വിദ്യാരംഭം-ഒരു നല്ല തുടക്കത്തിന്

ഇന്ന് വിജയദശമി. ജ്ഞാനപ്രകാശത്തില്‍ പിഞ്ചുവിരലുകള്‍ അറിവിന്റെ ഹരിഃശ്രീ കുറിക്കുന്ന സുദിനം. വിദ്യാരംഭം. ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് ഏറ്റവും ഉത്തമമായ ദിനമെന്ന് പണ്ടു കാലം മുതലേ വിശ്വസിച്ചു പോരുന്നു. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രിവരെ ആഘോഷിക്കുന്നതിനാല്‍ ഇത് നവരാത്രി ഉത്സവം എന്നും ദശമി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ദസറ എന്നും അറിയപ്പെടുന്നു. കാലദേശഭേദമനുസരിച്ച് കാളീപൂജ, സരസ്വതീ പൂജ, എന്നെല്ലാം അറിയപ്പെടുന്നതും ഈ ഉത്സവം തന്നെ. അജ്ഞാനത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്ന മഹിഷാസുരനെ കൊന്ന് ജ്ഞാനശക്തിയുടെ മറ്റൊരു പ്രതീകമായ ദുര്‍ഗ്ഗാദേവി വിജയം കൈവരിച്ച കാലമാണ് വിജയദശമി എന്നാണ് വിശ്വാസം.

ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. ഉത്തരേന്‍ഡ്യയിലാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം. എങ്കിലും മഹിഷാസുരവാസം മൈസൂറിലായിരുന്നുവെന്ന വിശ്വാസത്തിന്മേല്‍ പ്രൊഢാഡംബരപൂര്‍ണമായ ചടങ്ങുകള്‍ ദക്ഷിണേന്‍ഡ്യയിലും നടക്കുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തില്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടന്നു വന്നിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.

‘സാര’മായ ‘സ്വ’ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയാണ് സരസ്വതി. വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക് മാറ്റി വെക്കാം. ജാതിമതഭേദമെന്യേ എല്ലാ വൈദികഗ്രന്ഥങ്ങളും മനുഷ്യനോട് ഒരു പോലെ തന്നെ അറിവ് സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. ശരിക്കും ഇതല്ലേ യഥാര്‍ത്ഥഅറിവ് ? ‘എന്താണ് ഞാന്‍’, ‘എന്താണ് എന്റെ പോരായ്മ’, ‘എന്താണ് എന്റെ ഗുണങ്ങള്‍’ ഇങ്ങനെ ഓരോരുത്തരേയും കുറിച്ച് അവരവര്‍ക്കു തന്നെ ഒരുപരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ കഴിയുമ്പോഴല്ലേ നമുക്ക് ഒരു വ്യക്തിയാകാനാവൂ. സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ അംഗീകാരക്കടലാസുകളല്ല ജ്ഞാനം എന്ന് അത്തരമൊരു ഘട്ടത്തിലേ മനുഷ്യന് മനസിലാക്കാനാവൂ. അതുവരെ മാനവദ്രോണങ്ങള്‍ തുളുമ്പിത്തെറിച്ചുകൊണ്ടിരിക്കും. മനുഷ്യമനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ തമസോമാ ജ്യോതിര്‍ഗമയാ എന്ന ശ്ലോകാര്‍ദ്ധം ഇവിടെ നമുക്കുള്ള വഴിവിളക്കായി ജ്വലിക്കട്ടെ.

