ഗലീലിയോ ഗലീലി Galilio Galilei

നമ്മുടെ ബ്ലോഗിന്റെ ഒരു കൊച്ചു വായനക്കാരിയാണ് ആറാം ക്ലാസ്സുകാരി ഹനീന്‍. ഇന്നലെയും ഇന്നുമായി തൃശൂര്‍ ജില്ലയിലെ എറിയാട് ഗവ.കേരളവര്‍മ്മ ഹൈസ്കൂളില്‍ വെച്ചുനടക്കുന്ന വിജ്ഞാനോത്സവത്തില്‍ അവതരിപ്പിക്കേണ്ട പ്രബന്ധത്തിന്, ഗലീലിയോയെക്കുറിച്ചുള്ള വിവരങ്ങളാണ് കക്ഷിയുടെ ആവശ്യം!ടെലസ്കോപ്പിന്റെ നാന്നൂറാം വര്‍ഷത്തില്‍ അതിന്റെ ഉപജ്ഞാതാവിന്റെ ജീവിതരേഖ പ്രസിദ്ധീകരിക്കുകയാണിവിടെ…
പേര് : ഗലീലിയോ ഗലീലി

ജനനം : ഫെബ്രുവരി 15 1564(1564-02-15) ഇറ്റലിയിലെ പിസ
മരണം : ജനുവരി 8 1642 (എഴുപത്തേഴാം വയസ്സില്‍.)
പ്രധാന പ്രവര്‍ത്തനമേഖല : ജ്യോതിശാസ്ത്രം, ഫിസിക്സ്, ഗണിതം
പഠനം : പിസാ യൂണിവേഴ്സിറ്റി
പ്രധാന പ്രശസ്തി : ടെലസ്കോപ് , സൌരയൂഥം
മതം : ക്രിസ്ത്യന്‍ (റോമന്‍ കാത്തലിക്)

ഗലീലിയോ ഗലീലി ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.

ഇറ്റലിയിലെ പിസ്സയില്‍ 1564-ല്‍ ജനിച്ച ഗലീലിയോ ഒരു ഗണിതജ്ഞനായ കച്ചവടക്കാരന്റെ മകനായിരുന്നു. സംഗീതത്തിലും ചിത്രമെഴുത്തിലും തല്പരനായിരുന്ന ഈ കുട്ടി ശാസ്ത്രീയ കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടിക്കാലത്ത് കളിച്ചു. നിരീക്ഷണശീലം അന്നേയുണ്ടായിരുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നേരത്ത് പള്ളിയില്‍ ചങ്ങലയില്‍ തൂങ്ങിയ തട്ടില്‍ മെഴുകുതിരി കത്തിക്കുന്നത് കണ്ടു. വിട്ടപ്പോള്‍ ചങ്ങല ആടുകയുണ്ടായി. കൂടുതല്‍ നേരം ആടുമ്പോള്‍ ആടുന്ന ദൂരം കുറഞ്ഞുവരുന്നത് ഗലീലിയോ ശ്രദ്ധിച്ചു. ദൂരം കുറയുമെങ്കിലും ആട്ടത്തിനെടുക്കുന്ന സമയം കുറയുന്നില്ലെന്ന് തോന്നി. അന്നു സമയം നോക്കാന്‍ വാച്ചില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കാന്‍ നാഡിമിടിപ്പുകള്‍ എണ്ണിനോക്കി. തന്റെ ആശയം ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് വച്ചുകൊണ്ടാണ് അദ്ദേഹം പെന്‍ഡുലം നാഴികമണി വികസിപ്പിച്ചെടുത്തത്.
വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാന്‍ ആഗ്രഹിച്ചു, നടന്നില്ല. വൈദ്യശാസ്‌ത്രം പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെ പഠനമുപേക്ഷിച്ച്‌ സര്‍വകലാശാല വിട്ടു.പിസ്സ സര്‍വ്വകലാശാലയില്‍ (ബിരുദമില്ലാതെ) അദ്ദേഹമൊരു പ്രൊഫസ്സറായി. അദ്ദേഹം നല്ലൊരദ്ധ്യാപകനായിരുന്നു. നല്ലപ്രായം മുഴുവന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ പിന്തുടര്‍ന്നു. അവിഹിതബന്ധത്തില്‍ മൂന്ന്‌ കുട്ടികള്‍ ജനിച്ചു. പക്ഷേ, പിതാവിന്റെ എല്ലാ ബാധ്യതകളും ചുമതലകളും ഒരു ലോഭവും കൂടാതെ മക്കള്‍ക്ക്‌ വേണ്ടി നിര്‍വഹിച്ചു. അധികാരവര്‍ഗവുമായി എന്നും സൂക്ഷിച്ച അടുപ്പം, തന്റെ നിരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അംഗീകാരം നേടിക്കൊടുക്കുന്നതിന്‌ കൂടി ഫലപ്രദമായി ഉപയോഗിച്ചു.

