കൂമ്പോള്‍ സൂര്യനെ പൂര്‍മായും മറയ്ക്കാന്‍ കഴിയില്ല. നിങ്ങളുടെ കൈ കണ്ണിനോട് ചേര്‍ത്തും അകത്തിയും പിടിച്ച് അകലെയുള്ള കാഴ്ച്ചകളെ മറയ്ക്കാന്‍ ശ്രമിക്കൂ… കൈ അകത്തി പിടിക്കുമ്പോള്‍ കൂടുതല്‍ കാഴ്ച്ചകള്‍ മറയ്ക്കാന്‍ കഴിയില്ല. ഇതു തന്നെയാണ് വലയസൂര്യഗ്രഹണത്തിലും സംഭവിക്കന്നത്….

 5. സൂര്യഗ്രഹണക്കാഴ്ചയുടെ രസഭംഗി ആസ്വദിക്കാന്‍ ലിനക്സ് അധിഷ്ഠിത സോഫ്റ്റ്​വെയറായ സ്റ്റെല്ലേറിയവും ഉപയോഗിക്കാം. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ അയച്ചു തന്നത് കോട്ടയം മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ ഐ.ടി കോഡിനേറ്ററായ നിധിന്‍ സാറാണ്

  ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുടെ സ്ക്രീന്‍ ഷോട്ടുകളടങ്ങിയ പി.ഡി.എഫ് കോപ്പി ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

 6. suresh kumar says:

  very good it is very usefull
  thanks
  5456suresh

 7. എല്ലാ കുട്ടികളും മാഷമ്മാരും ടീച്ചർമാരും പൊരിവെയിലത്ത്..മുഴുവൻ സമയം. കാണൽ, കാണിക്കൽ, ചർച്ചകൾ, വികാരപ്രകടനം, മികച്ച പ്രൊജക്ഷൻ ശരിയാക്കൽ, സ്ഥലം മാറിനോക്കൽ,….യഥാർഥ ക്ലാസ്മുറി മുറ്റം മുഴുവൻ. അതിയായ സന്തോഷം തോന്നി. ഇതല്ലേ പഠനം.ഗ്രഹണക്കാഴ്ച്ച, പക്ഷികളെ നിരീക്ഷിക്കൽ, പ്രകൃതിയുടെ മറ്റം ശ്രദ്ധിക്കൽ, അന്ധവിശ്വാസങ്ങൾ ചർച്ച, ഭ്ക്ഷണം കഴിക്കൽ….എല്ലാ വിഷയവും എല്ലാ ഡിസ്കോർസും….ഗംഭീരം

 8. മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തലും ഗ്രഹണം ആവേശക്കാഴ്ച്ചയായി……..
  ഓടിനിടയിലൂടെയും മരച്ചില്ലകള്‍ക്കിടയിലൂടയും കടന്നു വന്ന പ്രകാശരശ്മികള്‍ രൂപപ്പെടുത്തിയ ഗ്രഹണ ദൃശ്യങ്ങള്‍ കുട്ടകള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ ഹൃദ്യമായി അനുഭവപ്പെട്ടു….

  ആ കാഴ്ച്ചകള്‍ സ്ലയിഡ് ഷോ രൂപത്തില്‍ കാണാന്‍ ഷോ ഈ കണ്ണിയില്‍ ഞെക്കുക

 9. This comment has been removed by the author.

 10. മകര ജ്യോതിയും സൂര്യഗ്രഹണവും ; രണ്ടിനെയും ഒരുപോലെ കണ്ടാല്‍ പോരേ?
  എന്തുപറയുന്നു

 11. ഓരോ സൂര്യഗ്രഹണവും സംഭവിക്കുമ്പോൾ മലയാളികളുടെ ചിന്താഗതിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. പണ്ടൊരിക്കൽ ഗ്രഹണസമയത്ത് അടച്ചുപൂട്ടിയ വീട്ടിനകത്ത് ഇരുന്ന് ഗ്രഹണം ആഘോഷിച്ച ചരിത്രം ഉണ്ട്.

 12. അഭിനന്ദനങ്ങള്‍

 13. This comment has been removed by the author.

 14. എനിക്കു വയ്യ,ചക്കയും വീണൂ…മുയലും..
  ഇന്നലെ ഇടപ്പള്ളി ആര്‍ട്ടിസ്റ്റില്‍ വെച്ചു നടന്ന സ്പാര്‍ക്ക് ട്രൈനിംഗ് പ്രോഗ്രാമിനിടയില്‍, സൂര്യഗ്രഹ​​ണം കാണാന്‍ പുറത്തിറങ്ങി. നേരേ ഫോട്ടോയെടുക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട് മൊബീല്‍ ചായ്ച്ചും ചരിച്ചും ക്ലിക്കു ചെയ്തു. അവിചാരിതമായാണ് ഈ സ്നാപ് കിട്ടിയത്. ഇന്നത്തെ മാതൃഭൂമി കണ്ടപ്പോഴാണ് ഈ ഫോട്ടോവിന്റെ പ്രാധാന്യം മനസ്സിലായത്.

 15. നിസാര്‍ മാഷും ലോകപ്രശസ്തനാകുമോ? മുകളിലെ കമന്റ് കണ്ടപ്പോഴാണ് എന്നാലൊന്ന് മാദൃഭൂമി കണ്ടേക്കാമെന്ന് കരുതിയത്.

  അത്ഭുതം തന്നെയെട്ടോ.

  ഇതാ നിസാര്‍ മാഷെടുത്ത ചിത്രം
  മാതൃഭൂമി പത്രത്തിലെ ചിത്രം
  മാതൃഭൂമിയിലെ വാര്‍ത്ത വിശദമായ റിപ്പോര്‍ട്ട് സഹിതം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s