ഇവിടെ വിദ്യാര്‍ത്ഥിക്കു മാത്രമല്ല അധ്യാപകനും പ്രാധാന്യമുണ്ട്. ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്നാണല്ലോ ചൊല്ല്. പക്ഷെ പുതിയ കാലഘട്ടത്തില്‍ അധ്യാപകന്‍ എന്നും തന്റെ ആവനാഴികള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ശാക്തീകരണങ്ങളിലൂടെയും അധ്യാപനക്കുറിപ്പുകളിലൂടെയും (Teaching Note) തന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഞ്ചു മണി കഴിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുന്നവരല്ലല്ലോ നമ്മള്‍. നാളത്തേക്കുള്ള നോട്ടെഴുതാന്‍, ക്ലാസ് പരീക്ഷകളുടെ പേപ്പര്‍ നോക്കാന്‍, ഒഴിവുകാലത്താണെങ്കില്‍ പരീക്ഷാപേപ്പര്‍ നോക്കാന്‍, ശാക്തീകരണകോഴ്സുകള്‍ കൂടാന്‍…(സര്‍​വ്വേ എടുക്കാന്‍) അതെ, പുറമെ നിന്നു കാണുന്നത്ര ലളിതമല്ല അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍. ഇങ്ങനെയെല്ലാമാണെങ്കിലും അധ്യാപകജോലിക്ക് ഒരു സുഖമുണ്ട്. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ ഇരിക്കാനനുവദിച്ചു കൊണ്ട് എന്നും നിന്നുകൊണ്ട് തന്റെ ഉത്തരവാദിത്വം ചെയ്യുന്നവരാണ് അധ്യാപകര്‍. ശിഷ്യന്റെ പേരിലറിയപ്പെടുന്ന ഗുരുക്കന്മാര്‍ പുരാണകാലം മുതലേ ഭാരതത്തിലുണ്ട്. ശ്രീകൃഷ്ണഗുരുവായ സാന്ദീപനിയില്‍ നിന്നു തുടങ്ങുന്ന ആ പരമ്പര ഇന്നും ജീവിക്കുന്നുണ്ട്. അത്തരമൊരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കുമാകട്ടെയെന്ന് ആശംസിക്കുന്നു.

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നവര്‍ക്ക് ആശംസകള്‍

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, General. Bookmark the permalink.

12 Responses to വിദ്യാരംഭം-ഒരു നല്ല തുടക്കത്തിന്

 1. ഇന്നലെ വടകരയിലെ വിജയന്‍ സാറിന്റെ ഒരു മെയില്‍ കണ്ടു. രണ്ട് ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്. അതില്‍ ഒരു ചോദ്യം ഇന്ന് പ്രസിദ്ധീകരിക്കുന്നു. രണ്ടാം ചോദ്യം മറ്റൊരു ദിവസത്തിലാകാം.

  ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് ഭീമന്‍ എന്നും തന്റെ രൂപം മാറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്നലെ ഗൂഗിളിന്റെ പൂമുഖത്തില്‍ പേരെഴുതിയിരുന്നത് Googlle എന്നാണ്.

  എന്താണതിന്റെ കാരണം? ഉത്തരങ്ങള്‍ താഴെ കമന്റ് ചെയ്യുമല്ലോ. ഗ്രഹനില അടക്കമുള്ള നമ്മുടെ വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് കമന്റുകള്‍ക്ക് തല്‍ക്കാലം ഒരു സ്ക്രീനിങ്ങ് ആരംഭിക്കുകയാണ്. കമന്റ് ചെയ്തു കഴിഞ്ഞ് ഒരു നിശ്ചിത ഇടവേളക്കു ശേഷമേ അവ മറ്റുള്ളവര്‍ക്കു ദൃശ്യമാവുകയുള്ളു. ഉത്തരങ്ങള്‍ Comment ചെയ്യുന്നവര്‍ ചുരുങ്ങിയത് തങ്ങളുടെ പേരും ജില്ലയുമെങ്കിലും ഉള്‍​പ്പെടുത്തുമല്ലോ.