ഭാരം കുറഞ്ഞതും കൂടിയതുമായ രണ്ട് വസ്തുക്കള്‍ മുകളില്‍ നിന്നിട്ടാല്‍ ഭാരം കൂടിയത് ആദ്യം വീഴുമെന്ന ധാരണ തെറ്റാണെന്നദ്ദേഹം തെളിയിച്ചു. പിസ്സയിലെ ചരിയുന്ന ഗോപുരത്തില്‍ നിന്ന് അദ്ദേഹം 100 റാത്തലും 1 റാത്തലും തൂക്കമുള്ള രണ്ട് സാധനങ്ങള്‍ ഒരേസമയം താഴേയ്ക്കിട്ടു. പരീക്ഷണം കാണാന്‍ ധാരാളം ജനങ്ങള്‍ കൂടിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് സാധനങ്ങളും ഒരേ സമയം താഴെ വീണു

1585-ല്‍ വൈദ്യശാസ്ത്ര ബിരുദം നേടാതെ സര്‍വകലാശാല വിട്ടു. ഫ്‌ളോറന്‍സില്‍ തിരിച്ചെത്തിയ ഗലീലിയോ ജീവിതവൃത്തിക്കായി ഗണിതം, പ്രാകൃതിക തത്വശാസ്ത്രം(നാച്ചുറല്‍ ഫിലോസൊഫി) തുടങ്ങിയ വിഷയങ്ങളില്‍ സ്വകാര്യ ട്യൂഷനെടുത്തു. അന്ന് പ്രാകൃതിക തത്വശാസ്ത്രം എന്നറിയപ്പെട്ട ശാസ്ത്രശാഖയാണ് പിന്നീട് ഭൗതികശാസ്ത്രം(ഫിസിക്സ്) ആയി മാറിയത്. ഇക്കാലത്ത് അദ്ദേഹം ഈ വിഷയത്തില്‍ ഒട്ടേറെ പരീക്ഷണ-ഗവേഷണങ്ങള്‍ നടത്തി.

അക്കാലത്ത്‌ ‘ചാരക്കണ്ണാടി’ (spyglass) എന്ന്‌ അറിയപ്പെട്ടിരുന്ന ദൂരദര്‍ശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സ്വര്‍ഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയന്‍ സങ്കല്‍പ്പത്തിന്‌ നില്‍ക്കക്കള്ളിയില്ലാതായി.

