ശ്രീനിവാസ രാമാനുജന്‍

ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍ (December 22, 1887 – April 26, 1920) ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞനാണ്. ആധുനിക കാലഘട്ടത്തിലെ പ്രമുഖനായ ഒരു ഗണിത ശാസ്ത്രജ്ഞനായാണ് അദ്ദേഹത്തെ കരുതുന്നത്. ആധുനിക ഭാരതം ലോകത്തിന്‌ സംഭാവന ചെയ്‌ത ഏറ്റവും മിടുക്കനായ ഗണിതപ്രതിഭയായിരുന്നു ശ്രീനിവാസ രാമാനുജന്‍. 32 വര്‍ഷത്തെ ഹ്രസ്വജീവിതത്തിനിടെ രാമാനുജന്‍ ഗണിച്ചുവെച്ച കണക്കുകളെ ലോകം തികഞ്ഞ ആദരവോടെയും അത്ഭുതത്തോടെയുമാണ്‌ ഇന്നും സമീപിക്കുന്നത്‌.
തമിഴ്‌നാട്ടില്‍ ഈറോഡിലെ ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ 1887 ഡിസംബര്‍ 22-ന്‌ ശ്രീനിവാസ രാമാനുജന്‍ ജനിച്ചു. അച്ഛന്‍ ശ്രീനിവാസ അയ്യങ്കാര്‍ തുണിക്കടയില്‍ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാള്‍. രാമാനുജനു താഴെ അഞ്ചു മക്കള്‍കൂടി. സ്‌കൂളില്‍ വെച്ചേ ഗണിതമായിരുന്നു രാമാനുജന്‌ കൂട്ട്‌.
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിത പഠനം തുടര്‍ന്നു. സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ല്‍ കുംഭകോണം ഗവണ്‍മെന്റ്‌ കോളേജില്‍ ചേര്‍ന്നു. ഗണിതത്തില്‍ മാത്രമായിരുന്നു രാമാനുജന്റെ ശ്രദ്ധ. അതിനാല്‍‌ വിഷയങ്ങള്‍ക്കെല്ലാം തോറ്റു. സ്‌കോളര്‍ഷിപ്പ്‌ നഷ്‌ടമായി.
1906-ല്‍ മദ്രാസ്‌ പച്ചയ്യപ്പാസ്‌ കോളേജില്‍ ചേര്‍ന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ്‌ വിഷയങ്ങളില്‍ തോറ്റു. മദ്രാസ്‌ സര്‍വകലാശാലയില്‍ ചേരുകയെന്ന സ്വപ്‌നം പൊലിഞ്ഞു.
1909 ജൂലായ്‌ 14-നായിരുന്നു വിവാഹം. ഭാര്യ ജാനകിക്ക്‌ അന്ന്‌ പത്തു വയസ്സ്‌. ജോലി കിട്ടാതെ നിവൃത്തിയില്ല എന്ന സ്ഥിതി വന്നു.
ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അടങ്ങിയ, ജി.എസ്‌.കാര്‍ രചിച്ച, `സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസള്‍ട്ട്‌സ്‌ ഇന്‍ പ്യുവര്‍ മാത്തമാറ്റിക്‌സ്‌’ (Synopsis of elementary results in pure mathematics)എന്ന ഗ്രന്ഥം സ്‌കൂള്‍ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു.
പ്രഗത്ഭരായ ഗണിതജ്ഞര്‍ക്കു മാത്രം നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയുന്ന ആ പ്രശ്‌നങ്ങള്‍, ഗണിതശാസ്‌ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജന്‍ ഒന്നൊന്നായി പരിഹരിച്ചു പോന്നു. ഉത്‌കൃഷ്‌ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്‌തകം പ്രശസ്‌തമായതു തന്നെ രാമാനുജനിലൂടെയാണ്‌.
കോളേജ്‌ പഠനം മുടങ്ങുമ്പോഴും ആ പുസ്‌തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികള്‍ ഒന്നൊന്നായി രാമാനുജന്‍ കണ്ടെത്തി. `പൈ’ യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചു (പൈയുടെ മൂല്യം വേഗത്തില്‍ നിര്‍ണയിക്കാനുള്ള കമ്പ്യൂട്ടര്‍ `ആല്‍ഗരിത’ത്തിന്‌ അടിസ്ഥാനമായത്‌ ഈ കണ്ടുപിടുത്തമാണ്‌).
അക്കാലത്താണ്‌ ‘ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി’ നിലവില്‍ വരുന്നത്‌. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണല്‍ പ്രസിദ്ധീകരിച്ചത്‌ രാമാനുജന്‌ പ്രശസ്‌തി നേടിക്കൊടുത്തു.
1912 ജനവരി 12-ന്‌ രാമാനുജന്‌ മദ്രാസ്‌ അക്കൗണ്ട്‌സ്‌ ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. ആ മാര്‍ച്ച്‌ ഒന്നു മുതല്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ഓഫീസിലായി ജോലി.പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ സര്‍ ഫ്രാന്‍സിസ്‌ സ്‌പ്രിങും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പു മേധാവി ഡോ.ഗില്‍ബര്‍ട്ട്‌ വാക്കറും ഉന്നതപഠനത്തിന്‌ രാമാനുജന്‌ സഹായവുമായെത്തി.