 2. നന്നായിരിക്കുന്നു. ഇങ്ങനെ വേണം ‘മതേതരരാ’യ അധ്യാപകരും.
  “ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു.“ എല്ലാ വിദ്യാർഥികളും? എല്ലാ പണിയാളരും? ഇതും വാ‍യിക്കൂ

 3. Anonymous says:

  മനുഷ്യര്‍ പല തരക്കാരാണ്. ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം. അധ്യാപകര്‍ മതേതരസ്വഭാവമുള്ളവരാണെന്നതിന് സംശയമുണ്ടോ സത്യാന്വേഷീ? എന്റെ വിശ്വാസം ഏതായാലും അതൊരിക്കലും ഞാന്‍ എന്റെ മുന്നിലെ നിഷ്ക്കളങ്കഹൃദയങ്ങളിലേക്ക് കുത്തിനിറക്കാന്‍ ശ്രമിക്കാറില്ല. ഇതു തന്നെയാണ് മറ്റ് അധ്യാപകരുടേയും അഭിപ്രായം എന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ അനാവശ്യമായ ഒരു കൊട്ടേഷന്‍ മതേതരത്വത്തിനു കൊടുക്കണമെന്നില്ല. മുന്‍പ് ഇതേ ബ്ലോഗില്‍ ഓണസദ്യ എന്ന പോസ്റ്റില്‍ സത്യാന്വേഷി അതിനെയും നിസ്സാരവല്‍ക്കരിച്ചു കൊണ്ട് ഒരു കമന്റിട്ടിരുന്നു. ഓണം ആരുടെ ആഘോഷം എന്നതായിരുന്നു അതിലൊളിച്ചു നിന്ന ചോദ്യം. അതിനന്ന് എനിക്ക് മറുപടി പറയേണ്ടി വന്നു. ആഘോഷങ്ങള്‍ ആഘോഷിക്കാനുള്ളവയല്ലേ? അതെല്ലാം താല്പര്യമുള്ളവര്‍ ആഘോഷിക്കട്ടെ. ഉത്സവപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും വെടിക്കെട്ടു നടത്തുമ്പോള്‍ അതവന്റെ ആഘോഷമല്ലേ എന്നു പറഞ്ഞ് നമ്മളാരെങ്കിലും കണ്ണടച്ചു നില്‍ക്കുമോ? നമ്മുടെ കണ്ണുകള്‍ക്കും ഉത്സവമേകി അവ കണ്ടാനന്ദിക്കാന്‍ നാമോരുരുത്തരും ഒപ്പം കൂടില്ലേ?

  ഇത് ഒരു വിദ്യാരംഭദിനമായി കാണുന്നതിലെന്താ തെറ്റ്. ഭാരതത്തിന്റെ മൗലികാവകാശങ്ങളില്‍ ഓരോരുത്തര്‍ക്കും തന്റെ വിശ്വാസങ്ങള്‍ ആചരിക്കുവാനും ആഘോഷിക്കാനും സ്വാതന്ത്ര്യമുണ്ട്. ഈ ഒരു ദിവസത്തെപ്പോലും മതേതരം എന്ന പേരില്‍ എതിര്‍ക്കാന്‍ വെച്ചത് തെറ്റായിപ്പോയി. മുകളിലെ ലേഖനത്തെ സ്വബോധത്തോടെ വായിച്ചാല്‍ സത്യാന്വേഷിക്ക് എവിടെയെങ്കിലും ജാതീയമായ തരംതിരിവ് കാണാനാകുന്നുണ്ടോ? മതവിദ്വേഷം വളര്‍ത്തുന്ന വരികള്‍ കാണാനാകുന്നുണ്ടോ? ഈ ലേഖനം ഇന്നു പ്രസിദ്ധീകരിക്കാതെ ഒരു മാസം കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതേ അവസരം മുതലെടുത്താണല്ലോ സത്യാന്വേഷിയും ഇന്നുതന്നെ ഈ വിഷയത്തില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നത്. പത്രങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കപ്പെടാത്തതില്‍ എനിക്കും ബുദ്ധിമുട്ടുണ്ട്. പക്ഷെ എന്നെപ്പോലുള്ളവരുടെ ആ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്നു പത്രമിറക്കാന്‍ ദേശാഭിമാനി അടക്കമുള്ളവര്‍ തീരുമാനിച്ചാല്‍ അവരുടെ കീഴില്‍ ജോലി ചെയ്യുന്ന വിശ്വാസികളായ ഓരോരുത്തരും സ്വാഭാവികമായും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ അതാകും വിശ്വാസധ്വംസനം. ഒരാള്‍ക്കു വേണ്ടിയാണെങ്കില്‍​പ്പോലും പ്രിന്റിങ്ങടക്കം മാറ്റിവെച്ച ഓരോ പത്രമാനേജുമെന്റുകളുടേയും വിശാലഹൃദയതയെ അനുമോദിക്കുകയല്ലേ വേണ്ടത്?