ചാരക്കണ്ണാടിയെക്കുറിച്ച്‌ ഗലീലിയോ കേള്‍ക്കുന്നത്‌, 1609 ജൂലായില്‍ വെനീസ്‌ സന്ദര്‍ശിക്കുന്ന വേളയിലാണ്‌. ദൂരെയുള്ള വസ്‌തുക്കള്‍ അടുത്തു കാണാന്‍ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ്‌ ഗലീലിയോ ആദ്യം ചിന്തിച്ചത്‌. ചാരക്കണ്ണാടിയെ തനിക്ക്‌ ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസില്‍ കഴിയുമ്പോള്‍, ആഗസ്‌തില്‍, ഒരു ഡച്ചുകാരന്‍ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തില്‍ പാദുവയില്‍ എത്തുമ്പോഴേക്കും ഡച്ചുകാരന്‍ അവിടംവിട്ട്‌ വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിര്‍മിക്കാന്‍ തീരുമാനിച്ചത്‌ അങ്ങനെയാണ്‌. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ്‌ വെച്ചുകൊണ്ടുതന്നെ അതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ദൂരദര്‍ശിനി 24 മണിക്കൂറിനുള്ളില്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ്‌ ശേഷിയുള്ള ദൂരദര്‍ശിനി നിര്‍മിച്ച്‌ വെനീസിലെത്തി സെനറ്റിന്‌ മുന്നില്‍ അത്‌ പ്രവര്‍ത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വന്‍വിജയമായി. വെനീസ്‌ രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവര്‍ഷം ആയിരം ക്രൗണ്‍ ആയി വര്‍ധിപ്പിച്ചു. ആ ഒക്ടോബറില്‍ ദൂരദര്‍ശിനി യുമായി ഫ്‌ളോറന്‍സിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ കോസിമോ രണ്ടാമന്‍ പ്രഭുവിന്‌ മുന്നില്‍ ആ ഉപകരണത്തിന്റെ സവിശേഷതകള്‍ ഗലീലിയോ കാട്ടിക്കൊടുത്തു.

അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക്‌ തോന്നിയിരുന്നില്ല; കോസിമോ രണ്ടാമന്‍ പ്രഭുവിന്‌ അതുപയോഗിച്ച്‌ ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗര്‍ത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ്‌ ശേഷിയുള്ള ദൂരദര്‍ശിനി നിര്‍മിക്കുന്നതില്‍ ഗലീലിയോ വിജയിച്ചു. നവംബര്‍ 30-ന്‌ പാദുവയില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിന്‌ പിന്നിലെ പൂന്തോട്ടത്തിലേക്ക്‌ ദൂരദര്‍ശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദര്‍‍ശിനി അന്ന്‌ ചന്ദ്രന്‌ നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച്‌ ചെയ്യാനും തുടങ്ങി… അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ്‌ മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട്‌ ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത്‌ ആ രാത്രിയാണ്‌.

1610 ജനവരി ഏഴ്‌. ആഴ്‌ചകളായി ഗലീലിയോ രാത്രിയെ പകലാക്കുകയായിരുന്നു, ആകാശനിരീക്ഷണത്തിന്‌. അതുവരെ കാണാതിരുന്ന മൂന്ന്‌ നക്ഷത്രങ്ങള്‍ അന്ന്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. വ്യാഴത്തിന്‌ സമീപത്തായിരുന്നു അവ. ആകാശഗംഗയിലെ പ്രകാശധോരണി നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണെന്ന്‌ കണ്ടിരുന്നതിനാല്‍, പുതിയതായി മൂന്ന്‌ നക്ഷത്രങ്ങളെ കണ്ടതില്‍ എന്തെങ്കിലും പ്രത്യേകത അദ്ദേഹത്തിന്‌ ആദ്യം തോന്നിയില്ല. ‘വലിപ്പക്കുറവ്‌ മൂലം നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത മൂന്ന്‌ നക്ഷത്രങ്ങളെ ഇന്ന്‌ കണ്ടു’വെന്ന്‌ ഒരു കത്തില്‍ ഗലീലിയോ എഴുതി. കണ്ടതിനെക്കുറിച്ച്‌ അദ്ദേഹം കുറിച്ചുവെച്ചു; മൂന്നു നക്ഷത്രങ്ങളില്‍ രണ്ടെണ്ണം വ്യാഴത്തിന്‌ കിഴക്കും ഒരെണ്ണം പടിഞ്ഞാറും.