അവരുടെ പ്രേരണയാല്‍, പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന കേംബ്രിഡ്‌ജിലെ ജി.എച്ച്‌.ഹാര്‍ഡിക്ക്‌ രാമാനുജനയച്ച കത്ത്‌, അദ്ദേഹത്തിന്റെ ജീവതത്തില്‍ വഴിത്തിരിവായി. ലണ്ടനിലേക്ക്‌ രാമാനുജനെ ഹാര്‍ഡി ക്ഷണിച്ചു.
1914 ഏപ്രില്‍ 14-ന്‌ രാമാനുജന്‍ ലണ്ടനിലെത്തി. ഹാര്‍ഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാം. അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളില്‍ ഇളവു നല്‍കി 1916 മാര്‍ച്ച്‌ 16-ന്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല രാമാനുജന്‌ `ബാച്ചിലര്‍ ഓഫ്‌ സയന്‍സ്‌ ബൈ റിസേര്‍ച്ച്‌ ബിരുദം’ നല്‍കി (ഡോക്‌ടറേറ്റിന്‌ തുല്യമാണ്‌ ഈ ബിരുദം).
1918 ഫിബ്രവരി 18-ന്‌ റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്‌ ലഭിച്ചു. ആ ബഹുമതിക്ക്‌ അര്‍ഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജന്‍. ആ ഒക്‌ടോബറില്‍ തന്നെ കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജ്‌ ഫെലോ അയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ആ സ്ഥാനത്ത്‌ എത്തുകയായിരുന്നു.
പ്രതികൂല കാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാല്‍ 1919 ഫിബ്രവരി 27-ന്‌ രാമാനുജന്‍ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത്‌ . 1920 ഏപ്രില്‍ 26-ന്‌ അദ്ദേഹം അന്തരിച്ചു.
മരണത്തോട്‌ മല്ലിടുമ്പോഴും പുതിയ ഗണിതരഹസ്യങ്ങള്‍ രാമാനുജന്‍ തേടിക്കൊണ്ടിരുന്നു. മരണശയ്യയില്‍ കിടന്നു വികസിപ്പിച്ച പ്രമേയങ്ങള്‍ അദ്ദേഹം ഹാര്‍ഡിക്ക്‌ അയച്ചുകൊടുത്തു. രാമാനജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങള്‍ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകള്‍ വെച്ച്‌ പല ശാസ്‌ത്രജ്‌ഞരും പുതിയ തിയറങ്ങള്‍ വികസിപ്പിച്ചു.
രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകള്‍ വികസിപ്പിച്ച ബ്രൂസ്‌ സി.ബെര്‍ട്‌, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അവ 12 വാല്യങ്ങളായാണ്‌ പ്രസിദ്ധീകരിച്ചത്‌. ചെന്നൈയിലെ റോയപുരത്ത്‌ ഇപ്പോള്‍ രാമാനുജന്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നു. 1993-ലാണ്‌ അത്‌ സ്ഥാപിക്കപ്പെട്ടത്‌. ഗണിത ശാസ്ത്രത്തില്‍ ഗുണനങ്ങളേക്കുറിച്ചുള്ള മേഖലയിലാണ്‌ രാമനുജന്റെ സംഭാവനകളിലധികവും.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in General. Bookmark the permalink.

3 Responses to ശ്രീനിവാസ രാമാനുജന്‍

 1. Anonymous says:

  All the best 4 ur Maths Blog !!
  Core Subject Teachers co-ordination

 2. Anonymous says:

  dear sirs,
  congrats & best wishes for your good effort.
  will you please post some helping works to teach tangents(std X)by using kig software?

 3. muthu maala says:

  രാമാനുജന്‍ എന്നാ അതുല്യ പ്രതിഭയെ അടുത്തറിയാന്‍ ഈ കുറിപ്പ്‌ സഹായകമാണ്. വൈകിയെങ്കിലും അദ്ദേഹത്തിന്റെ ജന്‍മദിനം ദേശീയഗണിത ശാസ്ത്ര ദിനമായി ആചരിക്കാനുളളതീരുമാനം അഭിനന്ദനാര്‍ഹമാണ്.
  ബാവ.കെ. പാലുകുന്ന്. വയനാട്‌

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s