  സത്യാന്വേഷിയുടെ ബ്ലോഗിലെ ഇന്നത്തെ ലേഖനം വായിച്ചപ്പോള്‍ ചിരിച്ചു പോയി. “അസുരന്മാര്‍,രാക്ഷസര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇന്നത്തെ അവര്‍ണരുടെ പൂര്‍വ്വപിതാക്കളെ കൊന്നൊടുക്കിയതിന്റെ വിജയാഹ്ലാദമാണ് സവര്‍ണഹിന്ദുക്കളോടൊപ്പം ഇവിടത്തെ അവര്‍ണരും ആഘോഷിക്കുന്നത് ” എന്ന ഒറ്റവരി മതി സങ്കുചിതമായ ആ മനസ് വായിച്ചെടുക്കാന്‍. ഇവിടെ ആരാണ് സവര്‍ണര്‍? ആരാണ് അവര്‍ണര്‍? എന്തടിസ്ഥാനത്തിലാണ് സത്യാന്വേഷി ഇത്തരമൊരു തരംതിരിവ് നടത്തിയിട്ടുള്ളത്? നശിച്ച ആ വേര്‍തിരിവ് മനസില്‍ നിന്ന് ഇനിയും കളയാനായില്ലേ? ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് താങ്കളുടെ വരികളിലോടുന്നത്. ഈ വിജയദശമിക്കെങ്കിലും ഈ മലീമസ ചിന്തയുപേക്ഷിച്ച് നല്ല കാര്യങ്ങള്‍ക്കായി താങ്കളുടെ നല്ല ഭാഷ ഉപയോഗിക്കാന്‍ താങ്കള്‍ ശ്രമിക്കണമെന്നേ അപേക്ഷിക്കാനുള്ളു. ഇല്ലെങ്കില്‍ ഈ കലഹചിന്ത നമ്മുടെ രാജ്യത്തെ മതേതരത്വത്തെത്തന്നെ നശിപ്പിക്കും. വിശ്വാസമുള്ളവന്‍ ആഘോഷിക്കട്ടെ. അതിനെ മറ്റുള്ളവര്‍ നിഷേധിക്കുന്നത് ശരിയോ?