വ്യാഴവും പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന്‌ വൈകിട്ടും വ്യാഴത്തിന്‌ നേരെ ഗലീലിയോ ദൂരദര്‍ശനി തിരിച്ചു. ഇത്തവണ മൂന്ന്‌ നക്ഷത്രങ്ങളും വ്യാഴത്തിന്‌ പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത്‌ വ്യാഴം കിഴക്കോട്ടാണ്‌ പരിക്രമണം ചെയ്യുന്നത്‌ എന്നാണ്‌, പിന്നെയെങ്ങനെ താന്‍ കണ്ടത്‌ സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന്‌ വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട്‌ നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന്‌ ഗലീലിയോയ്‌ക്ക്‌ മനസിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത്‌ തോതിലാണ്‌, വ്യാഴം എങ്ങനെ ചലിച്ചാല്‍ ഇത്‌ സാധിക്കും എന്ന്‌ മനസിലാക്കാന്‍ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോള്‍ ഗലീലിയോയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ്‌ ചലിക്കുന്നത്‌ !

നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം-ഇവയാണ്‌ ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന്‌ ലോകത്തിന്‌ ആദ്യമായി കാട്ടിക്കൊടുത്തത്‌ ഗലീലിയോ ആണ്. ‘പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത്‌ ഗണിതസമവാക്യങ്ങളാലാണെ’ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയില്‍ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങള്‍ ഏതാണെന്ന്‌ ലോകത്തിന്‌ പറഞ്ഞു കൊടുത്ത സാക്ഷാല്‍ ഐസക്‌ ന്യൂട്ടണ്‍ പോലും ഗലീലിയോ നിര്‍മിച്ച അടിത്തറയില്‍ നിന്നാണ്‌ ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്‌. നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന്‌ മുന്നേറാന്‍ കഴിയൂ എന്ന്‌ ഗലീലിയോ തന്റെ ജീവിതംകൊണ്ട്‌ തെളിയിച്ചു. താരാപഥത്തിലെ പല ഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.

കോപ്പര്‍നിക്കസ്സിന്റെ ദര്‍ശനങ്ങളില്‍ പലതും അദ്ദേഹം സമര്‍ത്ഥിച്ചുകാണിച്ചു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലന്നും സൗരയൂഥത്തിലെ ഒരു ഗോളമാണെന്നും കോപ്പര്‍നിക്കസ്സ് പറഞ്ഞിരുന്നു. ഗലീലിയോ അത് ആദ്യമായി തെളിയിച്ചു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും അദ്ദേഹം വാദിച്ചു. ഈ ദര്‍ശനങ്ങള്‍ ചേര്‍ത്ത് അദ്ദേഹം ഒരു പുസ്തകം രചിച്ചു.

പാദുവ വിടുന്ന സമയത്ത്‌ ശനി ഗ്രഹത്തിന്‌ എന്തോ ഒരു അസാധാരണത്വം ഗലീലിയോ നിരീക്ഷിച്ചിരുന്നു. അത്‌ ശനിയുടെ വലയങ്ങളാണെന്ന്‌ വ്യക്തമാകാന്‍ ലോകം ക്രിസ്‌ത്യാന്‍ ഹൈജന്‍സിന്റെ വിശദീകരണം ലഭിക്കും വരെ കാക്കേണ്ടിയിരുന്നു. ഫ്ളോറന്‍സില്‍ വച്ചായിരുന്നു ഗലീലിയോ സൂര്യകളങ്കങ്ങള്‍ നിരീക്ഷിച്ചത്. എന്നാല്‍ മറ്റു ചില ശാസ്ത്രജ്ഞന്മാര്‍ ഗലീലിയോയ്ക്കും മുന്‍പേ അതു കണ്ടെത്തിയിരുന്നു.

മതത്തിന്റെ പല വിശ്വാസങ്ങളെയും അദ്ദേഹം ഖണ്ഡിച്ചതിനാല്‍ പള്ളിക്ക് അദ്ദേഹത്തോട് വിദ്വേഷം തോന്നി. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. തന്റെ ദര്‍ശനങ്ങള്‍ തെറ്റാണെന്ന് പറഞ്ഞാല്‍ മാപ്പ് കൊടുക്കാമെന്നും അവര്‍ അറിയിച്ചു. അതിനു വേണ്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘ ഞാന്‍ നിങ്ങളുടെ കൈയ്യിലാണ്. ദൈവത്തിനു മാത്രം സത്യമറിയാം. എന്നാല്‍ ഭൂമി സൂര്യനു ചുറ്റും കറങ്ങുകയാണെന്ന് എനിക്കറിയാം’.