  സുരേന്ദ്രനാഥ്
  Cherppulassery

 4. “ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് താങ്കളുടെ വരികളിലോടുന്നത്“. കൊള്ളാം സുരേന്ദ്രനാഥേ. ബ്രിട്ടീഷുകാർ ഇവിടെ വന്നത് ഏതു വർഷമാണെന്നാണു മാഷ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇൻഡ്യയിലെ നികൃഷ്ടമായ ജാതിവ്യവസ്ഥിതി എന്ന യഥാർഥ ‘ഭിന്നിപ്പിച്ചു ഭരിക്കലി’നെ ഭംഗിയാ‍യി മറച്ചുപിടിക്കാനുള്ള ഈ അടവ് സംഘ് പരിവാർ പ്രഭൃതികൾ വർഷങ്ങളായി പയറ്റുന്നതും ദലിത്-ബഹുജൻ ചരിത്രകാരന്മാരും എഴുത്തുകാരും പഴുതടച്ചു മറുപടി പറഞ്ഞിട്ടുള്ളതുമാണ്. ഡോ അംബേഡ്കറുടെ കൃതികളെങ്കിലും വായിച്ചുനോക്കാനുള്ള സഹിഷ്ണുതയെങ്കിലും മാഷ് കാണിക്കണം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിസ്സാര വിലയ്ക്ക് അവ അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ട്.
  അസുരന്മാരും രാക്ഷസന്മാരും അവർണരുടെ പ്രപിതാക്കളായിരുന്നു എന്ന നിരീക്ഷണവും ഡോ അംബേഡ്കറുടേതുൾപ്പെടെ മറ്റനേകം പഠനങ്ങളിൽ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. വിജയദശമിയേയും മഹാനവമിയേയും മാഷിനെപ്പോലെ ഹിന്ദു മനസുകാർ കാണുന്നപോലെ മറ്റെല്ലാവരും കണ്ടോളണമെന്നു ശഠിക്കുന്നതിലെ ഫാസിസമെങ്കിലും മനസ്സിലാക്കിയാൽ നന്ന്. എല്ലാ മതക്കാരുടെയും ഉത്സവങ്ങളെ ഒരേ നിലയിൽ കാണുകയോ മതപരമായ ചടങ്ങുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കയോ ആണു മതേതരം. അതു ചെയ്യാത്തവരെ ‘മതേതരം’ എന്നു ക്വോട്ടാതെ വയ്യ. താങ്കൾ എഴുതുന്നു:
  “….പ്രസിദ്ധീകരിക്കപ്പെടാത്തതില്‍ എനിക്കും ബുദ്ധിമുട്ടുണ്ട്. പക്ഷെ എന്നെപ്പോലുള്ളവരുടെ ആ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്നു പത്രമിറക്കാന്‍ ദേശാഭിമാനി അടക്കമുള്ളവര്‍ തീരുമാനിച്ചാല്‍ അവരുടെ കീഴില്‍ ജോലി ചെയ്യുന്ന വിശ്വാസികളായ ഓരോരുത്തരും സ്വാഭാവികമായും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും“
  ദേശാഭിമാനിയിലും മറ്റും ഹിന്ദു ‘വിശ്വാസികൾ’ മാത്രമേയുള്ളോ? മറ്റു മതക്കാരുടെ ഉത്സവം വരുമ്പോൾ ഈ ‘ഒരാൾക്കുവേണ്ടിയാണെങ്കിൽ‌പ്പോലും’ എന്ന തിയറി നടപ്പാവാത്തതെന്തേ?
  @മാത്‌സ് ടീമിനോട്:
  കമന്റ് മോഡറേഷൻ ഇത്തരമൊരു ബ്ലോഗിന് ആവശ്യമില്ലാത്തതാ‍ണ്. വേണമെങ്കിൽ അനോണികളെ ഒഴിവാക്കാം.ഇതൊരു അഭ്യർഥനയായി കണക്കാക്കണം.

 5. കമന്റുന്നവരോട്,

  വിദ്യാഭ്യാസവിഷയവുമായി ഏറെ ബന്ധപ്പെട്ട കാര്യങ്ങളേ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാറുള്ളു. അതില്‍ ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ കലരാതിരിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിക്കാറുണ്ട്. വിജയദശമിയായതിനാല്‍ അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നു മാത്രം. ഞങ്ങളുടെ ബ്ലോഗ് ടീമില്‍ എല്ലാ മതവിശ്വാസികളുമുണ്ട്. ഞങ്ങളിലാര്‍ക്കും തന്നെ യാതൊരു വിധ ദുരുദ്ദേശങ്ങളുമില്ലെന്ന് പരസ്പരം അറിയുകയും ചെയ്യാം. വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു പോകുന്ന കമന്റുകള്‍ പരമാവധി ഒഴിവാക്കുവാനും അനാവശ്യവിവാദങ്ങളൊഴിവാക്കുവാനും പരമാവധി സഹകരിക്കുമല്ലോ. സത്യാന്വേഷിയുടെ അഭ്യര്‍ത്ഥന പ്രകാരം കമന്റ് മോഡറേഷന്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നു.

 6. Anonymous says:

  സത്യാന്വേഷിയുടെ തുടര്‍ കമന്റ് പിന്നെയും വിചിത്രമാണല്ലോ. പഴയ രാക്ഷസന്മാരും അസുരന്മാരുമൊക്കെ അവര്‍ണരാണെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നോ? “നിസ്സാരവിലയ്ക്ക് ലഭിക്കുന്ന” താങ്കള്‍ വായിച്ചിട്ടുള്ള മേല്‍പുസ്തകങ്ങളുടെ സാരം എന്നമാത്രമുണ്ടെന്ന് മനസ്സിലായി. വായിക്കുന്ന പുസ്തകങ്ങള്‍ ഒരു വ്യക്തിയുടെ ബുദ്ധിയെത്തന്നെ ഒരു വൈറസ് കണക്കെ സ്വാധീനിക്കുമെന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ? സത്യാന്വേഷി ഇപ്പോഴും അവര്‍ണ സവര്‍ണ സ്പര്‍ദ്ധയില്‍ കനലൂതി പെരുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതരുതെന്ന് പറഞ്ഞ ഞാന്‍ ഹിന്ദു മനസ്സായി. സവര്‍ണഫാസിസ്റ്റായി. ഉത്തരം മുട്ടുമ്പോള്‍ പറയുന്ന ഈ സ്ഥിരം മറുപടിക്ക് പകരമെന്നോണം മറ്റെന്തെങ്കിലും പറഞ്ഞു കൂടേ? എന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സത്യാന്വേഷിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല എന്നതിനാലും ഈ നശിച്ച ജാതി പറച്ചിലിനോട് എനിക്കെതിര്‍പ്പാണെന്നുള്ളതിനാലും ഈ മലീമസചിന്തയ്ക്ക് ഞാന്‍ മറുപടി പറയുന്നില്ല. എന്റെ മുന്‍ കമന്റിലും ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രം അവശ്യം വേണ്ട ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു കൊണ്ട് പത്രമാപ്പീസിന് അവധി കൊടുക്കാറുണ്ടെന്ന് ഒരു സ്ഥിരം വരിക്കാരനെന്ന നിലയില്‍ സധൈര്യം എനിക്കു പറയാനാകും. ഭിന്നിപ്പിച്ച് ഭരിക്കുക പണ്ടുമുതലേ ഉള്ളതായിരിക്കാം. പക്ഷെ അതിനൊരു ഔദ്യോഗികപരിവേഷം വന്നത് ബ്രിട്ടീഷുകാരിലൂടെയായിരുന്നു. അതുപോലെയാണല്ലോ താങ്കള്‍ ഈ സമൂഹത്തെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്നതൊന്നായിരിന്നു എന്റെ ചോദ്യം. താങ്കള്‍ അതിനെയും വളച്ചൊടിച്ചു. കാടുകയറി. മഞ്ഞക്കണ്ണടയിലൂടെയുള്ള ഈ സത്യാന്വേഷണം ആര്‍ക്കു വേണ്ടിയെന്നാണെന്റെ ചോദ്യം ? ഇന്ന് യാതൊരു വര്‍ഗപരമായ ചേരിതിരിവില്ലാതെ എല്ലാവരും ഒരുമിച്ച് കഴിഞ്ഞുകൂടുന്ന കേരളത്തിലെ ജനങ്ങളില്‍ ഇവ്വിധം സ്പര്‍ദ്ധയുണ്ടാക്കുന്നതെന്തിന്? ഇങ്ങനെ മനുഷ്യനില്‍ മനുഷ്യനോട് എതിര്‍പ്പുണ്ടാക്കിയിട്ടെന്ത് കാര്യം? ആരാണ് താങ്കള്‍​ക്കെതിര്? എല്ലാ ആഘോഷങ്ങളിലും ജാതിമതഭേദമെന്യേ പങ്കെടുക്കണമെന്നു പറഞ്ഞ ഞാനോ? എങ്ങുമെങ്ങും തൊടാതെ ഒരു ലേഖനം പ്രസിദ്ധീകരിച്ച ബ്ലോഗ് ടീമിനെപ്പോലും മതേതരത്വത്തിനെതിരെന്ന് പറഞ്ഞ് കൊട്ടേഷന്‍ കൊടുത്ത വിഭ്രമചിന്തകള്‍ക്ക് ഇനി മറുപടി പറയാന്‍ ഞാനില്ല. ഇനി പറഞ്ഞാലും താങ്കളെന്നെ വീണ്ടും സംഘപരിവാറാക്കും. അല്ലെങ്കില്‍ സവര്‍ണഫാസിസ്റ്റാക്കും, അതുമല്ലെങ്കില്‍ “നിസ്സാരവിലയ്ക്ക് ലഭിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളിലെ” ഏതെങ്കിലും വരിയെടുത്ത് “ക്വോട്ടി” രാക്ഷസബ്രാഹ്മണനോ അസുരനമ്പൂതിരിയോ ആക്കും. അതൊതുന്നും താങ്ങാനുള്ള ശേഷി ഈയുള്ളവനില്ല “സത്യാന്വേഷീ”