1613-ല്‍ സൂര്യകളങ്കങ്ങളെപ്പറ്റി രചിച്ച ഗ്രന്ഥം (Letters on Sunspots) ലിന്‍സിയന്‍ അക്കാദമി പ്രസിദ്ധീകരിച്ചു. അതിന്റെ ആമുഖത്തില്‍ സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത്‌ ഗലീലിയോ ആണെന്ന്‌ ചേര്‍ത്തത്‌ ജസ്യൂട്ട്‌ വാനശാസ്‌ത്രജ്ഞന്‍ ക്രിസ്‌റ്റഫര്‍ ഷീനറുമായി കഠിനമായ സ്‌പര്‍ദയ്‌ക്കിടയാക്കി.

റോമിന്റെ വിലക്ക്‌ കാരണം സ്വാഭാവികമായും ഗലീലിയോയുടെ ഗ്രന്ഥം ഇറ്റലിയില്‍ പ്രസിദ്ധീകരിക്കുക സാധ്യമായിരുന്നില്ല. രഹസ്യമായി കടത്തി ആ ഗ്രന്ഥം, കത്തോലിക്കക്കാര്‍ക്ക്‌ സ്വാധീനമില്ലാത്ത പ്രൊട്ടസ്റ്റന്റ്‌ ഹോളണ്ടിലെ ലെയ്‌ദനിലാണ്‌ 1938-ല്‍ പ്രസിദ്ധീകരിച്ചത്‌. ശാസ്‌ത്രത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍, ഇറ്റലിയിലൊഴികെ യൂറോപ്പിലെങ്ങും വലിയ സ്വാധീനം ആ ഗ്രന്ഥം ചെലുത്തി. നവോത്ഥാനത്തിന്റെ തുടക്കത്തില്‍ ഗലീലിയോയെപ്പോലൊരു മഹാപ്രതിഭയ്‌ക്ക്‌ ജന്മംനല്‍കാന്‍ മാത്രം കരുത്തുണ്ടായിരുന്ന ഇറ്റലി, കണ്ടുപിടിത്തങ്ങളുടെയും ഗവേഷണത്തിന്റെയും കാര്യത്തില്‍ യൂറോപ്പിലെ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ പിന്നീട്‌ പിന്തള്ളപ്പെട്ടതിന്‌ ഒരു പ്രധാനകാരണം, കത്തോലിക്കസഭ ഗലീലിയോയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ അയവില്ലാത്ത വിലക്കായിരുന്നു.

1637-ഓടുകൂടി അദ്ദേഹത്തിന്റെ കാഴ്ച്ച നശിച്ചു. 1638 മുതല്‍ വിന്‍സെന്‍സിയോ വിവിയാനി എന്നയാള്‍ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്‌. ഗലീലിയോയെക്കുറിച്ച്‌ പില്‍ക്കാലത്ത്‌ പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സൃഷ്ടാവ്‌ വിവിയാനിയാണ്‌. 1642ല്‍ മഹാനായ ആ ശാസ്ത്രജ്ഞന്‍ അന്തരിച്ചു.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, General. Bookmark the permalink.

3 Responses to ഗലീലിയോ ഗലീലി Galilio Galilei

 1. Anonymous says:

  Length of the article is too high. Try to reduce it always.

 2. Anonymous says:

  When a body is thrown vertically up ,it reaches to a definite height and returns to the point of projection with the same initial velocity of projection.The time taken for the upward journey is equal to the time taken for the downward journey.We can easily prove this statement MATHEMATICALLY using equations of motion as well as differential calculus. This is experiently proved hundreds of yeas ago by the followrs of Gelielio …..Let us try to prove this mathematically
  JOHN P A

 3. JOHN P A says:

  Have you proved this ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s