  സുരേന്ദ്രനാഥ്
  Cherppulassery

 7. Anonymous says:

  സത്യാന്വേഷി പറഞ്ഞതും കേട്ട് അനോണികള്‍ക്ക് കമന്റാനുള്ള സ്വാതന്ത്യം കൂടി എടുത്തു കളയാതിരുന്ന ബ്ലോഗ് ടീമിന് അഭിവാദനങ്ങള്‍!

  സുരേന്ദ്രനാഥ്

 8. സുരേന്ദ്രനാഥൻ മാഷേ,
  ബ്ലോഗ് ടീമിന്റെ അഭ്യർഥന മാനിച്ച് ഈ ചർച്ച ഇവിടെ ഞാനും അവസാനിപ്പിക്കുന്നു. താങ്കൾ ദയവായി സത്യാന്വേഷിയുടെ ബ്ലോഗിൽ കമന്റുക. താങ്കൾ പറയുന്നതാണു ശരിയെങ്കിൽ അതു സ്ഥാപിക്കാൻ അവിടെ തീർച്ചയായും അനുമതിയും സ്ഥലവും ഉണ്ടാകും. സംവാദത്തിൽ ഇങ്ങനെ വിറളി പിടിക്കേണ്ട കാര്യമില്ല നാം രണ്ടാളും. സംവാദത്തിലൂ‍ടെ ശരിതെറ്റുകൾ മറ്റുള്ളവർക്കും വിലയിരുത്താനാകുമല്ലോ! ഈ ബ്ലോഗിന്റെ സ്ഥലം ഇതിനായി ഉപയോഗിച്ചതിൽ മാത്‌സ് ടീമിനു ബുദ്ധിമുട്ടാ‍യെങ്കിൽ ദയവായി ക്ഷമിക്കുക. ഈ വഴി വരാതിരിക്കാൻ പരമാവധി ശ്രമിക്കാം. വന്നാൽ, ഇമ്മാതിരി വല്ലതും കണ്ടാൽ ചിലപ്പോൾ പ്രതികരിച്ചെന്നിരിക്കും.
  കമന്റ് മോഡറേഷൻ ഒഴിവാക്കിയതിനു നന്ദി. ഈ ബ്ലോഗിൽ അനോണികളെ ഒഴിവാക്കാൻ സാധിക്കില്ല. അതു മറന്നു.

 9. hibhs says:

  Thank You for this attempt

 10. ഒരുകാര്യം വീണ്ടും മറന്നു: സുരേന്ദ്രൻ മാഷിനെ സംവാദത്തിനു ക്ഷണിച്ചെങ്കിലും സത്യാന്വേഷി, അനോണികളെ അനുവദിക്കില്ല എന്ന കാര്യം പറയാൻ. അല്ലാത്തവർക്ക് അതിൽ കമന്റാം. മോഡറേഷനൊന്നുമില്ല.

 11. dear friends, I posted a question 3 days back about the home page of google .but nobody was interested to check the qn. why?
  all are interested only to comment about other things only. Is nobody searching the answer?Or the qn is not fit for this blog?
  any way I must answer my qn.
  On sept 28 ,google and the google lovers celebrated its 11 th birthday and the home page become “GOOG11E”.
  Iam sure on its 111 th birthday the home page of google is” GOOG111E” which falls in 2109.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s